തിരഞ്ഞെടുപ്പ് ഓടിപ്പാഞ്ഞുവന്ന് തലയ്ക്ക് മുകളില്‍ കത്തിനില്‍ക്കെ കോണ്‍ഗ്രസിലെ കലഹത്തീയിലേയ്ക്ക് എണ്ണ പകര്‍ന്നിരിക്കുകയാണ് വിയെമ്മും, സിയെമ്മും. കരുണയുടെ പേരിലാണ് ചീഫ് മിനിസ്റ്റര്‍ ഉമ്മന്‍ ചാണ്ടിയും, വൈലോപ്പിള്ളി ശങ്കരന്‍ മാമ സുധീരനും, റവന്യു മന്ത്രി അടൂര്‍ പ്രകാശും പിന്നെ ‘എ’, ‘ഐ’ ഗ്രൂപ്പ് ഡീലര്‍മാരും കൊമ്പുകോര്‍ത്തിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ പ്രതിഛായ ഉല്‍പ്പാദിപ്പിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് എന്ന ലേബലില്‍ സുധീരന്‍ ആഞ്ഞ് പണിയെടുക്കുന്നുണ്ട്. ആരോപണവിധേയര്‍ക്ക് സീറ്റ് നല്‍കരുതെന്ന് മന്ത്രി കെ. ബാബുവിനെ (‘കെ’ എന്ന ഇന്‍ഷ്യല്‍ കോഴയെ സൂചിപ്പിക്കുന്നുവത്രേ) ഒളികണ്ണിട്ടുനോക്കി പറഞ്ഞ സുധീരന്‍, നെല്ലിയാമ്പതിയിലെ പോബ്‌സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കരുണ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കരം പിരിക്കല്‍ വിവാദത്തിലാണ് നിലപാട് കടുപ്പിച്ചുറഞ്ഞത്.

കരുണ എസ്‌റ്റേറ്റില്‍ നിന്ന് കരം പിരിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവാണ് ആദര്‍ശ കുബേരനായ സുധീരനെ വിറകൊള്ളിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിന് തൊട്ടുമുമ്പ് ധൃതിപിടിച്ചാണ് ഈ ഉത്തരവിറക്കിക്കൊണ്ട് സര്‍ക്കാര്‍ ബോബ്‌സ് മുതലാളിമാരോട് ‘കരുണ’ കാട്ടിയത്. അവര്‍ പ്രത്യുപകാര കരുണയും കാട്ടിയിട്ടുണ്ടാവാം. ഏതായാലും കനമുള്ള ആ ഉത്തരവെടുത്ത് സുധീരന്‍ പെരുമാറാന്‍ തുടങ്ങിയതോടെ മന്ത്രിസഭ വിഷയം ചര്‍ച്ച ചെയ്യുകയും ഉത്തരവ് പിന്‍വലിക്കില്ലെന്ന് പിടിവാശിത്തീരുമാനമെടുക്കുകയും ചെയ്തു.

ഉത്തരവില്‍ ഭേദഗതി വരുത്തി ജനത്തിന്റെയും സുധീരാദികളുടെയും കണ്ണില്‍ പൊടിയിടാന്‍ കഷായിക്കുന്ന ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരിലെ അബ്കാരിയായ അടൂര്‍ പ്രകാശും പറയുന്നത് ഇതുസംബന്ധിച്ച് കോടതിയുടെ തീരുമാനം വന്ന ശേഷമേ കരം പിരിക്കൂ എന്നാണ്. പിന്നെയെന്തിന് ക്ഷണനേരത്തില്‍ ഉത്തരവിട്ടുവെന്ന മാധ്യമപ്പടയുടെ ചുടുചോദ്യത്തിന് മുമ്പില്‍ ഉത്തരം മുട്ടിയ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ നിന്ന് കലിതുള്ളി ഇറങ്ങിപ്പോകുന്നത് ജനം ലൈവായി കണ്ടു.

കരുണ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഭൂമിയില്ല. കുരുണ കുടുംബ സ്വത്തുപോലെ ആദായംപറ്റി അനുഭവിക്കുന്നത് 833 ഏക്കര്‍ ഭൂമിയാണ്. ഇത് സര്‍ക്കാര്‍ ഭൂമിയല്ലെന്ന് സര്‍വേയില്‍ കണ്ടെത്തിയെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വാദം. വിവാദ ഉത്തരവ് റദ്ദാക്കില്ലെന്നും വേണമെങ്കില്‍ ഭേദഗതിയാവാമെന്നുമുള്ള മന്ത്രിസഭാ യോഗതീരുമാനം മുഖ്യമന്ത്രി, കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗത്തിലറിയിച്ചു…പോരേ പൂരം. സുധീരന്‍ കലിച്ച് എഴുന്നേറ്റു. റവന്യൂ മന്ത്രിയെ അദ്ദേഹം നാക്കുകൊണ്ട് പഞ്ഞിക്കിട്ടു. പാര്‍ട്ടിയെ അനുസരിക്കാത്ത മന്ത്രിയെ നിലയ്ക്ക് നിര്‍ത്താനറിയാമെന്ന് മുഖംനോക്കാതെ തുറന്നടിച്ചു. ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കണമെന്നും സമീപകാലത്ത് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും സുധീരന്‍ സധൈര്യം പറഞ്ഞപ്പോള്‍ ആദര്‍ശവാദികള്‍ എഴുന്നേറ്റ് നിന്ന് കോള്‍മയിര്‍ കൊണ്ടോയെന്നറിയില്ല.

