കാട്ടുതീയില്‍ സ്വന്തം വീട് കത്തി നശിക്കുന്നതിന്റെ ഭീകര ദൃശ്യങ്ങള്‍ ഡോര്‍ബെല്‍ ക്യാമറയിലൂടെ കണ്ട് യുവതി. വ്യാഴാഴ്ച ഡെന്‍വറിന് പുറത്തുള്ള സുപ്പീരിയര്‍, ലൂയിസ്വില്ലെ നഗരങ്ങളില്‍ ശക്തമായ കാറ്റുവീശിയതിനെനെത്തുടര്‍ന്ന് പടര്‍ന്നു കയറിയ കാട്ടു തീ അഞ്ഞൂറോളം വീടുകളെയാണ് ചുട്ടുചാമ്പലാക്കിയത്. തീപിടുത്തത്തിനു മുന്‍പായി കനത്ത പുക ഉയര്‍ന്നപ്പോള്‍ തന്നെ രക്ഷപ്രവര്‍ത്തനം സാധ്യമാക്കാന്‍ കഴിഞ്ഞതിനാല്‍ മരണങ്ങള്‍ ഒഴിവായി.

ജനങ്ങളെ സുരക്ഷിതരായി മാറ്റിപ്പാര്‍പ്പിക്കാന്‍ സാധിച്ചു. അതേസമയം ഏഴോളം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. തീപിടിത്തത്തെത്തുടര്‍ന്ന് മരണമോ ആരെയെങ്കിലും കാണാതായതായോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാട്ടുതീ പടര്‍ന്നതിനെത്തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകളെയാണ് വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്.

അതേസമയം സുരക്ഷിത കേന്ദ്രത്തിലിരുന്ന് തന്റെ വീട്ടിലെ ഡോര്‍ബെല്‍ ക്യാമറയില്‍ ലോഗിന്‍ ചെയ്ത് കാട്ടു തീ വീടിനെ പൂര്‍ണ്ണമായി വിഴുങ്ങുന്നതിന്റെ ഭീകര ദൃശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വെന്‍ഡി എന്ന യുവതി പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വ്യാഴാഴ്ച വൈകിട്ടാണ് വെന്‍ഡി ട്വിറ്ററില്‍ ഭയപ്പെടുത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തത്.

തന്റെ വീട് ഇപ്പോഴും നിലവിലുണ്ടോ എന്ന് തനിക്ക് ഉറപ്പില്ലെന്ന് വെന്‍ഡി കുറിച്ചു. ഉച്ചയ്ക്ക് 1:30 മണിയോടെ അവളുടെ വീട്ടുമുറ്റത്തും പരിസരത്തും തീയും കനത്ത പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. തീ വീടിനു മേലേക്ക് ആളിപ്പടര്‍ന്നതോടെ അല്‍പ്പ സമയത്തിനു ശേഷം ക്യാമറയുടെ കണക്ഷന്‍ നഷ്ടപ്പെട്ടു.

‘ഞാന്‍ തളര്‍ന്നിരിക്കുന്നു. ഞങ്ങളുടെ വീട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ, എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല, ‘തീജ്വാലകള്‍ ദൃശ്യമാകുന്നതിന് നാല് മിനിറ്റ് മുമ്പ് ഇവിടെ നീലാകാശം ഉണ്ടായിരുന്നു, വീഡിയോയ്ക്ക് താഴെ യുവതി എഴുതി. 2021 ഡിസംബര്‍ 30നാണ് കൊളറാഡോയിലെ സുപ്പീരിയറില്‍ നൂറുകണക്കിന് വീടുകള്‍ കാട്ടുതീയില്‍ കത്തി നശിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here