ഓക്‌സ്‌ഫോര്‍ഡ് സ്‌കൂളിലെ വെടിവെപ്പിനെത്തുടര്‍ന്ന് നാല് കുട്ടികള്‍ കൊല്ലപ്പെട്ട ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗണ്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷനെ വിമര്‍ശിച്ച് വോയിസ്‌മെയില്‍ അയച്ച മാധ്യമപ്രവര്‍ത്തകയെ ന്യൂയോര്‍ക്ക് ടൈംസ് സ്ഥാപനത്തില്‍ നിന്ന് പുറത്താക്കി. ന്യൂയോര്‍ക്ക് ടൈംസിന്റെ വയര്‍കട്ടര്‍ വെബ്സൈറ്റിലെ എഡിറ്ററായ എറിന്‍ മാര്‍ക്വിസിനെയാണ് പുറത്താക്കിയത്.

നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ഗണ്‍ റൈറ്റ്‌സിന്റെ മിഷിഗണ്‍ സ്റ്റേറ്റ് അഫിലിയേറ്റ് ആയ ഗ്രേറ്റ് ലേക്ക്‌സ് ഗണ്‍ റൈറ്റ്‌സിനാണ് എറിന്‍ വോയിസ് മെയില്‍ അയച്ചത്. ‘ഹായ്, ഞാന്‍ ന്യൂയോര്‍ക്ക് ടൈംസിലെ ഒരു പത്രപ്രവര്‍ത്തകയാണ്, എനിക്ക് നിങ്ങളോട് കുറച്ച് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്, രാത്രിയില്‍ നിങ്ങള്‍ എങ്ങനെ ഉറങ്ങും? ഒരു നരകം ഉണ്ടാകുമോ എന്ന് നിങ്ങള്‍ അല്‍പ്പമെങ്കിലും ആശങ്കപ്പെടുന്നില്ലേ? മരണശേഷം നിങ്ങള്‍ ദൈവത്തെ കണ്ടുമുട്ടുമ്പോള്‍, അവന്‍ തീര്‍ച്ചയായും നിങ്ങളെ അവിടേക്ക് അയച്ചേക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലേ?

ഇത് രാഷ്ട്രീയവത്കരിക്കുന്നത് നിങ്ങളാണെന്ന് തോന്നുന്നു. ഞാന്‍ ന്യൂയോര്‍ക്ക് ടൈംസില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയാണ്. ഇവിടെയുള്ള എല്ലാവരേയും നിങ്ങള്‍ എങ്ങനെയുള്ള വൃത്തികെട്ടവരാണെന്ന് അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാണ് ആദ്യത്തെ വോയിസ് മെയിലില്‍ എറിന്‍ പറഞ്ഞത്. രണ്ടാമത്തെ സന്ദേശത്തില്‍ കൂടുതല്‍ ക്രോധത്തോടെയാണ് എറിന്‍ സംസാരിച്ചത്. ‘നിങ്ങള്‍ പിശാചുക്കളേ, സ്വര്‍ഗത്തില്‍ ഒരു ദൈവമുണ്ടെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, അതിനാല്‍ നിങ്ങള്‍ മരിക്കുമ്പോള്‍ അവന്‍ നിങ്ങളെ വിധിക്കും. എന്നാണ് രണ്ടാമത്തെ വോയിസ് മെയിലില്‍ പറഞ്ഞത്.

വോയിസ് മെയില്‍ അയച്ചതിനു പിന്നാലെ ഗണ്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ഇത് പബ്ലിക്കായി ഷെയര്‍ ചെയ്യുകയും ന്യൂയോര്‍ക്ക് ടൈംസ് ഇക്കാര്യത്തില്‍ മാപ്പ് പറയുമെന്നും തങ്ങളുടെ റിപ്പോര്‍ട്ടറെ താക്കീത് ചെയ്യുമെന്ന് കരുതുന്നതായും ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അന്വേഷണ വിധേയമായി ന്യൂയോര്‍ക്ക് ടൈംസ് എറിനെ പിരിച്ചുവിട്ടത്.

ന്യൂയോര്‍ക്ക് ടൈംസിന്റെ പേര് പ്രൊഫഷണലല്ലാത്ത രീതിയില്‍ ആവര്‍ത്തിച്ച് വിളിക്കുന്നത് ടൈംസിന്റെയും തങ്ങളുടെ എല്ലാ പത്രപ്രവര്‍ത്തകരുടെയും പേരിന് കളങ്കം വരുത്തുന്നുവെന്നും അത് തങ്ങളുടെ നയങ്ങളുടെ വ്യക്തമായ ലംഘനമാണ്, അത് സഹിക്കാന്‍ കഴിയില്ലെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. ‘ഞങ്ങളുടെ മൂല്യങ്ങള്‍ക്കും ഉയര്‍ന്ന ധാര്‍മ്മിക മാനദണ്ഡങ്ങളോടുള്ള പ്രതിബദ്ധതയ്ക്കും അനുസൃതമായ രീതിയില്‍ ഞങ്ങളുടെ ജീവനക്കാര്‍ പെരുമാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’ എന്നും പ്രസ്താവനയില്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here