രാജ്യത്ത് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവിനെതിരെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ രംഗത്ത്. ബൈഡന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നും വാക്‌സിനേഷന്‍ സംബന്ധിച്ച് തീരുമാനങ്ങളെടുക്കാനുള്ള അധികാരം അതത് സംസ്ഥാനങ്ങള്‍ക്കാണെന്നും സൗത്ത് ഡക്കോട്ട ഗവര്‍ണര്‍ ക്രിസ്റ്റി നോയിം പറഞ്ഞു. അടിച്ചേല്‍പ്പിക്കുന്ന ഈ നിയമത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുമെന്നും ക്രിസ്റ്റിനോയിം കൂട്ടിച്ചേര്‍ത്തു.

ബൈഡന്റേത് സ്വേച്ഛാധിപത്യപരമായ സമീപനമാണെന്നും അത് അമേരിക്കയ്ക്ക് യോജിച്ചതല്ലെന്നും അരിസോണ ഗവര്‍ണര്‍ ഡഗ് ഡ്യൂസി വിമര്‍ശിച്ചു. ഭരണകൂടത്തിന്റെ ഈ നിയമവിരുദ്ധമായ അതിക്രമം തടയാന്‍ സംസ്ഥാനത്തിന് ലഭ്യമായ നിയമപരമായ എല്ലാ വഴികളും പിന്തുടരുമെന്ന് ജോര്‍ജിയ ഗവര്‍ണര്‍ ബ്രയാന്‍ കെംപും സോഷ്യല്‍ പ്രതികരിച്ചു.

ടക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ടും മിസിസിപ്പി ഗവര്‍ണര്‍ ടേറ്റ് റീവ്‌സും ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിന്റെ വക്താവായ ക്രിസ്റ്റീന പുഷോയും വാക്‌സിന്‍ മാന്‍ഡേറ്റിനെ എതിര്‍ത്ത് രംഗത്തുവന്നു. ശാസ്ത്രത്തെ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട് രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതയ്ക്കും അവകാശത്തിനും മേല്‍ ബൈഡന്‍ കടന്നാക്രണം നടത്തുന്നതായി സെനറ്റര്‍ ടെഡ് ക്രൂസ് (ആര്‍-ടെക്‌സസ്) വിമര്‍ശിച്ചു.

ഏറ്റവും കുറഞ്ഞത് നൂറ് ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും വാക്‌സിനേഷന്‍ നടത്തണമെന്ന് ബൈഡന്‍ ഉത്തരവിട്ടിരുന്നു. തൊഴിലുടമകള്‍ വാക്‌സിന്‍ മാന്‍ഡേറ്റ് ഏര്‍പ്പെടുത്തുകയോ ആഴ്ചതോറും പരിശോധന നടത്തുകയോ ചെയ്യണമെന്നാണ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിനോട് ബൈഡന്‍ ആവശ്യപ്പെട്ടത്. നിര്‍ദ്ദേശം പാലിക്കാത്തവരില്‍ നിന്ന് കനത്ത പിഴയീടാക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

അതുപോലെതന്നെ മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ഇനി മുതല്‍ അഞ്ഞൂറു മുതല്‍ ആയിരം ഡോളര്‍ വരെ പിഴയീടാക്കുമെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ആദ്യ തവണ പിഴയീടാക്കുമ്പോഴാണ് ഈ തുക. വീണ്ടും മാസ്‌ക് ധരിക്കാതിരിക്കുകയാണെങ്കില്‍ പിഴത്തുക ആയിരം മുതല്‍ മൂവായിരം ഡോളര്‍ വരെയായി വര്‍ധിപ്പിക്കുമെന്നും ബൈഡന്‍ പറഞ്ഞിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here