ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഹാര്‍ദ്ദമായി സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രത്തിലെ പുതിയ അധ്യായമാണിതെന്ന് കൂടിക്കാഴ്ചക്ക് ശേഷം ബൈഡന്‍ പറഞ്ഞു. പരസ്പരം തമാശകള്‍ പറഞ്ഞുകൊണ്ടായിരുന്നു ഇരുവരും സംസാരിച്ചു തുടങ്ങിയത്. ഇന്ത്യയില്‍ അഞ്ച് ബൈഡന്മാരുണ്ടെന്ന് അറിഞ്ഞതായി ജോ ബൈഡന്‍ തമാശയോടെ പറഞ്ഞപ്പോള്‍ ബൈഡന്റെ കുടുംബത്തിന്റെ വംശാവലി കയ്യിലുണ്ടെന്നായിരുന്നു മോദിയുടെ മറുപടി.

ബൈഡന്റെ കുടുംബത്തില്‍പ്പെട്ട ചിലര്‍ ഇന്ത്യയിലുണ്ടെന്ന വിവരം പരാമര്‍ശിച്ചായിരുന്നു ഇരുവരുടേയും സംസാരം. ബൈഡന്‍ അമേരിക്കയുടെ പ്രസിഡന്റായി അധികാരമേറ്റ ശേഷം ഇരുവരും യുഎസ്സില്‍ വെച്ച് നേരിട്ട് കാണുന്നത് ഇത് ആദ്യമായിട്ടാണ്. ഇതിനു മുന്‍പ് ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്നപ്പോല്‍ മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വ്യാപാര ബന്ധങ്ങള്‍ക്ക് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക റോളുണ്ടെന്ന് കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞു.

വിവിധ വിഷയങ്ങളില്‍ മോദിയും ബൈഡനും ചര്‍ച്ച നടത്തി. കാലാവസ്ഥാ വ്യതിയാനം, കൊവിഡ്, സാമ്പത്തിക സഹകരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയുടെ ഭാഗമായി. നമ്മുടെ കഴിവുകള്‍ സാങ്കേതികവിദ്യ മെച്ചപ്പെടുത്താനായി ഉപയോഗിക്കണമെന്നും അത് ലോകരാജ്യങ്ങളുടെ പുരോഗതിക്ക് ആവശ്യമാണെന്നും മോദി വ്യക്തമാക്കി. തനിക്ക് നല്‍കിയ ഗംഭീര സ്വീകരണത്തിന് ബൈഡനോട് മോദി നന്ദിയും പറഞ്ഞു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here