ഒഹായോ: തന്റെ സംസ്ഥാനം താന്‍ നേടും എന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കുവാന്‍ ഒഹായോ ഗവര്‍ണര്‍ ജോണ്‍ കേസിക്കിന് കഴിഞ്ഞു. സംസ്ഥാനത്തിന് ലഭിക്കുന്ന 66 ഡെലിഗേറ്റുകളെയും ജോണ്‍ സ്വന്തമാക്കി. ഇതോടെ മത്സരത്തില്‍ നിന്ന് ഉടനെ പിന്‍മാറേണ്ട അനിവാര്യതയും ഒഴിവായി.

ഫ്‌ളോറിഡ സെനറ്ററായ മാര്‍ക്കോ റൂബിയോയ്ക്ക് ഒന്നാം സ്ഥാനത്തെത്തി ഫ്‌ളോറിഡയുടെ 99 പ്രതിനിധികളെയും സ്വന്തമാക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ മാര്‍കോയ്ക്ക് പിന്‍മാറേണ്ടി വരും എന്ന പ്രവചനം ഫലിച്ചു. മാര്‍കോ ഡൊണാള്‍ഡ് ട്രമ്പിനോട് പരാജയപ്പെടുകയും പ്രസിഡന്റ് ടിക്കറ്റിനുവേണ്ടിയുള്ള തന്റെ ശ്രമം സസ്‌പെന്റ് ചെയ്യുന്നതായി അറിയിക്കുകയും ചെയ്തു.

ആദ്യപ്രൈമറികളില്‍ വലിയ പ്രതീക്ഷ നല്‍കിയ ജോണ്‍ അധികം ഒച്ചപ്പാടില്ലാതെ തന്റെ പ്രചരണം ഒഹായോവില്‍ കേന്ദ്രീകരിച്ചു. കഴിഞ്ഞ ഡിബേറ്റിലും പ്രധാന വാദപ്രതിവാദങ്ങള്‍ നടന്നത് ഡൊണാള്‍ഡും ടെഡ്ക്രൂസും റൂബിയോയും തമ്മിലായിരുന്നു. തന്റെ ദിവസം വരും എന്ന പ്രതീക്ഷയില്‍ വലിയ കോലാഹലം സൃഷ്ടിക്കാതെ ജോണ്‍ കാത്തിരുന്നു. ചൊവ്വാഴ്ച ഒഹായോവില്‍ നടന്ന പ്രൈമറിയില്‍ ജോണ്‍ 47 ശതമാനം വോട്ടു നേടി ഒന്നാം സ്ഥാനത്തെത്തി. നാം നേരെ ക്ലീവ്‌ലാന്‍ഡിലേക്കാണ് പോകുന്നത് എന്നാണ് വിജയത്തിന്റെ ആഘോഷവേളയില്‍ ജോണ്‍ പറഞ്ഞത്. ശേഷിക്കുന്ന ആയിരത്തോളം വരുന്ന ഡെലിഗേറ്റുകളുടെ ഭൂരിഭാഗവും ജോണ്‍ നേടും എന്ന പ്രതീക്ഷ ജോണിന്റെ നയതന്ത്രജ്ഞന്‍ ജോണ്‍ പ്രകടിപ്പിച്ചു. എന്നാല്‍ ജോണിന് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള റിപ്പബ്ലിക്കന്‍ നോമിനേഷന്‍ ലഭിക്കണമെങ്കില്‍ ശേഷിക്കുന്ന സംസ്ഥാനങ്ങളുടെ ഡെലിഗേറ്റുകളുടെ 85 ശതമാനം കൈക്കലാക്കുവാന്‍ കഴിയണമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടും.

ഇനി നടക്കുന്ന പ്രൈമറികളില്‍ ചിലതില്‍ വോട്ടു ചെയ്യുവാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുഭാവികളായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കഴിയൂ. ഈ നിബന്ധന ടെഡിനും ജോണിനും വലിയ പ്രതീക്ഷ നല്‍കുന്നു. നോമിനേഷന്‍ ലഭിക്കുവാന്‍ ആവശ്യമായ ആയിരത്തി ഇരുനൂറ്റി മുപ്പത്തിയേഴ് ഡെലിഗേറ്റുകളെ ഡൊണാള്‍ഡ് സ്വന്തമാക്കുന്നത് എങ്ങനെയും തടയുക എന്ന തന്ത്രം ടെഡും ജോണും പയറ്റി നോക്കും.

ജോണ്‍ ഉയര്‍ത്തുന്ന വെല്ലുവിളി നിസ്സാരമായി തള്ളിക്കളയാനാവില്ല. ഡൊണാള്‍ഡിനെ വെറുക്കുന്നവരുടെ വോട്ടുകള്‍ ടെഡും ജോണും പങ്കിടാനാണ് സാധ്യത. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജോണിന് വലിയ പിന്തുണയുണ്ട്. ഇവിടെ ഡൊണാള്‍ഡിനെക്കാള്‍ ജോണിനെ വോട്ടര്‍മാര്‍ ഇഷ്ടപ്പെടും എന്നാണ് കണക്കുകൂട്ടലുകള്‍.

അരിസോണയിലും യൂട്ടയിലും (മാര്‍ച്ച് 22), നോര്‍ത്ത് ഡക്കോട്ടയിലും(ഏപ്രില്‍1), വിസ്‌കോന്‍സിനിലും (ഏപ്രില്‍ 5), ന്യൂയോര്‍ക്കിലും (ഏപ്രില്‍ 19), കണക്ടിക്കട്ട്, ഡെലവെയര്‍, മെരിലാന്റ്, പെന്‍സില്‍വാനിയ, റോഡ് ഐലന്റ് എന്നീ സംസ്ഥാനങ്ങളിലും(ഏപ്രീല്‍ 26) നടക്കുന്ന പ്രൈമറികള്‍ നിര്‍ണായകമാണ്. ഇതോടെ ക്ലീവ്‌ലാന്‍ഡില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷനില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നു വ്യക്തമാകും. ഡൊണാള്‍ഡിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പച്ചക്കൊടി കാട്ടുമോ, ഒരു ബ്രോക്കേര്‍ഡ് കണ്‍വെന്‍ഷന്‍ ഉണ്ടാകുമോ, ഡെലിഗേറ്റുകള്‍ക്ക് വീണ്ടും വീണ്ടും (ഫസ്റ്റ് റൗണ്ട്, സെക്കന്റ് റൗണ്ട് എന്നിങ്ങനെ) വോട്ടു ചെയ്യേണ്ടി വരുമോ എന്നെല്ലാം അടുത്തമാസം അവസാനിക്കുമ്പോള്‍ അറിയുവാനാണ് സാധ്യത.

ഇനി പ്രൈമറികള്‍ക്ക് നടക്കുവാനുള്ളത് 22 സംസ്ഥാനങ്ങളിലാണ്. ഇവയില്‍ 18 എണ്ണത്തിലും റിപ്പബ്ലിക്കനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കു പാര്‍ട്ടിയുടെ പ്രൈമറികളില്‍ വോട്ടു ചെയ്യുവാന്‍ കഴിയുകയുളൂളൂ.

LEAVE A REPLY

Please enter your comment!
Please enter your name here