മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് വിചാരണ ഈയാഴ്ച സെനറ്റില്‍ ആരംഭിക്കാനിരിക്കെ ട്രംപ് ശിക്ഷിക്കപ്പെടണമെന്ന് 56 ശതമാനം അമേരിക്കക്കാര്‍ ആഗ്രഹിക്കുന്നതായി സര്‍വ്വേ ഫലം. 46 ശതമാനമാളുകള്‍ വിയോജിപ്പ് രേഖപ്പെടുത്തി. ഫെബ്രുവരി 5, 6 തീയതികളില്‍ നടത്തിയ എബിസി ന്യൂസ്/ഇപ്സോസ് വോട്ടെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്.

2020 ജനുവരിയില്‍ ട്രംപിന്റെ ആദ്യ ഇംപീച്ച്മെന്റ് വിചാരണയ്ക്കിടെ, 47 ശതമാനം അമേരിക്കക്കാര്‍ ട്രംപ് ശിക്ഷിക്കപ്പെടണമെന്ന് ആഗ്രഹിച്ചതായി എബിസി ന്യൂസ് / വാഷിംഗ്ടണ്‍ പോസ്റ്റ് നടത്തിയ പോളില്‍ കണ്ടെത്തിയിരുന്നു. അതേസമയം 49 ശതമാനമാളുകള്‍ ട്രംപിനെ അനുകൂലിച്ച് വോട്ട് ചെയ്തു.

ജനുവരിയില്‍ കാപിറ്റോള്‍ മന്ദിരത്തിന് നേരെ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തത്. കലാപത്തിന് പ്രേരിപ്പിച്ചു എന്ന കാരണത്താല്‍ 197 വോട്ടിന്റെ പിന്‍ബലത്തിലാണ് സഭ ട്രംപിനെ ഇംപീച്ച് ചെയ്തത്. ഇതോടെ അമേരിക്കന്‍ ചരിത്രത്തില്‍ രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റായി ട്രംപ്.

ട്രംപിനെതിരായ ഇംപീച്ചമെന്റ് വിചാരണ സെനറ്റില്‍ ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് കരുതുന്നത്. 100 അംഗങ്ങളുള്ള സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമാണ് ഇംപീച്ച്‌മെന്റ് സാധ്യമാകുക. അതുകൊണ്ട് തന്നെ 50 ഡെമോക്രാറ്റുകളും 50 റിപ്പബ്ലിക്കന്‍സും അടങ്ങുന്ന സെനറ്റില്‍ 17 റിപ്പബ്ലിക്കന്‍സ് കൂടി ട്രംപിനെതിരായി വോട്ട് ചെയ്താല്‍ മാത്രമാണ് ഇംപീച്ച് ചെയ്യാന്‍ സാധിക്കുക. ഇത് അസാധ്യമായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here