കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലോസ് ഏഞ്ചല്‍സില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 59 പേര്‍. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ട സ്ഥാനത്താണ് ഇത്തവണ 59 പേര്‍ കൊല്ലപ്പെട്ടിരിക്കുന്നതെന്ന് ലോസ് ഏഞ്ചല്‍സ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കിടയിലുണ്ടായ വെടിവെപ്പ് അതിക്രമങ്ങളെക്കുറിച്ച് ലോസ് ഏഞ്ചല്‍സ് പോലീസ് മേധാവി മൈക്കല്‍ മൂര്‍ ഒരു ട്വീറ്റില്‍ പറഞ്ഞു.

സംഘര്‍ഷത്തില്‍ ഇടപെടുന്നതില്‍ പോലീസ് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് പോലീസിനോട് പൂര്‍ണ്ണമായും സഹകരിക്കണമെന്ന് സമൂഹത്തോടും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും മൂര്‍ ട്വീറ്റില്‍ പറഞ്ഞു. നിലവില്‍ വെടിവെപ്പുമായി ബന്ധപ്പെട്ട് 105 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 130 വെടിക്കോപ്പുകള്‍ കണ്ടെത്തി. ലോസ് ഏഞ്ചല്‍സ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് കുറ്റകൃത്യങ്ങളുടെ കണക്ക് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് പോലീസ് മേധാവിയും ഇതുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തത്.

2021 ന്റെ തുടക്കത്തില്‍ത്തന്നെ 68 വെടിവെപ്പുകളിലായി 24 മനുഷ്യക്കുരുതികളാണ് നടന്നത്. സൗത്ത് എല്‍എയിലെ നരഹത്യകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 150 ശതമാനം വര്‍ധിച്ചതായും പ്രദേശത്ത് വെടിയേറ്റവരുടെ എണ്ണം 742 ശതമാനം വര്‍ധിച്ചതായും എല്‍എപിഡി ഞായറാഴ്ച ട്വീറ്റ് ചെയ്തു. 2019 ല്‍ 253 നരഹത്യകളും 2018 ല്‍ 260 നരഹത്യകളും രേഖപ്പെടുത്തിയിട്ടുണ്ട്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here