കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൻറെ ഭൂരിപക്ഷം കുറയുമെന്ന് തുറന്ന് പറഞ്ഞ് യുഡിഎഫ് ജില്ലാ കൺവീനർ ഡൊമിനിക് പ്രസൻറേഷൻ. എന്ത് പ്രതിസന്ധിയുണ്ടായാലും യുഡിഎഫ് തന്നെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൻറെ സ്വാധീന മേഖലകളിലാണ് പോളിങ് കുറഞ്ഞതെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെയാണ് ഡൊമിനിക് പ്രസൻറേഷൻറെ പ്രതികരണം.

ഈ തെരഞ്ഞെടുപ്പ് കൊണ്ട് സർക്കാർ മാറുന്നില്ല. വേറെ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ല, എന്നതുകൊണ്ട് പലർക്കും വോട്ട് ചെയ്യാൻ താൽപ്പര്യക്കുറവുണ്ടായിരുന്നെന്നാണ് യുഡിഎഫ് സ്വാധീന മേഖലകളിൽ വോട്ട് കുറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഡൊമിനിക് പ്രസൻറേഷൻ നൽകിയ മറുപടി.

കഴിഞ്ഞ തവണ ട്വൻറി 20 ക്കും വി ഫോർ കൊച്ചിക്കും പതിനായിരത്തോളം വോട്ടുകൾ ലഭിച്ചിട്ടുണ്ട്. അവരിൽ പലരും വോട്ട് ചെയ്യാൻ വന്നിട്ടില്ലെന്നും യുഡിഎഫ് ജില്ലാ കൺവീനർ പറഞ്ഞു. നേരത്തെ പി ടി തോമസിന് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷത്തിൽ ഉമ തോമസ് ജയിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിൽ ഭൂരിപക്ഷത്തിൽ കുറവുണ്ടാകുമെന്നാണ് നേതാക്കൾ പറയുന്നത്.

‘മുഖ്യമന്ത്രിയും മന്ത്രിമാരും വന്ന് ഒരു ഇളക്കൽ ഉണ്ടാക്കിയിട്ടുണ്ട്. അതിൻറെ സ്വാധീനത്തിൽ ചിലരൊക്കെ മറിച്ച് വോട്ട് ചെയ്താൽ പോലും ഏറ്റവും ചുരുങ്ങിയത് 5,000 മുതൽ 8,000ത്തിന് മുകളിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കും.’ ഡൊമിനിക് പ്രസൻറേഷൻ മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യ റൗണ്ടിൽ ഇടപ്പള്ളിയിലെ വോട്ടുകൾ എണ്ണുമ്പോൾ തന്നെ ട്രെൻഡ് അറിയാമെന്നും യുഡിഎഫ് നേതാവ് പറഞ്ഞു. പന്ത്രണ്ട് റൗണ്ടുകളിലായാണ് തൃക്കാക്കരയിലെ വോട്ടുകൾ എണ്ണുക. യുഡിഎഫിൻറെ സ്വാധീന മേഖലകളിൽ കൂടിയാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. ആദ്യ പതിനൊന്ന് റൗണ്ടിൽ 21 ബൂത്തുകൾ വീതവും, അവസാന റൗണ്ടിൽ 8 ബൂത്തുകളുമാണ് എണ്ണുക. ആദ്യ നാല് റൗണ്ടുകൾ പൂർത്തിയാകുമ്പോൾ തന്നെ മണ്ഡലത്തിലെ ട്രെൻഡ് ഏകദേശം തെളിഞ്ഞ് വരും.

1,96,805 വോട്ടർമാരുള്ള തൃക്കാക്കരയിൽ 1,35,320 പേർ മാത്രമാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിച്ചത്. 68.75 ശതമാനമാണ് ഇത്തവണ തൃക്കാക്കരയിലെ പോളിങ്. മണ്ഡല ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പോളിങ്ങാണ് ഇത്. യുഡിഎഫിൻറെ ശക്തി കേന്ദ്രങ്ങളിൽ ഇത്തവണ കുറഞ്ഞ പോളിങ്ങാണ് രേഖപ്പെടുത്തിയതെന്നത് കോൺഗ്രസ് ക്യാംപുകളിൽ തലവേദന ഉയർത്തുന്നുണ്ട്. യുഡിഎഫ് ജില്ലാ കൺവീനർ ഡൊമിനിക് പ്രസൻറേഷൻറെ പ്രതികരണവും ഇതേ സൂചനയാണ് നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here