കഴിഞ്ഞ അദ്ധ്യായത്തില്‍ നിന്നു തുടര്‍ച്ച:

ഒരു വൈരുദ്ധ്യത്തെപ്പറ്റി പരാമര്‍ശിച്ചുകൊണ്ടു തുടങ്ങാം. രണ്ടായിരാമാണ്ടില്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റുതെരഞ്ഞെടുപ്പില്‍ മുഖ്യമായും രണ്ടു സ്ഥാനാര്‍ത്ഥികളാണുണ്ടായിരുന്നത്: ഡെമൊക്രാറ്റിക് പാര്‍ട്ടിസ്ഥാനാര്‍ത്ഥി അല്‍ ഗോര്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിസ്ഥാനാര്‍ത്ഥി ജോര്‍ജ് ഡബ്ല്യു ബുഷ്. ഇരുവര്‍ക്കും കിട്ടിയ വോട്ടുകളെത്രയെന്നു നോക്കാം:

അല്‍ ഗോര്‍ ­ 5 കോടി 9 ലക്ഷം വോട്ട്
ജോര്‍ജ് ബുഷ് ­- 5 കോടി 4 ലക്ഷം വോട്ട്

അല്‍ ഗോറിനു ബുഷിനേക്കാള്‍ അഞ്ചുലക്ഷത്തിലേറെ വോട്ട് അധികം കിട്ടി. എന്നിട്ടും വിജയിയായി പ്രഖ്യാപിയ്ക്കപ്പെട്ടത് ബുഷായിരുന്നു. ബുഷ് പ്രസിഡന്റാകുകയും ചെയ്തു. കൂടുതല്‍ വോട്ടു കിട്ടിയ സ്ഥാനാര്‍ത്ഥി തോറ്റു, കുറഞ്ഞ വോട്ടു കിട്ടിയ സ്ഥാനാര്‍ത്ഥി ജയിച്ചു; ഈ വൈരുദ്ധ്യം എങ്ങനെ സംഭവിച്ചു?
തുടര്‍ന്നു വായിയ്ക്കുക.

നിമിഷനേരത്തേയ്ക്ക് നമ്മുടെ രാഷ്ട്രപതിതെരഞ്ഞെടുപ്പിലേയ്ക്കു തിരിയാം. ജനങ്ങളല്ല, രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്തയച്ച എം എല്‍ ഏമാരും എം പിമാരുമാണു രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതെന്ന് ഈ ലേഖനപരമ്പരയുടെ രണ്ടാം ഭാഗത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലും പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതു ജനത നേരിട്ടോ, നമ്മുടെ എം പിമാര്‍ക്കും എം എല്‍ ഏമാര്‍ക്കും സമാനരായ അവിടത്തെ ജനപ്രതിനിധികളോ അല്ല. പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ മാത്രമായി, “ഇലക്റ്റര്‍മാര്‍” എന്നൊരു കൂട്ടമാളുകളെ ജനത നേരിട്ടു വോട്ടുചെയ്തു തെരഞ്ഞെടുക്കുന്നു. തുടര്‍ന്ന്, ഇലക്റ്റര്‍മാരാണു പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്.

ജനത ഇലക്റ്റര്‍സ്ഥാനാര്‍ത്ഥികള്‍ക്കു ചെയ്യുന്ന വോട്ട് പോപ്പുലര്‍ വോട്ട് എന്നറിയപ്പെടുന്നു; ഇലക്റ്റര്‍മാര്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ചെയ്യുന്ന വോട്ട് ഇലക്റ്ററല്‍ വോട്ട് എന്നും. ആകെയുള്ള 538 ഇലക്റ്ററല്‍ വോട്ടുകളില്‍ 270 എണ്ണമെങ്കിലും കിട്ടിയെങ്കില്‍ മാത്രമേ ഒരു പ്രസിഡന്റു സ്ഥാനാര്‍ത്ഥി വിജയിയ്ക്കുകയുള്ളു. ജനതയുടെ വോട്ടു കൂടുതല്‍ കിട്ടിയത് അല്‍ ഗോറിനാണെങ്കിലും, അദ്ദേഹത്തിന് 266 ഇലക്റ്ററല്‍ വോട്ടു മാത്രമേ കിട്ടിയുള്ളൂ. ബുഷിന് 271 ഇലക്റ്ററല്‍ വോട്ടു കിട്ടി. ബുഷ് ജയിച്ചു, പ്രസിഡന്റുമായി.

