ഭീമാകാരനായ മുതല കാലില്‍ കടിച്ചുവലിച്ച് വെള്ളത്തിനടിയിലേക്ക് കൊണ്ടു പോയ പതിനെട്ടുകാരി അമേലി ഓസ്‌ബോണ്‍ സ്മിത്ത് മരണത്തിന്റെ വായില്‍ നിന്നാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. ഇപ്പോഴും ജീവിച്ചിരിക്കുന്നതില്‍ താന്‍ ഭാഗ്യവതിയാണെന്ന് അപകടത്തിനു ശേഷം അമേലി പ്രതികരിച്ചു. സാംബിയയിലെ സാംബെസി നദിയില്‍ വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ് നടത്തുന്നതിനിടെയാണ് അമേലിയെ മുതല ആക്രമിച്ചത്.

മുതല അമേലിയുെട കാലില്‍ കടിച്ചുവലിച്ച് വെള്ളത്തിനടിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അമേലി പ്രാണരക്ഷാര്‍ത്ഥം മുതലയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ പരിശ്രമിക്കുകയും അതോടൊപ്പം അമേലിയുടെ സുഹൃത്തുക്കള്‍ ബോട്ടില്‍ നിന്ന് വെള്ളത്തിലേക്ക് ചാടി മുതലയുടെ പിടിയില്‍ നിന്ന് അമേലിയെ രക്ഷിക്കുയുമായിരുന്നു.

തിരികെ ബോട്ടിലെത്തിച്ച അമേലിക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയതിനു ശേഷം ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. മുതല കടിച്ചു വലിച്ച കാല്‍ മുറിച്ചു മാറ്റേണ്ടി വരുമെന്നാണ് താന്‍ ചിന്തിച്ചതെന്ന് അമേലി പിന്നീട് പറഞ്ഞു. എന്നാല്‍ സമയത്ത് ചികിത്സ ലഭ്യമായതിനാല്‍ ദുരന്തം ഒഴിവായി. ആക്രമണത്തില്‍ അമേലിക്ക് നിരവധി പരിക്കുകള്‍ പറ്റിയെങ്കിലും ഭാഗ്യവശാല്‍ രക്ഷപ്പെടുകയായിരുന്നു. അവളുടെ വലതു കാലിന് ഗുരുതരമായ പരിക്കേല്‍ക്കുകയും ഇടുപ്പിന് സ്ഥാനഭ്രംശം സംഭവിക്കുകയും ചെയ്തു.

മരണത്തെ മുന്നില്‍ കാണുന്ന നിമിഷം നിങ്ങളുടെ കണ്‍മുന്നിലൂടെ ജീവിതം മിന്നിമറയുമെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്, എന്നാല്‍ മരണത്തെ മുന്നില്‍ കണ്ട നിമിഷത്തില്‍ താന്‍ ചിന്തിച്ചത് എങ്ങനെ രക്ഷപ്പെടാം എന്ന് മാത്രമാണെന്ന് അമേലി പറഞ്ഞു. മകളുടെ ആത്മധൈര്യം കൊണ്ടുമാത്രമാണ് അവള്‍ ഭയപ്പെടാതെ പിടിച്ചു നിന്നതെന്ന് അമേലിയുടെ പിതാവ് ബ്രെന്റ് ഓസ്‌ബോണ്‍-സ്മിത്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here