ചെയ്യാത്ത തെറ്റിന് പതിമൂന്ന് ദിവസം ജുവനൈല്‍ തടങ്കലില്‍ കഴിഞ്ഞ് പതിമൂന്നുകാരി. ഫ്‌ളോറിഡയിലെ നിയ വിംസ് എന്ന ഏഴാം ക്ലാസുകാരിക്കണ് താന്‍ ചെയ്യാത്ത തെറ്റിന് പതിമൂന്നു ദിവസം തടവില്‍ കഴിയേണ്ടി വന്നത്. നിയയുടെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് സ്‌കൂളിന് ബോംബ് ഭീഷണിയും അധ്യാപകരിലൊരാള്‍ക്ക് മറ്റ് ഭീഷണികളും ഉണ്ടായ സാഹചര്യത്തിലാണ് കുട്ടിയുടെ പേരില്‍ കേസെടുത്തത്.

അന്വേഷണ വിധേയമായി നിയയെ അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തില്‍ നിയയുടെ പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കിയത് നിയയുടെ ഒരു മുന്‍ സഹപാഠി ആയിരുന്നുവെന്ന് മനസ്സിലായി. നിയ അറസ്റ്റിലായ ദിവസവും നിയയുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്ന് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തുടരന്വേഷണം നടത്തിയത്.

ഇതില്‍ നിന്ന് നിയയുടെ മുന്‍ സഹപാഠിയാണ് വ്യാജ ഐഡിയുണ്ടാക്കി സ്‌കൂളിനെതിരെ ഭീഷണി സന്ദേശമയച്ചതെന്ന് മനസ്സിലായി. സഹപാഠി എന്തിനാണ് നിയയുടെ പേരില്‍ അക്കൗണ്ടുണ്ടാക്കിയതെന്നും സ്‌കൂളിന് നേരെ ബോംബ് ഭീഷണി ഉയര്‍ത്തിയതെന്നും വ്യക്തമല്ല. ഇതു സംബന്ധിച്ച അന്വേഷണം നടന്നു വരികയാണ്. അതേസമയം സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നിയയുടെ മാതാപിതാക്കള്‍ കേസ് കൊടുത്തിരിക്കുകയാണ്.

തെറ്റ് ചെയ്തത് തങ്ങളുടെ മകളല്ലെന്നും ഇക്കാര്യത്തില്‍ വിശദമായി സംസാരിക്കണമെന്നും ആവശ്യപ്പെട്ട് പലതവണ സ്‌കൂള്‍ അധികൃതരെ സമീപിച്ചിട്ടും അനുകൂലമമായി മറുപടി നല്‍കിയില്ലെന്നും അവഗണിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റ്ഗ്രാമിനും അതിന്റെ മാതൃ കമ്പനിയായ മെറ്റയുടെയും പേരിലും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം ചെയ്യാത്ത തെറ്റിന് തടവില്‍ കഴിയേണ്ടി വന്നതിന് താന്‍ ഖേദിക്കുന്നുവെന്ന് കേസ് പരിഗണിക്കവെ ജഡ്ജി നിയയോട് പറഞ്ഞു. അത് കുഴപ്പമില്ല എന്നായിരുന്നു നിയയുടെ മറുപടി. എല്ലാവരംു അത് ഞാനാണല്ലോ എന്ന് തെറ്റിദ്ധരിച്ചതിലാണ് തനിക്ക് സങ്കടമെന്നും കുട്ടി പറഞ്ഞു. എന്നാല്‍ ഇതിന് കാരണക്കാരായവരോട് ക്ഷമിക്കാന്‍ കഴിയില്ലെന്ന് നിയയുടെ അമ്മ പറഞ്ഞു. തങ്ങളുടെ ഭാഗം കേള്‍ക്കാതെ തങ്ങളുടെ കുട്ടിയെ പ്രതിക്കൂട്ടിലാക്കിയവര്‍ ആദ്യം സ്വന്തം ഉത്തരവാദിത്വം നന്നായി ചെയ്യട്ടെയെന്നും നിയയുടെ അമ്മ പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here