നമ്മുടെ രീതിയും അമേരിക്കന്‍ രീതിയും തമ്മില്‍ സാദൃശ്യമുണ്ടെങ്കിലും, വ്യത്യാസങ്ങളുമുണ്ട്. അവയിലൊന്നാണു മുകളില്‍ സൂചിപ്പിച്ചത്. മറ്റൊരു വ്യത്യാസമിതാ: പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതോടെ ഇലക്റ്റര്‍മാരുടെ ചുമതല തീരുന്നു, ഇലക്റ്റര്‍മാരെന്ന പദവി നഷ്ടവുമാകുന്നു; മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ! ഇതില്‍ നിന്നു വ്യത്യസ്തമായി, നമ്മുടെ എം എല്‍ ഏമാരും എം പിമാരും രാഷ്ട്രപതിതെരഞ്ഞെടുപ്പു കഴിഞ്ഞ ശേഷവും താന്താങ്ങളുടെ നിശ്ചിതകാലാവധി തികയുന്നതു വരെ തുടരുന്നു.

എം എല്‍ ഏമാരുടെ തെരഞ്ഞെടുപ്പ് നിയമസഭാതെരഞ്ഞെടുപ്പിന്റെ ഭാഗമാണ്. എം പിമാരുടെ തെരഞ്ഞെടുപ്പ് ലോക്‌­സഭാതെരഞ്ഞെടുപ്പിന്റെയോ രാജ്യസഭാതെരഞ്ഞെടുപ്പിന്റേയോ ഭാഗവും. മിക്കപ്പോഴും രാഷ്ട്രപതിതെരഞ്ഞെടുപ്പിനു വളരെ മുമ്പു തന്നെ എം എല്‍ ഏമാരും എം പിമാരും തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടാകും. ഇലക്റ്റര്‍മാരുടെ തെരഞ്ഞെടുപ്പാകട്ടെ, പ്രസിഡന്റുതെരഞ്ഞെടുപ്പിന്റെ മാത്രം ഭാഗമാണ്. വാസ്തവത്തില്‍, ഇലക്റ്റര്‍മാരുടെ ‘അവതാരോദ്ദേശം’ പോലും പ്രസിഡന്റുതെരഞ്ഞെടുപ്പു തന്നെ. ഇലക്റ്റര്‍മാരുടെ തെരഞ്ഞെടുപ്പാണു പ്രസിഡന്റു തെരഞ്ഞെടുപ്പിന്റെ കാതലായ ഭാഗവും. കാരണം, ഇലക്റ്റര്‍മാരുടെ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തില്‍ നിന്ന് ഏതു പ്രസിഡന്റുസ്ഥാനാര്‍ത്ഥിയാണു ജയിയ്ക്കാന്‍ പോകുന്നതെന്നു വ്യക്തമാകും.

രാഷ്ട്രപതിതെരഞ്ഞെടുപ്പില്‍ ഒരു എം പിയോ എം എല്‍ ഏയോ ഏതു സ്ഥാനാര്‍ത്ഥിയ്ക്കാണു വോട്ടു ചെയ്യാന്‍ പോകുന്നതെന്നു വോട്ടെടുപ്പിനു മുമ്പു തന്നെ വ്യക്തമായിരിയ്ക്കും; തന്റെ പാര്‍ട്ടിയുടെ തീരുമാനമനുസരിച്ചായിരിയ്ക്കും ഓരോ എം പിയും എം എല്‍ ഏയും വോട്ടു ചെയ്യുന്നത്. ഇലക്റ്റര്‍മാരുടെ കാര്യവും വിഭിന്നമല്ല. ഓരോ ഇലക്റ്ററും ഏതെങ്കിലുമൊരു പാര്‍ട്ടിയില്‍പ്പെട്ടയാളായിരിയ്ക്കും, പാര്‍ട്ടി നിയോഗിച്ചിരിയ്ക്കുന്നയാളുമായിരിയ്ക്കും. മുഖ്യമായും രണ്ടു പാര്‍ട്ടികളാണ് അമേരിക്കയിലുള്ളത്: ഡെമൊക്രാറ്റിക് പാര്‍ട്ടിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും. ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി, കോണ്‍സ്റ്റിറ്റിയൂഷന്‍ പാര്‍ട്ടി എന്നിങ്ങനെ ചില ചെറുപാര്‍ട്ടികളുണ്ടെങ്കിലും അവയ്ക്ക് കേന്ദ്ര, ജനപ്രതിനിധിസഭകളായ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ്, സെനറ്റ് എന്നിവയില്‍ പ്രാതിനിധ്യമില്ല.

