കോവിഡ് ബാധിച്ച നാലു വയസ്സുകാരിയുടെ ശരീരം തളര്‍ന്നു. കോവിഡിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ന്യൂ മെക്‌സിക്കോയിലെ സ്‌റ്റെല്ല മാര്‍ട്ടിന്‍ എന്ന നാല് വയസ്സുകാരിയുടെയാണ് സ്‌പൈനല്‍ കോഡിന്റെ അസുഖത്തെത്തുടര്‍ന്ന് ശരീരം തളര്‍ന്നത്. നടുവേദനയെത്തുടര്‍ന്നാണ് സ്റ്റെല്ലയെ 2020 ഏപ്രില്‍ മാസത്തില്‍ ന്യൂ മെക്‌സിക്കോയിലെ ഫാര്‍മിങ്ടണിലെ സാന്‍ ജുവാന്‍ റീജിയണല്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. ഹോസ്പിറ്റലില്‍ വെച്ച് മകള്‍ പെട്ടന്ന് തന്റെ കൈകളിലേക്ക് തളര്‍ന്നു വീഴുകയായിരുന്നുവെന്ന് സ്റ്റെല്ലയുടെ അമ്മ കസാന്ദ്ര യാസി പറഞ്ഞു.

ഇതേത്തുടര്‍ന്ന് കുട്ടിയെ ഉടന്‍തന്നെ ആല്‍ബക്കര്‍കിയിലെ യുഎന്‍എം ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. അക്യൂട്ട് ട്രാന്‍വേഴ്സ് മൈലിറ്റിസ് എന്ന അവസ്ഥയാണ് കുട്ടിയില്‍ കണ്ടതെന്ന് യുഎന്‍എംഎച്ചിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. എട്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം സ്റ്റെല്ല മാര്‍ട്ടിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കുട്ടികളില്‍ കോവിഡ് 19  ഹൈപ്പര്‍-ഇമ്മ്യൂണ്‍ പ്രതികരണത്തിന് കാരണമാകുമെന്ന് സ്‌റ്റെല്ലയെ ചികിത്സിച്ച ഡോ. ബാരി റാമോ പറഞ്ഞു.

സ്റ്റെല്ല യുഎന്‍എമ്മില്‍ അഞ്ച് മാസവും മറ്റൊരു മൂന്ന് മാസം കാരി ടിംഗ്ലി ഹോസ്പിറ്റലിലും ചികിത്സയില്‍ കഴിഞ്ഞിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സ്‌റ്റെല്ലയ്ക്ക് ആശുപത്രി ജീവനക്കാര്‍ ഹൃദ്യമായ യാത്രയയപ്പാണ് നല്‍കിയത്. സ്റ്റെല്ല പൂര്‍ണ്ണമായും സുഖം പ്രാപിക്കാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അവളുടെ ചലനശേഷി ഇതിനകം മെച്ചപ്പെട്ടിട്ടുണ്ടെന്നും അവളുടെ കൈകള്‍ അല്പം ചലിപ്പിക്കാമെന്നും അമ്മ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here