പിന്നെ പിടിച്ചാല്‍ കിട്ടാത്ത മാതിരിയായിരുന്നു ആദര്‍ശ വിളയാട്ടം. ഇപ്പോള്‍ ഇറങ്ങിയ മെത്രാന്‍ കായല്‍, കരുണ ഉള്‍പ്പെടെയുള്ള ഉത്തരവുകള്‍ക്ക് പിന്നില്‍ അഴിമതിയുണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ലെന്ന് ന്യായീകരിച്ച സുധീരന്‍ തുടര്‍ന്ന് കത്തിക്കയറിക്കൊണ്ട് ഏവരെയും അത്ഭുതപരതന്ത്രരാക്കിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. വിവാദങ്ങളില്‍ നിന്നു സര്‍ക്കാരിനെ രക്ഷിച്ചത് തന്റെ ‘ജനരക്ഷായാത്ര’യാണ് എന്ന് സ്വയം പുകഴ്ത്തി. ”സോളാര്‍, സരിത വിഷയങ്ങളില്‍ മന്ത്രിമാരെ റോഡിലിട്ട് വലിച്ചിഴച്ചപ്പോള്‍ പാര്‍ട്ടി ഒപ്പം നിന്നിട്ടുണ്ട്. ന്യായമായ കാര്യങ്ങളില്‍ കൂടെ നില്‍ക്കാം. എന്നാലിത്തരം കൊള്ളകള്‍ക്ക് കൂട്ടുനില്‍ക്കാന്‍ പാര്‍ട്ടിയെ കിട്ടില്ല. അടൂര്‍ പ്രകാശിന്റെ വസ്തുവിന് ഞാന്‍ കരം അടച്ചാല്‍ ശരിയാകുമോ…” സുധീരന്‍ ചോദിച്ചു. അഴിമതിയുടെ അന്തരീക്ഷമാണ് ഇപ്പോളുള്ളതെന്നും ഇത് അംഗീകരിക്കാനാകില്ലന്നും സുധീരന്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ കരുണ എസ്‌റ്റേറ്റ് പ്രശ്‌നത്തില്‍ ഒരു ക്രമക്കേടുമുണ്ടായിട്ടില്ലെന്ന് സ്ഥാപിക്കാനായി മുഖ്യമന്ത്രി ബന്ധപ്പെട്ട ഉത്തരവുകള്‍ യോഗത്തില്‍ ഹാജരാക്കി. എന്നാല്‍ ഇതൊക്കെ തള്ളിക്കളയുന്നുവെന്നും ഉത്തരവ് പിന്‍വലിക്കുക മാത്രമാണ് ഏക പോംവഴിയെന്നും സുധീരന്‍ തീര്‍ത്ത് പറഞ്ഞു.

സുധീരന്റെ പക്കാ വിമര്‍ശനം ‘എ’, ‘ഐ’ ഗൂപ്പുകളെ ചൊടിപ്പിച്ചു. സുധീരന്റെ നിലപാട് പാര്‍ട്ടിയില്‍ ഐക്യമില്ലാതാക്കിയെന്നും വിമര്‍ശനം അതിരുകടന്നുവെന്നുമാണ് ഗ്രൂപ്പുകളുടെ കരച്ചില്‍. അദ്ദേഹം തന്റെ ചുമതല മറന്നുള്ള നിലപാടുകളാണ് സ്വീകരിക്കുന്നത്. പാര്‍ട്ടിയെയും സര്‍ക്കാരിനെയും യോജിപ്പിച്ച് കൊണ്ടുപോവേണ്ട ചുമതല കെ.പി.സി.സി പ്രസിഡന്റിനാണ്. എന്നാല്‍, അതിനുള്ള ശ്രമമല്ല അദ്ദേഹം നടത്തുന്നത്. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ സുധീരന് ഇടപെട്ട് പരിഹരിക്കാമായിരുന്നു. അതിലൊന്നും അദ്ദേഹം ഇടപെട്ടില്ല. പ്രശ്‌ന പരിഹാരത്തിനുള്ള സജീവ ഇടപെടലുകള്‍ നടക്കുന്നതിനിടെ സര്‍ക്കാരിനെതിരേ അദ്ദേഹം നടത്തിയ കടുത്ത പരാമര്‍ശത്തിനു പിന്നില്‍ മറ്റെന്തോ കാരണമുണ്ട്…ഇങ്ങനെ ഒഴുകുന്നു ഗ്രൂപ്പ് കണ്ണീര്‍. ചങ്കു വേദനിച്ച അവര്‍ ഹൈക്കമാന്‍ഡ് പ്രതിനിധി മുകുള്‍ വാസ്‌നികിന് പരാതി നല്‍കാന്‍ തീരുമാനിച്ചു.

