പി പി ചെറിയാന്‍

ഡാളസ്: നോമ്പാചരണത്തിന്റെ ഓരോ ദിനങ്ങളിലും നമ്മില്‍ നിന്നും നഷ്ടപ്പെട്ടു പോയിരിക്കുന്ന ബന്ധങ്ങളെ പുനഃസ്ഥാപിക്കുന്നതിനും, യഥാസ്ഥാനപ്പെടുത്തുന്നതിനുമുള്ള അവസരമാക്കി മാറ്റണമെന്ന് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് മുന്‍ വികാരിയും, മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരനുമായ റവ.ഓ.സി. കുര്യന്‍ ഉദ്ബോധിപ്പിച്ചു.

മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായത്തിന്റെ 21 മുതല്‍ 24 വരെയുള്ള വാക്യങ്ങളെ ആധാരമാക്കി ഡാളസ് സെന്റ് പോള്‍സ് ചര്‍ച്ച് നോമ്പാചരണത്തോടനുബന്ധിച്ചു മാര്‍ച്ച് 22 തിങ്കളാഴ്ച വൈകീട്ട് സംഘടിപ്പിച്ച ധ്യാനയോഗത്തില്‍ സൂം പ്ലാറ്റ് ഫോം വഴി ധ്യാന പ്രസംഗം നടത്തുകയായിരുന്നു കുര്യയനച്ചന്‍.

വര്‍ഷം തോറും നോമ്പ് നോല്‍ക്കുന്നതിലൂടെ നാം സ്വായത്തമാക്കേണ്ട പ്രധാന സ്വഭാവ വൈശിഷ്ടങ്ങളെ കുറിച്ചു അച്ചന്‍ പ്രതിപാദിച്ചു. ദൈന്യംദിന ജീവിതത്തില്‍ അറിഞ്ഞും അറിയാതേയും സംഭവിക്കുന്ന കുറവുകള്‍ ഏറ്റു പറഞ്ഞു ഉപേക്ഷിക്കുന്നതിനും, ജീവിതവിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനും, ദൈവകൃപയില്‍ വളര്‍ന്ന് ക്രിസ്തുവിന്റെ ഭാവം ഉള്‍കൊണ്ട് ജീവിതത്തില്‍ കരുത്തു പ്രാപിക്കുന്നതിനും നോമ്പുനോല്‍ക്കുന്നതിലൂടെ നമ്മുക്ക് കഴിയേണ്ടതാണ്.

അതോടൊപ്പം ബന്ധങ്ങള്‍ നഷ്ടപ്പെടുത്തുന്ന കോപസ്വഭാവത്തെ നിയന്ത്രിക്കുവാന്‍, ദുര്‍വികാരങ്ങളെ നിയന്ത്രിക്കാന്‍, പ്രാര്‍ത്ഥനയും, ധ്യാനവും ജീവിതത്തില്‍ പരിശീലിക്കേണ്ടതും അനിവാര്യമാണെന്ന് അച്ചന്‍ ഓര്‍മ്മപ്പെടുത്തി. സ്നേഹത്തില്‍ അധിഷ്ഠിതമായ ബന്ധങ്ങള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും, മരണത്തോടെ ആറടിമണ്ണില്‍ എല്ലാം അവസാനിക്കുമ്പോഴും, നിത്യേനയോളം നമ്മെ പിന്തുടരുന്നത് സ്നേഹം മാത്രമായിരിക്കുമെന്നത് നാം ഓര്‍ത്തിരിക്കേണ്ടതാണ്.

തിരുവചനം മനസ്സില്‍ ധ്യാനിച്ചു, നമ്മുടെ ജീവിതത്തെ പൂര്‍ണ്ണമായും ക്രമീകരിക്കുന്നതിനുള്ള ഒരവസരമാക്കി മാറുമ്പോള്‍ നോമ്പാചരണം അര്‍ത്ഥവത്താകുമെന്നും അച്ചന്‍ പറഞ്ഞു. സെന്റ് പോള്‍സ് ഇടവകവികാരിയായിരുന്നപ്പോള്‍ തനിക്ക് ലഭിച്ച എല്ലാ സഹകരകരണത്തേയും നന്ദിയോടെ സ്മരിക്കുന്നതായി കുര്യനച്ചന്‍ പറഞ്ഞു. ഇടവക വികാരി റവ.മാത്യു ജോസഫ് സ്വാഗതവും, സെക്രട്ടറി തോമസ് ഈശോ നന്ദിയും പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here