പി പി ചെറിയാന്‍ 

ടെക്‌സസ്: നിയമ വിരുദ്ധമായി അമേരിക്കയില്‍ നുഴഞ്ഞു കയറിയവരേയും ഗുരുതര കുറ്റകൃത്യങ്ങളുടെ പേരില്‍ കോടതി ശിക്ഷിച്ച കുടിയേറ്റക്കാരേയും യുഎസില്‍ നിന്നും പുറത്താക്കുന്നത് നൂറു ദിവസത്തേക്ക് മരവിപ്പിച്ച ബൈഡന്റെ ഉത്തരവിന് താല്‍ക്കാലിക സ്റ്റേ. ടെക്‌സസ് ഫെഡറല്‍ ജഡ്ജ് ഡ്രു ടിപ്റ്റനാണ് സ്റ്റേ ഉത്തരവിറക്കിയത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റിക്കെതിരെ ടെക്‌സസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്‌സറ്റണ്‍ സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചാണ് ഉത്തരവ്.

ടെക്‌സസിലെ സതേണ്‍ ഡിസ്ട്രിക്ക് യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ജഡ്ജിയായി ഡ്രു ടിപ്റ്റനെ നിയമിച്ചത് പ്രസിഡന്റ് ട്രംപായിരുന്നു. ബൈഡന്‍ പ്രസിഡന്റായി സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്ത ആദ്യ ദിനം പുറത്തിറക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവിലെ ഈ സുപ്രധാന തീരുമാനത്തിന് സ്റ്റേ നല്‍കിയത് ബൈഡന്‍-കമല ഹാരിസ് ടീമിനേറ്റ കനത്ത പ്രഹരമായിരുന്നു.

ഡിപ്പോര്‍ട്ടേഷന്‍ മരവിപ്പിച്ചുകൊണ്ടു ബൈഡന്‍ ഭരണകൂടത്തിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് നിയമ വിധേയമല്ല. എന്നു മാത്രമല്ല, മില്യണ്‍ കണക്കിന് ഡോളര്‍ വര്‍ഷം തോറും നിയമ വിരുദ്ധ കുടിയേറ്റക്കാരുടെ ക്ഷേമത്തിനായി ടെക്‌സസ് സംസ്ഥാനം ചില വഴിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ഇവരെ ഡിപോര്‍ട്ട് ചെയ്യാന്‍ സംസ്ഥാനം സ്വീകരിച്ച നടപടികള്‍ തെറ്റാണെന്ന് വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്നും ജഡ്ജി പറഞ്ഞു. ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ഡേവിഡ് പെക്കോസ്‌ക്കയോടു ഡിപോര്‍ട്ടേഷന്‍ മരവിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് 14 ദിവസത്തേക്ക് നിര്‍ത്തി വെക്കണമെന്നും ജഡ്ജി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വിധിയെകുറിച്ചു ഹോംലാന്റ് സെക്യൂരിറ്റി വിഭാഗം പ്രതികരിച്ചിട്ടില്ല.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here