ഇടയ്‌ക്കൊരു കാര്യം കൂടി പറഞ്ഞോട്ടേ: നമ്മുടെ ലോക്‌­സഭയ്ക്കു സമാനമായതാണ് അമേരിക്കയിലെ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ്; ഹൗസ് എന്നു ചുരുക്കപ്പേര്‍. നമ്മുടെ രാജ്യസഭയ്ക്കു സമാനമാണു അമേരിക്കയിലെ സെനറ്റ്. ലോക്‌­സഭയും രാജ്യസഭയുമൊന്നാകെ പാര്‍ലമെന്റ് എന്നറിയപ്പെടുന്നതു പോലെ, ഹൗസും സെനറ്റും ചേര്‍ന്നു കോണ്‍ഗ്രസ് എന്നറിയപ്പെടുന്നു. നമ്മുടെ പാര്‍ലമെന്റ്: അവരുടെ കോണ്‍ഗ്രസ്. ലോക്‌­സഭ: ഹൗസ്. രാജ്യസഭ: സെനറ്റ്. ലോക്‌­സഭയിലേയും രാജ്യസഭയിലേയും അംഗങ്ങളെ നാം എം പിമാരെന്നു വിളിയ്ക്കുന്നു. ഹൗസിലെ അംഗങ്ങള്‍ റെപ്രസന്റേറ്റീവുമാരെന്നും, സെനറ്റിലെ അംഗങ്ങള്‍ സെനറ്റര്‍മാരെന്നും അറിയപ്പെടുന്നു. ഇരുസഭകളിലേയും അംഗങ്ങളെ കോണ്‍ഗ്രസ്­മാന്‍മാര്‍ എന്നു പരാമര്‍ശിയ്ക്കാറുണ്ടെങ്കിലും, ഹൗസിലെ അംഗങ്ങളെപ്പറ്റിപ്പറയുമ്പോഴാണ് അതു കൂടുതലുപയോഗിയ്ക്കാറ്.

ഇന്ത്യയില്‍ 29 സംസ്ഥാനങ്ങളുണ്ട്. അമേരിക്കയില്‍ അമ്പതെണ്ണവും. ഹൗസില്‍ ഈ അമ്പതു സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളുണ്ട്. സംസ്ഥാനങ്ങളുടെ ജനസംഖ്യയ്ക്കനുസൃതമായി അവയ്ക്കു ഹൗസിലുള്ള പ്രതിനിധികളുടെ എണ്ണം വ്യത്യസ്തമായിരിയ്ക്കും. ഏറ്റവുമധികം ജനസംഖ്യയുള്ള കാലിഫോര്‍ണിയയെന്ന സംസ്ഥാനത്തിന് ഹൗസില്‍ 53 പ്രതിനിധികളുണ്ട്. ജനസംഖ്യ ഏറ്റവും കുറവുള്ള വായൊമിങ്ങിനാകട്ടെ ഹൗസില്‍ ഒരു പ്രതിനിധി മാത്രമേയുള്ളു. നമ്മുടെ ലോക്‌­സഭാമണ്ഡലങ്ങള്‍ക്കു സമാനമാണ് അമേരിക്കയിലെ കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റുകള്‍. ഒരു ലോക്‌­സഭാമണ്ഡലത്തില്‍ നിന്ന് ഒരെം പി; അതുപോലെ, ഒരു കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്ന് ഒരു റെപ്രസന്റേറ്റീവ്. ഇന്ത്യയിലാകെ 543 ലോക്‌­സഭാമണ്ഡലങ്ങളുള്ളതുപോലെ, അമേരിക്കയിലാകെ 435 കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റുകളുണ്ട്. അവയില്‍ നിന്നായി വോട്ടവകാശമുള്ള 435 പ്രതിനിധികള്‍ ഹൗസിലുണ്ട്.

