വാഷിങ്ടൺ ∙ എച്ച്–1ബി,എൽ–1 വീസകളുടെ പ്രത്യേക നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച യുഎസ് നടപടിക്കെതിരെ വിമർശനവുമായി കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി. യുഎസ് സർക്കാർ നടപടി വിവേചനപരമാണെന്നും യുഎസിലെ ഇന്ത്യൻ ഐടി കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നതാണു വർധനയെന്ന് അരുൺ ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. യുഎസിൽ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ജയ്റ്റ്ലി, യുഎസ് ട്രേഡ് പ്രതിനിധി മൈക്കൽ ഫ്രോമാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വീസ പ്രത്യേക നിരക്ക് വർധിപ്പിച്ചതിൽ ഇന്ത്യയ്ക്കുള്ള പ്രതിഷേധം നേരിട്ട് അറിയിച്ചത്.

ഇന്ത്യയുടെ എതിർപ്പ് അവഗണിച്ച് ഇക്കഴിഞ്ഞ ഡിസംബറിലാണ് എച്ച്–1ബി,എൽ–1 വീസകളുടെ പ്രത്യേക നിരക്ക് ഇരട്ടിയാക്കി വർധിപ്പിക്കുന്ന ബില്ലിന് യുഎസ് കോൺഗ്രസ് അംഗീകാരം നൽകിയത്. 4000– 4500 യുഎസ് ഡോളറാണ് (ഏകദേശം മൂന്നു ലക്ഷത്തോളം രൂപ) വർധിപ്പിച്ചത്. വിദഗ്ധ തൊഴിൽമേഖലകളിൽ അനുവദിക്കുന്ന ഹ്രസ്വകാല വീസകളാണ് എച്ച്1 വിഭാഗത്തിലുള്ളത്. എൽ1 വിഭാഗത്തിൽ അവിദഗ്ധ തൊഴിൽമേഖലയിലേതും. പരമാവധി കാലാവധി 5–6 വർഷം. ഇന്ത്യൻ ഐടി കമ്പനികൾ പ്രതിവർഷം വീസ ഇനത്തിൽ 7–8 കോടി ഡോളർ ( ഏകദേശം 528 കോടി രൂപ) ആണ് യുഎസ് ഖജനാവിലേക്കു നൽകുന്നതെന്നു നാസ്കോം നടത്തിയ പഠനത്തിൽ വ്യക്തമാക്കിയിരുന്നു.

യുഎസ് സർക്കാരിന്റെ 9/11 ആരോഗ്യപദ്ധതി ആക്ടിനും ബയോമെട്രിക് ട്രാക്കിങ് സിസ്റ്റത്തിനും ഫണ്ട് സ്വരൂപീക്കുന്നതിന്റെ ഭാഗമായാണു തൊഴിൽ വീസനിരക്കു വർധിപ്പിക്കുന്ന ബിൽ അവതരിപ്പിച്ചത്. ഇതനുസരിച്ച് എച്ച്–1ബി വീസയിലെ ചില വിഭാഗങ്ങളിൽ 4,000 ഡോളറും എൽ–1 വീസകൾക്ക് 4500 ഡോളറും സ്പെഷൽ ഫീ ചുമത്തിയിരുന്നു. യുഎസ് കോൺഗ്രസ് അംഗീകരിച്ച ബിൽ പ്രകാരം കുറഞ്ഞത് 50 ജീവനക്കാരുള്ള ഐടി കമ്പനികളെയാണു പുതുക്കിയ വീസ നിരക്കുകൾ ബാധിക്കുക. വർധനയുടെ കാലാവധി പത്തുവർഷമാണ്. മുൻപു വർധന അഞ്ചുവർഷത്തേക്കായിരുന്നു. നേരത്തെ 2000 ഡോളറായിരുന്നു എച്ച്–1ബി വീസ നിരക്ക്.

ഈ മാസം എച്ച്– 1ബി വീസയ്ക്കുള്ള അപേക്ഷ സ്വീകരിക്കാൻ തുടങ്ങി അ‍ഞ്ചു ദിവസത്തിനുള്ളിൽ തന്നെ 2,36,000 അപേക്ഷകൾ ലഭിച്ചതായി യുഎസ് അധികൃതർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 2017 സാമ്പത്തിക വർഷത്തിൽ പൊതുവിഭാഗത്തിൽ 65,000 വീസ മാത്രം നൽകാൻ പദ്ധതിയിട്ടിരിക്കെയാണു മൂന്നിരട്ടി അപേക്ഷകൾ ലഭിക്കുന്നത്. യുഎസിൽ ഉപരിപഠനം പൂർത്തിയാക്കിയ വിദേശ വിദ്യാർഥികളുടെ എച്ച്– 1ബി വീസയ്ക്കുള്ള അപേക്ഷകളും പ്രതീക്ഷിച്ചതിലേറെ ലഭിച്ചു. 20,000 വീസകളാണ് ഇവിടെ അനുവദിക്കാൻ പദ്ധതിയിട്ടിരിക്കുന്നതെന്നും അതിലേറെ അപേക്ഷകൾ ലഭിച്ചതായും യുഎസ് വൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here