ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ ദിനം ജൂലൈ മൂന്നിന് സെന്റ് വിന്‍സെന്റ് ഡീപോള്‍ സീറോ-മലങ്കര കാത്തലിക്കില്‍ ആഘോഷിക്കും. ന്യൂയോര്‍ക്കിലെ എല്‍മോണ്ടിലെ കത്തീഡ്രലില്‍ വൈകുന്നേരം 5:00 മണിക്കാണ് പരിപാടി. വി. തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനമായ ജൂലൈ 3ന് ഇന്ത്യയിലെ ക്രിസ്തുമതത്തിന്റെ പൈതൃകവും പാരമ്പര്യവും ആഘോഷിക്കും. ഈ വലിയ ആഘോഷത്തിന്റെ സമയത്ത് തോമാശ്ലീഹായുടെ ജീവിതവും ശുശ്രൂഷയും അനുസ്മരിക്കുന്നതിനൊപ്പം ഭാരതത്തെ സംബന്ധിച്ച് ക്രിസ്തീയത ഒരു വിദേശ മതമല്ല എന്നു ഊട്ടിയുറപ്പിക്കുക കൂടി ചെയ്യുന്നു.

എഡി 52ല്‍ അപ്പോസ്തലനായ വി. തോമസ് യേശുക്രിസ്തുവിന്റെ സുവിശേഷവുമായി ഭാരതത്തിലെത്തിയതിന്റെ ഓര്‍മ്മയ്ക്കായാണ് പരമ്പരാഗതമായി ജൂലൈ 3 സെന്റ് തോമസ് ദിനമായി ആചരിക്കുന്നത്. തമിഴ്‌നാട്ടില്‍ ചെന്നെയ്ക്കടുത്ത് എഡി 72ല്‍ തോമാശ്ലീഹാ രക്തസാക്ഷിയായി എന്നത് ചരിത്രപരമായി അംഗീകരിക്കപ്പെട്ട വസ്തുതയാണ്. 2021 മുതല്‍ അടയാളപ്പെടുത്തിയതു പോലെ ക്രിസ്തുവിന്റെ അനുയായികളെന്ന നിലയില്‍ ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തിനുള്ളിലെ സ്വത്വം കാത്തു സൂക്ഷിക്കാനും ഭാഷയ്ക്കും ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ദേശങ്ങള്‍ക്കും മതങ്ങള്‍ക്കുമതീതമായി നമ്മോടൊപ്പം ഈ വിശ്വാസം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവരോട് ഒരുമിച്ചു നില്‍ക്കാന്‍ നമുക്ക് സാധിക്കണമെന്ന് പരിപാടിയുടെ സംഘാടകര്‍ പ്രസ്താവിച്ചു.

ഇത് ഹിന്ദുത്വ മൗലികവാദികള്‍ പ്രചരിപ്പിക്കുന്ന നുണപ്രചരണങ്ങളെ മറികടക്കാന്‍ ക്രിസ്തുമതത്തെ സഹായിക്കുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ മുന്‍ വക്താവ് ഫാദര്‍ ബാബു ജോസഫ് പറഞ്ഞു. ഭാരതത്തിന്റെ ചരിത്രത്തില്‍ ക്രീസ്തീയതയുടെ സ്ഥാനം എന്താണെന്ന് മനസ്സിലാക്കാനും അതോടൊപ്പം ക്രിസ്തീയത ഒരു വിദേശ മതമാണെന്ന വലതുപക്ഷ തീവ്രവാദികളുടെ തെറ്റിദ്ധരിപ്പിക്കലുകള്‍ക്ക് മറുപടിയായും ഇതൊരു സുപ്രധാന ചുവടുവെപ്പാണെന്നും ഫാദര്‍ ബാബു ജോസഫ് പറഞ്ഞു.

ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനത്തില്‍ ആഘോഷിക്കാന്‍ കഴിയുന്നത് അഭിമാനകരമാണെന്ന് പരിപാടിയുടെ സ്ഥാപകരിലൊരാളായ കാലിഫോര്‍ണിയയിലെ ജോണ്‍ മാത്യു പറഞ്ഞു. ഏകദേശം 2000 വര്‍ഷങ്ങളായി, ക്രിസ്തുവിന്റെ അനുയായികള്‍ സ്‌നേഹത്തിലും സമാധാനത്തിലും ഐക്യത്തിലും ജീവിക്കുകയും വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യ-സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയും സ്ത്രീ ശാക്തീകരണത്തിലൂടെയും ആധുനിക ഇന്ത്യയെ പണിതുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. എല്ലാ വിഭാഗീയതയും മറന്ന് ക്രൈസ്തവര്‍ ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ ചരിത്രത്തെ അംഗീകരിക്കുന്നതും മുറുകെപ്പിടിക്കുന്നതും സന്തോഷകരമായ കാര്യമാണെന്നും ജോണ്‍ മാത്യു പറഞ്ഞു.

തോമാശ്ലീഹായുടെ കാലം മുതല്‍ ഭാരത ക്രൈസ്തവര്‍ ഈ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് ഫെഡറേഷന്‍ ഓഫ് ദി ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ പ്രസിഡന്റ് കോശി ജോര്‍ജ്ജ് പറഞ്ഞു. വിദ്യാഭ്യാസപരമായും സാമൂഹികപരമായും രാജ്യത്തിന് അഭിവൃദ്ധിക്ക് ക്രൈസ്തവര്‍ നേതൃത്വം നല്‍കിയിട്ടുണ്ടെന്നും ജോര്‍ജ് കോശി പറഞ്ഞു. നമ്മള്‍ കൊളോണിയല്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് പറയുന്നത് ചരിത്രത്തോടുള്ള വെല്ലുവിളിയാണ്. ഭാരതത്തിലെ രണ്ടായിരം വര്‍ഷം പഴക്കമുള്ള സഭ ഇന്ന് പലരുടേയും ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. പള്ളികള്‍ തകര്‍ക്കപ്പെടുന്നു. ആ ആഘോഷം പ്രവാസികളായ നമുക്ക് സന്തോഷം നല്‍കുന്നതിനൊപ്പം അത് പുതിയ തലമുറയ്ക്കുള്ള പ്രചോദനവും അറിവും പകര്‍ന്നു നല്‍കുകയും ചെയ്യുന്നുവെന്നും കോശി പറഞ്ഞു.

ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ ഡേയില്‍ എല്ലാ വിഭാഗത്തില്‍ നിന്നുള്ള ക്രിസ്ത്യാനികളും അവരുടെ നേതാക്കളോടൊപ്പം ഒരുമിച്ചു ചേരുകയും പീഡിപ്പിക്കപ്പെടുന്ന ഭാരത സഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here