ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് കോണ്‍സുലേറ്റിന്റെ പാസ്‌പോര്‍ട്ട് സര്‍വീസുകള്‍ മെയ് ഏഴു മുതല്‍ കോക്‌സ് ആന്‍ഡ് കിംഗ്‌സ് (സി.കെ.ജി.എസ്) ഏറ്റെടുക്കും. ഇപ്പോള്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ സര്‍വീസ് ചെയ്യുന്നത് ബി.എല്‍.എസ് ആണ്. ഏപ്രില്‍ 22 വരെ അവരെ പാസ്‌പോര്‍ട്ട് പുതുക്കാനും മറ്റുമുള്ള അപേക്ഷ സ്വീകരിക്കും. അതിനുശേഷം മെയ് ഏഴുവരെ എമര്‍ജന്‍സി സര്‍വീസുകള്‍ മാത്രമാണ് അവര്‍ നടത്തുക- പുതുതായി ചാര്‍ജ് എടുത്ത കോണ്‍സല്‍ ജനറല്‍ റിവ ഗാംഗുലി ദാസ് അറിയിച്ചു.

വിശദ വിവരങ്ങള്‍ ഉടന്‍ തന്നെ കോണ്‍സുലേറ്റിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇപ്പോള്‍ വിസ സംബന്ധമായ കാര്യങ്ങള്‍ സി.കെ.ജി.എസ് ആണ് നടത്തുന്നത്. പാസ്‌പോര്‍ട്ട് സര്‍വീസുകള്‍ കൂടി ലഭിക്കുന്നതോടെ ഒരൊറ്റ ഏജന്‍സിയുടെ കീഴിലാകും. വിസ-പാസ്‌പോര്‍ട്ട് സര്‍വീസുകള്‍ക്കായി സി.കെ.ജി.എസ് പുതിയ ഒരു ഓഫീസ് കൂടി തുറക്കുമെന്ന് ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. മനോജ് കുമാര്‍ മല്‍ഹോത്ര പറഞ്ഞു.

പുതുതായി ചാര്‍ജെടുത്ത കോണ്‍സല്‍ ജനറല്‍ ന്യൂയോര്‍ക്ക് മേഖലയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ സൗഹാര്‍ദ്ദ സംഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

“തത്കാല്‍’ സംവിധാനം വഴി പാസ്‌പോര്‍ട്ട് മണിക്കൂറുകള്‍ക്കകം ലഭ്യമാക്കാന്‍ സംവിധാനമുണ്ടെന്ന് അവര്‍ അറിയിച്ചു. പേപ്പര്‍ വര്‍ക്ക് എല്ലാം കൃത്യമായി ഉണ്ടെങ്കില്‍ താമസമൊന്നും വരില്ല.

 

സി.കെ.ജി.എസ് വിസ സര്‍വീസുകള്‍ ഏറ്റെടുത്തപ്പോള്‍ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടായത് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു.

കോണ്‍സുലേറ്റുമായി ബന്ധമുള്ള ഏതൊരു പ്രശ്‌നത്തെപ്പറ്റിയും ഇമെയില്‍ വഴിയോ ഫോണ്‍ വഴിയോ ബന്ധപ്പെടാം. ഉറപ്പായും മറുപടി ലഭിക്കുമെന്നു മൊഹപത്ര പറഞ്ഞു. 1.8 മില്യന്‍ ഇന്ത്യക്കാര്‍ക്കാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് സേവനമെത്തിക്കുന്നത്. അതു കുറ്റമറ്റ രീതിയില്‍ നടത്തുക ക്ഷിപ്രസാദ്ധ്യമല്ലെന്നു ദാസ് പറഞ്ഞു. പക്ഷെ പരാതികള്‍ ഒഴിവാക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്.

ഒ.സി.ഐ കാര്‍ഡ് പോലുള്ള സേവനങ്ങള്‍ക്ക് അപേക്ഷിച്ചവരില്‍ നിരവധി പേര്‍ അവ കൈപ്പറ്റാത്ത സ്ഥിതിയുണ്ട്. അതു കോണ്‍സുലേറ്റില് ഏറെക്കാലം സൂക്ഷിക്കുക ദുഷ്കരമാണ്. അതിനാല്‍ കോണ്‍സുലേറ്റില്‍ നിന്ന് അത്തരം രേഖകള്‍ വാങ്ങാന്‍ അപേക്ഷകര്‍ ശ്രദ്ധിക്കണം.

സമൂഹവുമായുള്‌ല ബന്ധം മെച്ചപ്പെടുത്തുകയാണ് തന്റെ പ്രധാന ദൗത്യമെന്നവര്‍ പറഞ്ഞു. ഇന്‍ഡോ- യു.എസ് ബന്ധം മെച്ചപ്പെടുത്തുന്നതില്‍ യു.എസിലെ ഇന്ത്യക്കാര്‍ വഹിക്കുന്ന പങ്ക് തികച്ചും അഭിനന്ദനാര്‍ഹമാണ്. അത് ഇനിയും തുടരണം. ഇന്‍ഡോ- യു.എസ് സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിലുണ്ടാകും. യുവതലമുറയെ ഇന്‍ഡ്യയുമായി കൂടുതല്‍ ബന്ധപ്പെടുത്തുകയെന്നതാണ് മറ്റൊരു ദൗത്യം- അവര്‍ ചൂണ്ടിക്കാട്ടി.

ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ഏപ്രില്‍ 21 മുതല്‍ 29 വരെ ഒഹായോയിലെ സിന്‍സിനാറ്റി സന്ദര്‍ശിക്കുമെന്നവര്‍ പറഞ്ഞു. ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെടുകയും, അമേരിക്കന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. ഏപ്രില്‍ 22-ന് ഏട്രിയം ഹോട്ടലില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.

ഏപ്രില്‍ 23-നു സി.കെ.ജി.എസ് വിസ-ഒ.സി.ഐ ക്യാമ്പ് നടത്തുന്നുണ്ട്. വിശദ വിവരങ്ങള്‍ എന്ന www.ckgs.us വെബ്‌സൈറ്റില്‍ ലഭിക്കും. ഹോംവുഡ് സ്യൂട്ട്‌സില്‍ രാവിലെ 9 മുതല്‍ 12 വരെയാണ് ക്യാമ്പ്. ഓണ്‍ലൈന്‍ വഴി അപ്പോയിന്റ്‌മെന്റ് എടുക്കണം.

ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റെ തലസ്ഥാനമായ ആല്‍ബനിയില്‍ ഏപ്രില്‍ 15-16 തീയതികളില്‍ വിവിധ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി റിവാ ദാസ് സംഭാഷണം നടത്തും. ഹിന്ദു കള്‍ച്ചറല്‍ സെന്ററില്‍ വച്ചാണ് വിവിധ പരിപാടികള്‍. ഏപ്രില്‍ 16-നു കോണ്‍സുലര്‍ സര്‍വീസിനു വേണ്ടിയുള്ള ക്യാമ്പ് നടത്തും. വൈകിട്ട് പൊതുസമ്മേളനവും സാംസ്കാരിക പരിപാടികളും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here