നെല്ലിയാമ്പതിയിലെ സ്റ്റാറ്റസ്‌ക്വോ എന്താണെന്ന് നോക്കാം. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് വെങ്ങുനാട് കോവിലകം വക നെല്ലിയാമ്പതിയിലെ ഭൂമി, ബ്രിട്ടീഷുകാരായ രണ്ട് വ്യക്തികള്‍ക്ക് 75 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയതിന്റെ കാലാവധി 1964ല്‍ അവസാനിക്കുകയും അതേവര്‍ഷം രാജാവ് മരിച്ചതിനെതുടര്‍ന്ന്, കോവിലകത്തിലെ അവകാശികള്‍ പാലക്കാട് സബ് കോടതിയില്‍ ഭാഗംവെക്കല്‍ കേസ് നല്‍കുകയും ചെയ്തിരുന്നു. കോടതി റിസീവര്‍ ഭരണം ഏര്‍പ്പെടുത്തിയ ഈ ഭൂമിയാണ് മരണമടഞ്ഞ രാജാവിന്റെ മകന്‍ നിയമവിരുദ്ധമായി വീണ്ടും പാട്ടത്തിന് നല്‍കിയത്. ബ്രിട്ടീഷ് പൗരന്മാര്‍ 1969ല്‍ ഈ ഭൂമിയുടെ അവകാശം ആലപ്പുഴ സ്വദേശി എന്‍.എം. ജോസഫിന് നല്‍കിയതും നിയമവിരുദ്ധമായിരുന്നുവത്രേ. ജോസഫില്‍നിന്ന് 1979ല്‍ കരുണ എസ്‌റ്റേറ്റുകാര്‍ ജന്മാവകാശമായി വാങ്ങിയ ഇതേ ഭൂമി 2008ല്‍ നെന്മാറ സബ് രജിസ്ട്രാര്‍ ഓഫിസില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്ത പ്രധാന വിവരമാണ് സര്‍ക്കാര്‍ കോടതികളില്‍നിന്ന് മറച്ചുവെച്ചത്. കേസ് നടത്തിപ്പിന്റെ ആദ്യഘട്ടത്തില്‍ രണ്ടാമത്തെ വില്‍പന നടന്നിരുന്നില്ലെന്ന് വാദിക്കാമെങ്കിലും അന്തിമവിധി വരുംമുമ്പ് രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയിരുന്നു.

ഭാഗംവെക്കല്‍ കേസിലുണ്ടായ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ കരുണ എസ്‌റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം നിക്ഷിപ്തമായ കോവിലകം കുടുംബാംഗത്തില്‍നിന്ന് കൂടുതല്‍ സുരക്ഷിതത്വം കരുതി വീണ്ടും രജിസ്റ്റര്‍ ചെയ്തു വാങ്ങിയെന്നാണ് വിശദീകരണം. ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇതിനുള്ള വിലയായി 17.5 ലക്ഷം രൂപ നല്‍കിയെന്നാണ് രേഖ. കരുണയ്‌ക്കെതിരെ ദുര്‍ബലവാദങ്ങള്‍ ഉയര്‍ത്തി കേസ് നടത്തിയ സര്‍ക്കാര്‍ 1993ല്‍ ഹൈകോടതിയില്‍നിന്ന് പ്രതികൂലവിധി വന്നപ്പോള്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ പോലും തയാറായില്ല. 3380 ദിവസം വെച്ചുതാമസിപ്പിച്ച് അപ്പീലിന് പകരം നല്‍കിയ റിവ്യു പെറ്റീഷന്‍ കാലഹരണദോഷം ആരോപിച്ച് കോടതി തള്ളുകയും ചെയ്തു. ഇതിനെതിരെ നാല് വര്‍ഷം കഴിഞ്ഞാണ് സുപ്രീം കോടതിയില്‍ പോയത്.

