പി പി ചെറിയാന്‍

ഡാളസ്: വളരെ അപൂര്‍വമായി മാത്രം അതിശൈത്യത്തിന്റെ പിടിയിലമരുന്ന ഡാളസില്‍ ഫെബ്രു. 2 രാത്രി മുതല്‍ തോരാതെ പെയ്ത മഴയില്‍ നിന്നും , ഹിമപാതത്തില്‍ നിന്നും ഐസ് മഴയില്‍ നിന്നും വെള്ളിയാഴ്ച വൈകീട്ടോടെ സാവകാശം മോചനം പ്രാപിച്ചു വരുന്നു. മഴയും ഹിമപാതവും പൂര്‍ണ്ണമായും അവസാനിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി മുതല്‍ നിരത്തിലിറങ്ങാതെയിരുന്ന വാഹനങ്ങള്‍ വെള്ളിയാഴ്ച വൈകിയതോടെ പുറത്തിറങ്ങി തുടങ്ങി. വെള്ളിയാഴ്ച രാത്രി വീണ്ടും താപനില താഴുന്നതിനുള്ള സാധ്യതയുണ്ടെന്നും ശനിയാഴ്ച വീണ്ടും റോഡുകളില്‍ ഐസ് രൂപപ്പെടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച രാത്രിയോടെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകും. റോഡില്‍ ഗ്‌ളാസ് കണക്കെ ഐസ് പാളികള്‍ രൂപപ്പെട്ടത് വ്യാഴാഴ്ച രാവിലെ പുറത്തിറങ്ങിയ ചുരുക്കം വാഹനങ്ങളില്‍ പലതും അപകടത്തില്‍പെട്ടിരുന്നു. ഐസിനു മുകളിലൂടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം തെന്നിമാറിയാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഉണ്ടായ കനത്ത ഹിമപാതം വൈദ്യതി വിതരണത്തെ ദിവസങ്ങളോളം തകരാറിലാക്കിയിരുന്നു. ഈ വര്‍ഷം ഇതൊഴിവാക്കുന്നതിന് ഗവര്‍ണര്‍ നേരിട്ട് ഇടപെട്ട് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു.

റോഡുഗതാഗതം തടസ്സപ്പെട്ടതിന് പുറമെ ഡാളസ്സിലെ പ്രധാന വിമാനത്താവളങ്ങളായ ഡി.എഫ്ഡ.ബ്‌ള്യു, ലൗവ് ഫീല്‍ഡ് എന്നിവയില്‍ നൂറുകണക്കിന് സര്‍വീസുകളാണ് നിര്‍ത്തി വച്ചത്. അത്യാവശ്യ സര്‍വീസുകളില്‍ ചുരുക്കം ജീവനക്കാര്‍ മാത്രമാണ് ജോലിക്കെത്തിയത്. ആശുപത്രി അധികൃതര്‍ ജീവനക്കാര്‍ക്ക് സൗജന്യ ഹോട്ടല്‍ സൗകര്യം ചെയ്തിരുന്നു. ഞായറാഴ്ചയുടെ റെയില്‍ ബസ്സ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here