സംസ്ഥാനങ്ങള്‍ക്കോരോന്നിനും രണ്ടു സെനറ്റര്‍മാര്‍ വീതമുണ്ട്. അമ്പതു സംസ്ഥാനങ്ങളില്‍ നിന്നായി ആകെ 100 സെനറ്റര്‍മാര്‍. സംസ്ഥാനങ്ങളുടെ വലിപ്പച്ചെറുപ്പം സെനറ്റര്‍മാരുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാക്കുന്നില്ല.

പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന ഇലക്റ്റര്‍മാരുടെ കാര്യമാണു പറഞ്ഞുവന്നത്. ഹൗസും സെനറ്റും ചേര്‍ന്നുള്ള കോണ്‍ഗ്രസ്സില്‍ ആകെ 535 അംഗങ്ങളുണ്ടെന്നു പറഞ്ഞുവല്ലോ. അത്ര തന്നെ ഇലക്റ്റര്‍മാര്‍ പ്രസിഡന്റുതെരഞ്ഞെടുപ്പിനുമുണ്ടാകും. വായൊമിങ്ങ് എന്ന ചെറിയ സംസ്ഥാനത്തിന് സെനറ്റില്‍ രണ്ടു പ്രതിനിധിമാരും ഹൗസില്‍ ഒരു പ്രതിനിധിയും മാത്രമാണുള്ളത്. അങ്ങനെ, കോണ്‍ഗ്രസ്സില്‍ വായൊമിങ്ങിന് ആകെ മൂന്നു പ്രതിനിധികള്‍. വായൊമിങ്ങിനു പ്രസിഡന്റുതെരഞ്ഞെടുപ്പിലുള്ള ഇലക്റ്റര്‍സീറ്റുകളുടെ എണ്ണവും മൂന്നു തന്നെ. ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോര്‍ണിയയ്ക്ക് 53 പ്രതിനിധികള്‍ ഹൗസിലും രണ്ടു പ്രതിനിധികള്‍ സെനറ്റിലുമുണ്ട്; ആകെ 55 പ്രതിനിധികള്‍. പ്രസിഡന്റുതെരഞ്ഞെടുപ്പില്‍ കാലിഫോര്‍ണിയയ്ക്കുള്ള ആകെ ഇലക്റ്റര്‍സീറ്റുകളുടെ എണ്ണവും 55 തന്നെ. ഒരു സംസ്ഥാനത്തിന് ഹൗസിലുള്ള പ്രതിനിധികളുടെ എണ്ണവും സെനറ്റിലുള്ള പ്രതിനിധികളുടെ എണ്ണവും കൂടിക്കൂട്ടിയാല്‍ ആ സംസ്ഥാനത്തിനര്‍ഹമായ ഇലക്റ്റര്‍സീറ്റുകളുടെ എണ്ണം കിട്ടും.

പ്രസിഡന്റുതെരഞ്ഞെടുപ്പിനുള്ള ഇലക്റ്റര്‍മാരുടെ ആകെ എണ്ണം 535 അല്ല, 538 ആണ്. ഈ നേരിയ വ്യത്യാസത്തിനു കാരണമുണ്ട്. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡീസി ഒന്നാകെ ഒരു കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റാണ്, അതിന്റെ ഒരു പ്രതിനിധി ഹൗസിലുണ്ട്. അദ്ദേഹത്തിനു വോട്ടവകാശമില്ല. വാഷിംഗ്ടണ്‍ ഡീസിയ്ക്ക് സെനറ്റില്‍ പ്രാതിനിധ്യമില്ല. എങ്കിലും, പ്രസിഡന്റുതെരഞ്ഞെടുപ്പിനായി വാഷിംഗ്ടണ്‍ ഡീസിയില്‍ മൂന്ന് ഇലക്റ്റര്‍സീറ്റുകളുണ്ട്.

