സ്‌കൂളില്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന ഉച്ചഭക്ഷണം അവരുടെ വിശപ്പകറ്റാന്‍ പര്യാപത്മല്ലെന്ന പരാതിയുമായി രക്ഷിതാവ്. ന്യൂയോര്‍ക്കിലെ പാരിഷ്വില്ലെ-ഹോപ്കിന്റണ്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഡിസ്ട്രിക്റ്റില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി ലഭിക്കുന്നത് നാല് ചെറിയ ചിക്കന്‍ നഗറ്റുകളും കുറച്ച് ക്യാരറ്റും വളരെ കുറച്ച് റൈസുമാണെന്ന് രക്ഷിതാക്കളിലൊരാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

ന്യൂയോര്‍ക്കിലെ ഹോപ്കിന്റണിലെ ക്രിസ് വാംഗെലോ എന്ന വ്യക്തിയാണ് തന്റെ കുട്ടികള്‍ക്ക് ലഭിക്കുന്ന ഉച്ച ഭക്ഷണത്തിന്റെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതവരുടെ വിശപ്പടക്കില്ലെന്ന് വാംഗെലോ കുറിച്ചു. വിശപ്പടക്കില്ലെന്ന് മാത്രമല്ല കുട്ടികള്‍ക്ക് ആവശ്യമായ യാതൊരു പോഷകങ്ങളും ഈ ഭക്ഷണത്തില്‍ നിന്ന് ലഭിക്കില്ലെന്നും അദ്ദേഹം കുറിച്ചു.

ഈ പോസ്റ്റ് കണ്ട് നിങ്ങള്‍ തരുന്ന പണത്തിനനുസരിച്ചുള്ള ഭക്ഷണമേ നിങ്ങളുടെ കുട്ടിക്ക് കിട്ടൂ, അതല്ലെങ്കില്‍ അവര്‍ക്ക് ഭക്ഷണം കൊടുത്തു വിട്ടോളൂ എന്ന കമന്റുമായി ആരും ഈ വഴിക്ക് വരരുതെന്നും വാംഗെലോ പറഞ്ഞു. അതു ശരിയാണ് അങ്ങനെ ചെയ്യാവുന്നതേയുള്ളൂ, പക്ഷേ എല്ലാ രക്ഷിതാക്കള്‍ക്കും ദിവസവും പണം നല്‍കാനോ, വീട്ടില്‍ നിന്ന് ഫുഡ് കൊടുത്തു വിടാനോ കഴിയണമെന്നില്ല. അങ്ങനെയുള്ളവരുടെ കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണമാണ് ആശ്രയം. എന്നാല്‍ അതിത്ര പരിതാപകരമാകരുത് എന്നും വാംഗെലോ പറഞ്ഞു.

വാംഗെലോയുടെ പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സ്‌കൂളില്‍ നേരിട്ട് പോയി പരാതി നല്‍കണമെന്ന് പലരും കമന്റ് ചെയ്തു. അതേസമയം പോസ്റ്റ് വൈറലായതിന് പിന്നാലെ സ്‌കൂള്‍ സൂപ്രണ്ട് വില്യം കോളിന്‍സ് ജില്ലാ വെബ്‌സൈറ്റില്‍ ഒരു പൊതു സന്ദേശം പോസ്റ്റ് ചെയ്തു. രക്ഷിതാവ് പ്രകടിപ്പിച്ച ആശങ്ക മനസ്സിലാക്കുന്നുവെന്നും ഉഭക്ഷണത്തില്‍ കുറച്ചുകൂടി മാറ്റം വരുത്താന്‍ ശ്രദ്ധിക്കാമെന്നും കോളിന്‍സ് പ്രതികരിച്ചു.

ബോര്‍ഡ് ഓഫ് കോഓപ്പറേറ്റീവ് എജ്യുക്കേഷണല്‍ സര്‍വീസസ് മുഖേനയാണ് സ്‌കൂള്‍ അതിന്റെ ഭക്ഷണത്തിനായി കരാര്‍ ചെയ്യുന്നതെന്ന് സ്‌കൂള്‍ മേധാവി വ്യക്തമാക്കി. രാജ്യത്തെ എല്ലാ പൊതുവിദ്യാലയങ്ങളെയും പോലെ ഞങ്ങളും കൃത്യമായ പോഷകാഹാര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തന്നെയാണ് നടപ്പിലാക്കുന്നത്. അതിനാല്‍ സ്‌കൂള്‍ ഉച്ചഭക്ഷണം എത്ര വ്യത്യസ്തമാകുമെന്നതിന് പരിമിതികളുണ്ട്, കോളിന്‍സ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here