ചുറ്റുവട്ടത്തുള്ള നമമുടെ പരിചയക്കാരെ നടനും നടിയുമാക്കി രൂപാന്തരപ്പെടുത്തുന്ന അപൂര്‍വ വേദിയാണ് 
ന്യു ജേഴ്‌സിയിയിലെ   ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ നാടകങ്ങൾ. കഥയോ അവതരണമോ ഒന്നുമല്ല നടീനടന്മാരുടെ പ്രകടനമാണ് എന്നും ഫൈന്‍ ആര്‍ട്‌സ് നാടകങ്ങളെ ആശ്ചര്യകരമാക്കുന്നത്.

കോവിഡിന്റെ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അവതരിപ്പിച്ച ‘നിഴലാട്ടവും’ വ്യത്യസ്തമായിരുന്നില്ല. പള്ളിയിലോ ഏതെങ്കിലും  പാര്‍ക്കിംഗ് ലോട്ടിലെ ഒക്കെ വച്ചു കണ്ടുമുട്ടുന്ന നമ്മുടെ  പരിചയക്കാർ  സ്റ്റേജില്‍ കൈവരിക്കുന്ന വേഷപ്പകര്‍ച്ചയോ രൂപാന്തരമോ അതിശയിപ്പിക്കുന്നതുതന്നെ. ഇതിനു വഴിയൊരുക്കുന്ന എല്ലാവര്‍ക്കും നമോവാകം.

ഹാസ്യത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്ന കഥകളാണ് മുമ്പ് അവതരിപ്പിച്ചതില്‍ പലതും. നിഴലാട്ടമാകട്ടെ തുടക്കം മുതല്‍ ഗൗരവമാര്‍ന്ന പ്രമേയത്തിലൂടെ സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ് ചെയ്യുന്നത്. കഥയില്‍ അത്ര പുതുമ പറയാനില്ലെങ്കിലും നടീനടന്മാരും സംവിധായകനും രംഗസജ്ജീകരണമൊരുക്കിയവരും ആ കുറവ് നികത്തി എന്നുതന്നെ പറയാം.

റിട്ട. പോലീസുകാരന്റെ (സണ്ണി റാന്നി)  വസതിയാണ് കഥയുടെ കേന്ദ്രബിന്ദു. അയാളുടെ  അച്ഛനും (റോയി മാത്യു) ഭാര്യയും (ഷൈനി എബ്രഹാം)  ശബ്ദായമാനമായ തകർപ്പൻ  പ്രകടനമാണ് ആദ്യാവസാനം കാഴ്ചവയ്ക്കുന്നത്. അച്ഛന്‍ പറയുന്നത് പലപ്പോഴും ചിരിപൊട്ടിക്കുന്നു.

വിവാഹിതനെങ്കിലും ഭാര്യയെ അവളുടെ വീട്ടില്‍ വിട്ട് ഒരു പണിയും ചെയ്യാതെ നടക്കുന്ന മടിയനായ പുത്രന്‍ (ഷിബു ഫിലിപ്)  പോലീസുകാരനുണ്ട്. ഇതിനിടയില്‍ അച്ഛൻ  ഔട്ട് ഹൗസ് പുതിയൊരു കുടുംബത്തിന് വാടകയ്ക്ക് കൊടുക്കുന്നു. അമ്മയും (സജിനി)  മകനും  (റ്റീനോ തോമസ്) മാത്രം.

പോലീസുകാരന്റെ മുന്‍കാല കാമുകിയും അയാളുടെ അവിഹിത സന്താനവുമാണ് അതെന്ന് ക്രമേണ  വ്യക്തമാകുന്നു. ഭാര്യ പൊട്ടിത്തെറിക്കുന്നു. അച്ഛന്റെ ഭാര്യ ആണെന്നറിയാതെ അവരെ സമീപിക്കുന്ന ആദ്യ പുത്രൻ. പിന്നീടയാള്‍ക്ക് സത്യം മനസിലായി. എങ്കിലും അവരോട് പൊറുക്കാന്‍ മനസുകാട്ടാതെ  ആക്രോശിക്കുന്ന  അയാള്‍ കിണറ്റില്‍ മരിച്ചുകിടക്കുന്നതു കാണുമ്പോൾ  ഇടവേളയ്ക്ക് ബെല്ലടിക്കുന്നു.

കയറി വന്ന അമ്മയും മകനുമാണ് വില്ലന്മാര്‍ എന്ന് പ്രേക്ഷകർ  കരുതി. എന്നാല്‍ കാര്യങ്ങളുടെ സത്യാവസ്ഥയുടെ ചുരുള്‍ നിവരുമ്പോള്‍ പ്രതിയാകുന്നത് മറ്റൊരാളും. ഇതില്‍ ‘പരിണാമഗുപ്തി’ അത്ര ഫലിച്ചെന്ന്  തോന്നുന്നില്ല. ഒരുപറ്റം സിനിമകളിലൊക്കെ ഇതേ അന്ത്യം മുമ്പ് കണ്ടിട്ടുണ്ട്. കഥയോ പരിണാമഗുസ്തിയോ അല്ല, നാട്ടില്‍ അന്യംനില്‍ക്കുന്ന ഒരു കലയെ ഇവിടെ നട്ടുനനച്ച് വളര്‍ത്തുന്ന അപൂര്‍വ പ്രതിഭാസമാണ് ഈ നാടകത്തെ ശ്രദ്ധേയമാക്കുന്നത്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ തനത് നാടകങ്ങള്‍ കാണണമെങ്കില്‍ വിദേശത്തു വരണമെന്ന സ്ഥിതി തന്നെ ഉണ്ടായേക്കാം.