അങ്ങനെ, പ്രസിഡന്റുതെരഞ്ഞെടുപ്പില്‍ ആകെ 538 ഇലക്റ്റര്‍മാരാണു ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ഇതിന്റെ കണക്ക് ഒന്നുകൂടിപ്പറയാം. ഇലക്റ്റര്‍സീറ്റുകളുടെ എണ്ണം = ഹൗസിലെ 435 + സെനറ്റിലെ 100 + വാഷിംഗ്ടണ്‍ ഡീസിയുടെ 3 = ആകെ 538. മൂന്നു സീറ്റിന്റെ വ്യത്യാസമുണ്ടെങ്കിലും, ഹൗസിലേയും സെനറ്റിലേയും ആകെ അംഗസംഖ്യയോടു തുല്യമായിരിയ്ക്കും ഇലക്റ്റര്‍സീറ്റുകളുടെ ആകെ എണ്ണം എന്നു പൊതുവില്‍പ്പറയാം. ഹൗസിലും സെനറ്റിലുമുള്ള അംഗങ്ങളുടെ ആകെ എണ്ണം ഇലക്റ്റര്‍മാരുടെ ആകെ എണ്ണത്തിന് ഏകദേശം തുല്യമായിരിയ്ക്കുമെങ്കിലും, ഹൗസിലും സെനറ്റിലുമുള്ള അംഗങ്ങളില്‍ നിന്നു തികച്ചും വേറിട്ടു നില്‍ക്കുന്നവരാണ് ഇലക്റ്റര്‍മാര്‍.

ഇതെല്ലാം പൊതുനിരീക്ഷണങ്ങള്‍ മാത്രമാണ്; സൂക്ഷ്മതലത്തില്‍ ചില ചെറിയ വ്യത്യാസങ്ങളുണ്ടാകാം.

ഇലക്റ്റര്‍മാരായി മത്സരിയ്‌ക്കേണ്ടത് ആരൊക്കെയെന്നു തീരുമാനിയ്ക്കുന്നത് പ്രസിഡന്റുസ്ഥാനാര്‍ത്ഥികളുടെ പാര്‍ട്ടികളാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഇലക്റ്റര്‍മാര്‍ ആരൊക്കെയായിരിയ്ക്കണമെന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി തീരുമാനിയ്ക്കുന്നു; ഡെമൊക്രാറ്റിക് പാര്‍ട്ടിയുടെ ഇലക്റ്റര്‍മാരെ ഡെമൊക്രാറ്റിക് പാര്‍ട്ടിയും. തെരഞ്ഞെടുപ്പുപ്രചാരണത്തില്‍ പ്രസിഡന്റുസ്ഥാനാര്‍ത്ഥികളെ സഹായിയ്ക്കുന്ന സംഘത്തില്‍പ്പെട്ട വിശ്വസ്തരെയാകാം ഇലക്റ്റര്‍മാരാകാന്‍ പാര്‍ട്ടികള്‍ നിയോഗിയ്ക്കുന്നത്. സംസ്ഥാനതലത്തില്‍ നടക്കുന്ന പാര്‍ട്ടിസമ്മേളനത്തില്‍ വച്ചാണ് ഇലക്റ്റര്‍സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടാറ്. സംസ്ഥാനത്തിലെ കേന്ദ്രക്കമ്മിറ്റിയില്‍ വോട്ടെടുപ്പുനടത്തിയും ഇലക്റ്റര്‍സ്ഥാനാര്‍ത്ഥികളെ തീരുമാനിയ്ക്കാറുണ്ട്. പാര്‍ട്ടികളെല്ലാം താന്താങ്ങളുടെ ഇലക്റ്റര്‍സ്ഥാനാര്‍ത്ഥികളുടെ പട്ടിക അതാതു സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ക്കു നിശ്ചിതതീയതിയ്ക്കുള്ളില്‍ കൊടുക്കുകയും വേണം. പ്രസിഡന്റാകാന്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥികളായി മത്സരിയ്ക്കുന്നവരും ഇത്തരത്തില്‍ പട്ടിക കൊടുത്തേ തീരൂ.

