ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി അസോസിയേഷന്‍ ഫോര്‍ പബ്ലിക് സര്‍വീസ് സംഘടനയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 2-ാം തിയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ 4 വരെ സ്‌ററാഫോര്‍ഡിലെ റിലയബിള്‍ റിയല്‍റ്റേസ് ഓഫീസ് ബില്‍ഡിംഗില്‍ വെച്ച് നടത്തിയ മെഡിക്കല്‍ ക്യാമ്പും സൗജന്യ മെഡിക്കല്‍ ചെക്കപ്പും കണ്‍സള്‍ട്ടേഷനും അത്യന്തം മാതൃകാപരവും വിജയകരവുമായി. രോഗചികിത്സക്കും നിവാരണത്തിനും ഇന്‍ഷുറന്‍സ് ഇല്ലാത്തവരും സാധാരണക്കാരും പ്രാഥമികമായ അറിവും മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഒരു മെഡിക്കല്‍ ക്യാമ്പായിരുന്നു അത്. മതിയായ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവരും നാട്ടില്‍ നിന്ന് സന്ദര്‍ശനത്തിനെത്തിയ പ്രായമായ വ്യക്തികള്‍ക്കും കുറഞ്ഞ വരുമാനക്കാരും ഒരു അനുഗ്രഹവും ആശ്വാസവുമായിരുന്നു ക്യാപ്‌സിന്റെ ഈ സൗജന്യ മെഡിക്കല്‍ ക്യാമ്പ്. പ്രെയിറ്റര്‍ ഹൂസ്റ്റന്റെ നാനാഭാഗത്തുനിന്നും നൂറുകണക്കിന് പൊതുജനങ്ങളാണ് സൗജന്യ മെഡിക്കല്‍ സേവനത്തിനായി ക്യാമ്പിലെത്തിയത്.
റവ.ജോണ്‍ തോമസിന്റെ ഈശ്വരപ്രാര്‍ത്ഥനക്കുശേഷം കാപ്‌സിന്റെ പ്രസിഡന്റ് നൈനാന്‍ മാത്തുള്ള മെഡിക്കല്‍ ക്യാമ്പിനെത്തിയ സദസ്സിനെയും മെഡിക്കല്‍ സേവനം നല്‍കാനെത്തിയ ഫിസിഷ്യന്‍സ്, നഴ്‌സസ്, വിവിധ മെഡിക്കല്‍ ടെക്‌നീഷ്യന്‍സിനെയും ഈ മഹനീയ സംരഭത്തിലേക്ക് സ്വാഗതം ചെയ്തു. ഡോക്ടര്‍ മനു ചാക്കോ മെഡിക്കല്‍ ടീമിന്റെ കോ-ഓര്‍ഡിനേറ്ററായി  പ്രവര്‍ത്തിച്ചു. വിവിധ ആരോഗ്യ മേഖലയിലെ സ്‌പെഷ്യലൈസ് ചെക്കപ്പിനായി രജിസ്‌ട്രേഷന്‍, കൊളസ്‌ട്രോള്‍ ടെസ്റ്റ്, ഡയബറ്റിസ്, ബ്ലഡ് പ്രഷര്‍ ചെക്കപ്പ്, ഇ കെ ജി ഏക്കോ കാര്‍ഡിയോഗ്രാം ചെക്കപ്പ്, ഫാമിലി മെഡിസിന്‍, പെയിന്‍ മാനേജ്‌മെന്റ്, എന്റോക്രിനോളജി തുടങ്ങിയവക്കായി റൂമുകളും ബൂത്തുകളുമുണ്ടായിരുന്നു. 