സുപ്രീം കോടതി അപ്പീല്‍ തള്ളി 2009ല്‍ വിധി പ്രസ്താവിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് രണ്ടാമത്തെ ജന്മാവകാശം വാങ്ങല്‍ എസ്‌റ്റേറ്റ് ഉടമകള്‍ പൂര്‍ത്തിയാക്കിയിരുന്നു. രാജാവിന്റെ മകന്‍ പാട്ടക്കാലാവധി പുതുക്കിയതും പാട്ടഭൂമി കൈവശാവകാശക്കാരന്‍ വില്‍പന നടത്തിയതും വ്യാജരേഖകളുടെ പിന്‍ബലത്തിലാണോ എന്ന് പരിശോധിക്കാന്‍ നിയുക്തമായ ഉദ്യോഗസ്ഥ സമിതി എസ്‌റ്റേറ്റിന് എന്‍.ഒ.സി നല്‍കാന്‍ തീരുമാനിച്ചത് വിചിത്രമായ മറ്റൊരു കാര്യം. കരുണ എസ്‌റ്റേറ്റില്‍ സര്‍ക്കാര്‍ ഭൂമിയില്ലെന്ന മുഖ്യമന്ത്രിയുടെ ഒടുവിലത്തെ വാദം ഹൈകോടതിയുടെ മുന്നിലുള്ള സ്വന്തം സത്യവാങ്മൂലം പാടെ തള്ളുന്നതായെന്ന് വനംവകുപ്പിന്റെ നിയമവിദഗ്ധര്‍ പറയുന്നു. കേരള സര്‍ക്കാര്‍ അരനൂറ്റാണ്ട് മുമ്പ് പാസാക്കിയ ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥ പ്രകാരം കരുണ എസ്‌റ്റേറ്റ് 1970 മുതല്‍ സര്‍ക്കാറില്‍ നിക്ഷിപ്തമാണെന്ന ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി പി. മേരിക്കുട്ടി ഐ.എ.എസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ സത്യവാങ്മൂലം ഹൈകോടതിയുടെ പരിഗണനയിലാണ്. എസ്‌റ്റേറ്റില്‍ സര്‍ക്കാര്‍ ഭൂമിയുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ എസ്‌റ്റേറ്റില്‍ സര്‍ക്കാര്‍ ഭൂമിയില്ല എന്നാണ് ഇക്കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പറഞ്ഞത്…ഇനി ശരിക്കും കഷായം കുടിക്കാം.
***
കേരളത്തിലെ ആദ്യത്തെ ആദര്‍ശവാനാണ് എ.കെ ആന്റണി. തന്റെ ആദര്‍ശ പ്രഘോഷണങ്ങള്‍കൊണ്ട് തന്നെയാണ് ആന്റണി ഇതുവരെയുള്ള എല്ലാ സ്ഥാനമാനങ്ങളും നേടിയെടുത്തത്. കോണ്‍ഗ്രസില്‍ നിരവധി കഴിവുറ്റ ചെറുപ്പക്കാര്‍ അവസരങ്ങളുടെ അടുക്കളപ്പുറത്ത് യാചനാവേദനയോടെ കിടക്കുമ്പോഴാണ് ഈ 76-ാമത്തെ വയസിലും അദ്ദേഹം രാജ്യസഭയിലേയ്ക്ക് ടിക്കറ്റ് സംഘടിപ്പിച്ച് മഹത്തായ ആദര്‍ശം കാഴ്ചവച്ച് പോകുന്നത്. കേരളത്തിലെ രണ്ടാമത്തെ ആദര്‍ശവാനാകാനായി സുധീരന്‍ ആന്റണിക്ക് പഠിച്ചുകൊണ്ടിരിക്കുകയാണ്. ആ പാര്‍ലമെന്റ് മോഹത്തിന്റെ വായനയായിരിക്കാമിപ്പോള്‍ കേള്‍ക്കുന്നത്.
***
ഷാജി കൈലാസ് സംവിധാനം ചെയ്ത് ബിജു മേനോന്‍ നായകനായി അഭിനയിച്ച ‘ശിവം’ എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. മദ്യ വ്യവസായിയായ ദേവരാജനെ കുടുക്കാന്‍ തെളിവുകള്‍ കൈമാറുന്ന പാര്‍ലമെന്റ് മെമ്പര്‍ സുധാകരനോട് (മുരളി) ഇന്‍സ്‌പെക്ടര്‍ ഭദ്രന്‍ (ബിജു മേനോന്‍) പറയുന്നു… ”സാര്‍ ഇടയ്ക്കിടെ ഒന്ന് കണ്ണാടിയില്‍ നോക്കണം. മുട്ടനാടുകള്‍ തമ്മില്‍ കൂട്ടി ഇടിക്കുമ്പോള്‍ ചോര നുണയാന്‍ വരുന്ന ചെന്നായയുടെ മുഖം ഒരു പക്ഷെ കാണുവാന്‍ getNewsImages (3)സാധിക്കുമായിരിക്കും…”

LEAVE A REPLY

Please enter your comment!
Please enter your name here