നവമ്പര്‍ മാസത്തിലെ ഒന്നാമത്തെ തിങ്കളാഴ്ചയെത്തുടര്‍ന്നുള്ള ചൊവ്വാഴ്ചയാണ് പ്രസിഡന്റു തെരഞ്ഞെടുപ്പു നടക്കാറ്. പ്രസിഡന്റിന്റെ കാലാവധി നാലു വര്‍ഷമാണ്. ഒരു വ്യക്തിയ്ക്ക് രണ്ടു തവണ മാത്രമേ പ്രസിഡന്റാകാനാകൂ. ഇപ്പോഴത്തെ പ്രസിഡന്റായ ബറാക്ക് ഒബാമയുടെ രണ്ടാമത്തെ തെരഞ്ഞെടുപ്പു നടന്നത് 2012 നവംബറിലായിരുന്നു. നാലു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഇത്തവണ നവമ്പര്‍ എട്ടാം തീയതിയാണു നടക്കുക. ജൂലായ് മാസത്തോടെ ഓരോ പാര്‍ട്ടിയും താന്താങ്ങളുടെ പ്രസിഡന്റുസ്ഥാനാര്‍ത്ഥിയും, വിവിധ മണ്ഡലങ്ങളിലേയ്ക്കുള്ള ഇലക്റ്റര്‍സ്ഥാനാര്‍ത്ഥികളും ആരെല്ലാമായിരിയ്ക്കണമെന്നു തീരുമാനിച്ചുകഴിയും.

നവംബര്‍ എട്ടാം തീയതി നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് പ്രസിഡന്റുതെരഞ്ഞെടുപ്പെന്നു പൊതുവിലറിയപ്പെടുന്നെങ്കിലും, അന്നു ജനത വോട്ടു ചെയ്യുമ്പോള്‍ ജയിയ്ക്കാന്‍ പോകുന്നതു പ്രസിഡന്റുസ്ഥാനാര്‍ത്ഥികളല്ല, ഇലക്റ്റര്‍സ്ഥാനാര്‍ത്ഥികളാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റുസ്ഥാനാര്‍ത്ഥി ജയിയ്ക്കണമെന്നാഗ്രഹിയ്ക്കുന്ന വോട്ടര്‍മാര്‍ തങ്ങളുടെ മണ്ഡലത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിയോഗിച്ചിട്ടുള്ള ഇലക്റ്റര്‍സ്ഥാനാര്‍ത്ഥിക്കായിരിയ്ക്കും വോട്ടു ചെയ്യുന്നത്. ഡെമൊക്രാറ്റിക് പാര്‍ട്ടി ഇലക്റ്ററാകാന്‍ നിയോഗിച്ചയാളും അതേ മണ്ഡലത്തില്‍ മത്സരിക്കുന്നുണ്ടാകും. അദ്ദേഹത്തിനായിരിയ്ക്കും, ഡെമൊക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റുസ്ഥാനാര്‍ത്ഥി ജയിയ്ക്കണമെന്നാഗ്രഹിക്കുന്ന വോട്ടര്‍മാര്‍ വോട്ടു ചെയ്യുന്നത്.

ഒരു മണ്ഡലത്തില്‍ ഏറ്റവുമധികം ജനതാവോട്ടു കിട്ടുന്ന ഇലക്റ്റര്‍സ്ഥാനാര്‍ത്ഥി ജയിച്ച് ഇലക്റ്ററാകുന്നു എന്നാണു നാം ധരിച്ചുപോകുക. തന്റെ മണ്ഡലത്തില്‍ നിന്ന് ഏറ്റവുമധികം വോട്ടുകിട്ടിയാലും ഒരിലക്റ്റര്‍സ്ഥാനാര്‍ത്ഥി ഇലക്റ്ററായിത്തീര്‍ന്നില്ലെന്നു വരാം. തുടക്കത്തില്‍ സൂചിപ്പിച്ച വൈരുദ്ധ്യം ഇവിടേയും കടന്നുവരുന്നുണ്ട്. ഇതല്പം വിശദീകരിയ്‌ക്കേണ്ടിയിരിയ്ക്കുന്നു.

