വീടു വിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച, ഓക്‌സ്‌ഫോര്‍ഡ് സ്‌കൂള്‍ വെടിവെപ്പ് കേസിലെ പ്രതിയായ പതിനഞ്ചുകാരന്റെ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ഏഥന്‍ ക്രംബിയുടെ മാതാപിതാക്കളായ ജെന്നിഫറും ജെയിംസ് ക്രംബ്ലിയുമാണ് അറസ്റ്റിലായത്. മാതാപിതാക്കള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും കാണാതായത്.

ജെന്നിഫറും ജെയിംസ് ക്രംബ്ലിയും ഒളിവില്‍ പോയതോടെ പോലീസ് ഇവര്‍ക്കെതിരെ വാണ്ടഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും കണ്ടെത്തിയത്. ദമ്പതികളുടെ എസ്യുവി പുലര്‍ച്ചെ രണ്ട് മണിക്ക് മുമ്പ് അവരുടെ ഓക്സ്ഫോര്‍ഡ് വീട്ടില്‍ നിന്ന് 50 മൈല്‍ അകലെയുള്ള മോട്ടോര്‍ സിറ്റിയില്‍ കണ്ടെത്തിയിരുന്നു.

വാഹനം പാര്‍ക്ക് ചെയ്തിരുന്നതിന് സമീപത്തെ കെട്ടിട ഉടമയാണ് പോലീസിനെ വിവരമറിയിച്ചത്. അറസ്റ്റിലായ ഇരുവരേയും ഉടന്‍ തന്നെ ഓക്ലാന്‍ഡ് കൗണ്ടി ജയിലിലേക്ക് മാറ്റുമെന്ന് ഓക്ലാന്‍ഡ് കൗണ്ടി അണ്ടര്‍ഷെറിഫ് മൈക്ക് മക്കേബ് പറഞ്ഞു. ഏഥന്റെ സ്‌കൂളിലെ മോശം പെരുമാറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും അവനെ തിരുത്താന്‍ ശ്രമിക്കാതിരുന്നതിനും തോക്ക് വാങ്ങി നല്‍കിയതിനുമാണ് മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം ജെന്നിഫറും ജെയിംസ് ക്രംബ്ലിയും തങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് നഗരം വിട്ടതെന്നും നിയമപാലകരില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരിക്കലും ശ്രമിക്കുന്നില്ലെന്നും അവരുടെ അഭിഭാഷകര്‍ വാദിച്ചു. നാല് ഫസ്റ്റ് ഡിഗ്രി കൊലപാതകം, ഭീകരപ്രവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാത്ത വകുപ്പിലാണ് പതിനഞ്ചുകാരനായ പ്രതി ഏഥാനെ തടവിലാക്കിയിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here