
ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ രാജ്യത്ത് കണ്ടെത്തിയ കോവിഡിന്റെ ഇരട്ട വകഭേദത്തെ അതിജീവിക്കുന്നതാണെന്ന് കണ്ടെത്തിയതായി വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗച്ചി. ‘ദൈനംദിന അടിസ്ഥാന വിവരങ്ങള്‍ ഞങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഇന്ത്യയില്‍ കോവിഡ് ഭേദമായ ആളുകളുടേയും വാക്‌സിന്‍ സ്വീകരിച്ച ആളുകളുടേയും ഏറ്റവും പുതിയ ഡാറ്റയും പരിശോധിച്ചു. ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവാക്‌സിന്‍, ബി.1.617 വകഭേദത്തെ നിര്‍വീര്യമാക്കുമെന്ന് കണ്ടെത്തി’ ഫൗച്ചി മാധ്യമങ്ങളോട് പറഞ്ഞു.
കോവാക്‌സിന്‍ കോവിഡിന്റെ ഇന്ത്യന്‍ ഇരട്ട വകഭേദം എന്നറിയപ്പെടുന്ന ബി.1.617 നെ നിര്‍വീര്യമാക്കുമെന്നാണ് കണ്ടെത്തല്‍. ഇന്ത്യയില്‍ ഇപ്പോഴുള്ള യഥാര്‍ത്ഥ പ്രതിസന്ധികള്‍ക്കിടയിലും പ്രതിരോധ കുത്തിവെപ്പ് കോവിഡിനെതിരായ ഒരു പ്രധാന മറുമരുന്നായിരിക്കുമെന്നും ഡോ.ഫൗചി പറഞ്ഞു. ഐസിഎംആറിന്റേയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടേയും പങ്കാളിത്തത്തോടെയാണ് ഭാരത് ബയോടെക് കോവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. പരീക്ഷണഘട്ടത്തില്‍ 78 ശതമാനം ഫലപ്രാപ്തി ലഭിക്കുന്നുണ്ടെന്നാണ് ഐസിഎംആര്‍ അവകാശപ്പെട്ടിരുന്നത്.