ഒരുദാഹരണം: കാലിഫോര്‍ണിയ എന്ന സംസ്ഥാനത്തിലെ ഒരു കോണ്‍ഗ്രഷനല്‍ ഡിസ്ട്രിക്റ്റായ മോഡോക്കില്‍ കഴിഞ്ഞ പ്രസിഡന്റുതെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 69 ശതമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിയോഗിച്ച ഇലക്റ്റര്‍സ്ഥാനാര്‍ത്ഥിയ്ക്കായിരുന്നു കിട്ടിയത്. ഡെമൊക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയ്ക്കു കിട്ടിയതു കേവലം 27 ശതമാനം മാത്രം. എന്നിട്ടും മോഡോക്കില്‍ നിന്നുള്ള ഇലക്റ്റര്‍സീറ്റു നേടിയതു ഡെമൊക്രാറ്റിക് പാര്‍ട്ടി! ഒരുദാഹരണം കൂടിയെടുക്കാം: കാലിഫോര്‍ണിയയില്‍ത്തന്നെയുള്ള ലാസ്സന്‍ എന്ന മണ്ഡലത്തില്‍ പോള്‍ ചെയ്ത ആകെ വോട്ടിന്റെ 68 ശതമാനവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഇലക്റ്റര്‍സ്ഥാനാര്‍ത്ഥിയ്ക്കു കിട്ടി; ഡെമൊക്രാറ്റിക് പാര്‍ട്ടിയുടെ ഇലക്റ്റര്‍സ്ഥാനാര്‍ത്ഥിയ്ക്കു കിട്ടിയതു വെറും 28 ശതമാനം. എന്നിട്ടും ലാസ്സനില്‍ നിന്നുള്ള ഇലക്റ്റര്‍സീറ്റു നേടിയതു ഡെമൊക്രാറ്റിക് പാര്‍ട്ടി!

മോഡോക്കിനേയും ലാസ്സനേയും പോലെ, കാലിഫോര്‍ണിയയിലെ ആകെ ഇരുപത്തഞ്ചു (ഈ സംഖ്യകളില്‍ നേരിയ വ്യത്യാസമുണ്ടായേയ്ക്കാം) മണ്ഡലങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഇലക്റ്റര്‍സ്ഥാനാര്‍ത്ഥികള്‍ക്കു ഡെമൊക്രാറ്റിക് പാര്‍ട്ടിയിലെ ഇലക്റ്റര്‍സ്ഥാനാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ വോട്ടുകിട്ടിയിരുന്നു. ശേഷിച്ച മുപ്പതു മണ്ഡലങ്ങളില്‍ ഡെമൊക്രാറ്റിക് പാര്‍ട്ടിയിലെ ഇലക്റ്റര്‍സ്ഥാനാര്‍ത്ഥികള്‍ക്കു കൂടുതല്‍ വോട്ടു കിട്ടി. ഇതനുസരിച്ച് ഡെമൊക്രാറ്റിക് പാര്‍ട്ടിയ്ക്കു 30 ഇലക്റ്റര്‍സീറ്റുകള്‍ കിട്ടുന്നതോടൊപ്പം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് 25 ഇലക്റ്റര്‍സീറ്റുകള്‍ കിട്ടേണ്ടതായിരുന്നു. പക്ഷേ, കാലിഫോര്‍ണിയയില്‍ ആകെയുള്ള 55 ഇലക്റ്റര്‍സീറ്റുകളില്‍ അമ്പത്തഞ്ചും ഡെമൊക്രാറ്റിക് പാര്‍ട്ടിയ്ക്കാണു കിട്ടിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി 25 മണ്ഡലങ്ങളില്‍ മുന്നില്‍ വന്നിട്ടും അവര്‍ക്കു കിട്ടിയതു പൂജ്യം!

ഈ വൈരുദ്ധ്യത്തിന്റെ കാരണം അടുത്ത അദ്ധ്യായത്തില്‍ വിവരിയ്ക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here