പി പി ചെറിയാന്‍

ഹണ്ടസ് വില്ല (ടെക്സസ്): മുപ്പതു വര്‍ഷമായി വധശിക്ഷക്ക് വിധിക്കപ്പെട്ട് ഹണ്ട്സ് വില്ല ജയിലില്‍ കഴിഞ്ഞിരുന്ന റിക്ക് റോഡെയ്സിന്റെ(57) വധശിക്ഷ സെപ്റ്റംബര്‍ 28 ചൊവ്വാഴ്ച വൈകീട്ട് നടപ്പാക്കി. ഈ വര്‍ഷം ടെക്സസ്സില്‍ നടപ്പാക്കുന്ന മൂന്നാമത്തേതും, യു.എസ്സിലെ ആറാമത്തേയും വധശിക്ഷയാണിത്. ടെക്സസ്സില്‍ ഈ വര്‍ഷം നാലുപേര്‍ കൂടെ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നു.

കവര്‍ച്ചാ കേസ്സില്‍ ജയിലില്‍ കഴിഞ്ഞിരുന്ന റിക്ക് പരോളില്‍ ഇറങ്ങി പിറ്റേ ദിവസമാണ് സഹോദരന്മാരായ ചാള്‍സ് അലന്‍(31), ബ്രാഡ്ലി അലന്‍(33) എന്നിവരെ കൊലപ്പെടുത്തിയത്. 1991 സെപ്റ്റംബറിലായിരുന്നു സംഭവം. ഹൂസ്റ്റണ്‍ പബഡിനയില്‍ താമസിച്ചിരുന്ന സഹോദന്മാരുടെ വീട്ടില്‍ വീട്ടില്‍ അതിക്രമിച്ചു കയറി കിടന്നുറങ്ങുകയായിരുന്ന ചാള്‍സ് അലനെയാണ് ഇയാള്‍ കവര്‍ച്ച ശ്രമത്തിനിടയില്‍ ആദ്യമായി ആക്രമിച്ചു കൊലപ്പെടുത്തിയത്. സഹോദരനെ രക്ഷിക്കാന്‍ ശ്രമിച്ച ബ്രാഡ്ലീയേയും ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു.

പ്രതികളെ കൊലപ്പെടുത്തിയതു ഇയാള്‍ ഏറ്റു പറഞ്ഞിരുന്നു. എന്നാല്‍ സ്വയം രക്ഷക്കാണ് ഇങ്ങനെ ഒരു കൃത്യം ചെയ്തതെന്ന് പ്രതി പിന്നീട് പറഞ്ഞു. ഞാന്‍ അവിടെ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതായിരുന്നുവെന്നും അയാള്‍ പറഞ്ഞു. നിരവധി തവണ ഇയാളുടെ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു അപ്പീല്‍ നല്‍കിയിരുന്നു. ഇയാള്‍ക്ക ശരിയായ ഒരു വിചാരണ ലഭിച്ചില്ലെന്നും അറ്റോര്‍ണിമാര്‍ വാദിച്ചു.

എല്ലാ വാദങ്ങളും, അവസാന അപ്പീലും കോടതി തള്ളിയതോടെയാണ് വധശിക്ഷ നടപ്പാക്കിയത്. ഡെത്ത് ചേമ്പറില്‍ ഗവര്‍ണിയില്‍ ബന്ധനസ്ഥനായ പ്രതി അവസാന ആഗ്രഹം നിഷേധിച്ചു. മാരകമായ വിഷമിശ്രിതം സിരകളിലേക്ക് കയറ്റിയതോടെ തല ഒരു വശത്തേക്ക് തിരിച്ചു മരണത്തെ ആശ്ലേഷിക്കുകയായിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here