ഈ സൗജന്യ മെഡിക്കല്‍ ക്യാമ്പിലേക്ക് രാവിലെ മുതല്‍ ജനങ്ങള്‍ വന്നും പോയിക്കൊണ്ടുമിരുന്നു. ഇന്ത്യന്‍ നഴ്‌സസിന്റെ ഒരു വന്‍നിര തന്നെ സേവനത്തിനായി രംഗത്തു പ്രവര്‍ത്തിച്ചു. കാപ്‌സിന്റെ ട്രഷറര്‍ ആയ പൊന്നു പിള്ളയും ബെന്റാബ് പോസ്പിറ്റലില്‍ നഴ്‌സ് മാനേജറായി പ്രവര്‍ത്തിക്കുന്ന റോസമ്മ ഫിന്നിയും വോളന്റിയേഴ്‌സിന്റെ സേവനങ്ങള്‍ക്ക് നേതൃത്വം നല്കി. മെഡിസിന്‍ വേണ്ടവര്‍ക്ക് ഹൂസ്റ്റണിലെ പി.ആര്‍ ഫാര്‍മസി സൗജന്യമായി മരുന്നുകള്‍ നല്‍കി.
ഡോക്ടര്‍ ജയറാമന്‍, ഡോക്ടര്‍ മനു ചാക്കോ, ഡോക്ടര്‍ ഷാന്‍സി ജേക്കബ്, ഡോക്ടര്‍ ഫര്‍ഹാന തുടങ്ങിയ പ്രമുഖ ഫിസിഷ്യ•ാര്‍ പരിശോധനയും ഉപദേശങ്ങളും നല്‍കുകയും മരുന്നുകള്‍ കുറിക്കുകയും ചെയ്തു. കൂടുതല്‍ ഉപദേശങ്ങളോ രോഗചികിത്സയോ വേണ്ടവരെ ഇന്ത്യന്‍ ഡോക്‌ടേഴ്‌സ് ചാരിറ്റി ക്ലിനിക്കിലേക്ക് സൗജന്യചികിത്സക്കായി റഫര്‍ ചെയ്തു. ഷിജിമോള്‍ ജേക്കബ് മെഡിക്കല്‍ ക്യാമ്പിന്റെ പ്രസ് സ്‌പോണ്‍സര്‍ ആയിരുന്നു. തോമസ് മാത്യു, വറുഗീസ് ഫിന്നി വിനോദ് ഐക്കിരേത്ത്, ലിന ഡാനിയേല്‍ പാസ്റ്റര്‍ ജോണ്‍ തോമസ് തുടങ്ങിയവര്‍ വിവിധ മേഖലകളില്‍ ഈ സംരഭത്തെ സഹായിച്ചവരാണ്. സേവനത്തിന്റെ അംഗീകാരമായി വിശിഷ്ട സേവന സര്‍ട്ടിഫിക്കറ്റുകള്‍ വോളന്റിയേഴ്‌സിനു നല്‍കി ആദരിച്ചു.
നൈനാന്‍ മാത്തുള്ള, ഷിജിമോന്‍ ഇഞ്ചനാട്ട്, ഏബ്രഹാം തോമസ്, ഏബ്രഹാം നെല്ലിപ്പള്ളില്‍, ശാമുവര്‍ മണ്ണങ്കര, തോമസ് തയ്യില്‍, പൊന്നുപിള്ള റെനി കവലയില്‍, കെ.കെ.ചെറിയാന്‍, ജോണ്‍ വറുഗീസ്, ജോണി കുന്നക്കാട്ട് തുടങ്ങിയവര്‍ കാപ്‌സിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. ജോര്‍ജ്ജ് മണ്ണിക്കരോട്ട് തുടങ്ങി ഹൂസ്റ്റണിനെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-മാധ്യമരംഗത്തെ പല പ്രമുഖരും ഈ മെഡിക്കല്‍ ക്യാമ്പിലെത്തി ആശംസകള്‍ അര്‍പ്പിച്ചു. മറ്റു സംഘടനകള്‍ക്ക് പ്രചോദനവും മാതൃകയുമായി കാപ്‌സിന്റെ മെഡിക്കല്‍ ക്യാമ്പ് ഒരു വന്‍ വിജയമായി കലാശിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here