അഭിനേതാക്കള്‍ ഒന്നിനൊന്നു മികച്ചുനിന്നു. അതുകൊണ്ട് അമിതാഭിനയമില്ലെന്നോ, കുറ്റങ്ങളില്ലെന്നോ അര്‍ത്ഥമില്ല. സജിനി, ജോസ്  വലിയകല്ലുങ്കല്‍ തുടങ്ങിയവർക്ക്  റോളുകള്‍ ചുരുങ്ങിയ നേരത്തെക്കായിരുന്നുവെന്നത് അവരുടെ മികവ് തെളിയിക്കുന്നതിന് തടസ്സമായി. ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ഇരുപതാം വാര്‍ഷികംകൂടിയാണ് ഇതോടൊപ്പം ആഘോഷിച്ചത്. സ്ഥാപകൻ   പി.ടി ചാക്കോ മലേഷ്യയുടെ നവതിയും.

ഒരു ഡസനിലേറെ നാടകങ്ങളാണ് ഫൈന്‍ ആര്‍ട്‌സ് ഇതേവരെ അവതരിപ്പിച്ചത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലും മലേഷ്യയിലും വരെപോയി സംഘം നാടകം അവതരിപ്പിച്ചു. അതൊന്നും നിസാരമായ കാര്യങ്ങളല്ല. ഇവിടെനിന്ന് മറ്റൊരു സമിതിക്കും വിദേശ രാജ്യങ്ങളില്‍ പോയി നാടകം അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന്  ഫൈൻ ആർട്ട്സ് മലയാളം പേട്രൺ പിടി ചാക്കോ പറയുകയും ചെയ്തു. ആ റിക്കാര്‍ഡ് ഉടനെങ്ങും ഭേദിക്കാന്‍ പോകുന്നില്ല.

കൃത്യസമയത്ത് തുടങ്ങി ഓഡിറ്റോറിയം നിറഞ്ഞ് കാണികളെ എത്തിച്ച് ഇത്തരമൊരു കലാപ്രകടനം കാഴ്ചവച്ചു എന്നതാണ് പ്രധാനം. ഈ ദൗത്യം എക്കാലത്തും തുടരട്ടെ. ഉദ്ഘാടനം നിർവഹിച്ച റവ. സാം ടി. മാത്യു (വികാരി, സെൻറ് പീറ്റേഴ്സ് മാർതോമ ഇടവക)  ഫൈൻ ആർട്ട്സ് സൊസൈറ്റിക്ക് ആശംസകൾ നേർന്നു.   ജിനു വിശാലിന്റെ ഗാനം, ബിന്ധ്യ ശബരീനാഥിന്റെയും സംഘത്തിന്റെയും ഫോക് ഡാൻസ് എന്നിവക്കു ശേഷമാണ് നാടകം അവതരിപ്പിച്ചത്.  

ഫൈൻ ആർട്ട്സ് മലയാളം  പ്രസിഡന്റ് ജോൺ സഖറിയാ (ക്രിസ്റ്റി) ആമുഖം പറഞ്ഞു. ഏറ്റവും വ്യത്യസ്തമായ സുവനീറും പ്രസിദ്ധീകരിച്ചു. ജോർജ് തുമ്പയിൽ ആയിരുന്നു എം.സി.  നാടക സംവിധാനം – രഞ്ജി കൊച്ചുമ്മൻ.  രംഗത്ത് – സജിനി സഖറിയാ, സണ്ണി റാന്നി, റോയ് മാത്യു, ജോസുകുട്ടി വലിയകല്ലുങ്കൽ, ഷൈനി എബ്രഹാം, ഷിബു ഫിലിപ്പ്, ജയൻ ജോസഫ്, റ്റീനോ തോമസ്, ജോർജ് തുമ്പയിൽ, എഡിസൺ  എബ്രഹാം, ജോർജ് മുണ്ടൻചിറ, ജോർജി സാമുവേൽ, റിജോ എരുമേലി, ജോസ് കാഞ്ഞിരപ്പള്ളി.

സംഗീത നിർവഹണം – റീന മാത്യു.  ലൈറ്റിംഗ് കണ്ട്രോൾ – ജിജി എബ്രഹാം, സ്റ്റീവൻ എബ്രഹാം.  സ്റ്റേജ് മാനേജ്‌മന്റ് – ചാക്കോ ടി. ജോൺ, സണ്ണി റാന്നി, ജോർജ് തുമ്പയിൽ, ഡിജോ മാത്യു കലമറ്റം, മെറിൻ ടെസ്  .  വീഡിയോ  നിർവഹണം രഞ്ജി കൊച്ചുമ്മൻ, റ്റീനോ തോമസ്.  പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ക്രിസ്റ്റി (ജോൺ സഖറിയാ), എഡിസൺ എബ്രഹാം, വീഡിയോ ഹൈലൈറ്റ്- റയൻ തോമസ് .

അമേരിക്കൻ മലയാളി മനസുകളിൽ കലാ വിശുദ്ധിയുടെ കമനീയ ചിത്രം കോറിയിട്ട് , ഒരു കെടാവിളക്കായി ഫൈൻ  ആർട്സ് പ്രശോഭിക്കുമ്പോൾ ഒന്നുറപ്പിക്കാം, കലയുടെ ഏഴുതിരിയിട്ട ഈ കൈവിളക്കിലെ തിരികൾ പ്രശോഭിതമായിക്കൊണ്ടേയിരിക്കും . 

കൗണ്ടർ നിയന്ത്രണം: ഇന്ദിര തുമ്പയിൽ, മെറിൻ ടെസ്, ജോൺ  സക്കറിയ. 

LEAVE A REPLY

Please enter your comment!
Please enter your name here