വാഷിംഗ്ടണ്‍: ഇന്ത്യക്കാര്‍ക്കെതിരേ പരിഹാസം കലര്‍ന്ന പരാമര്‍ശങ്ങളുമായി യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ ട്രംപ് തുടരുമ്പോള്‍, ഇന്ത്യന്‍ വോട്ടുകള്‍ സ്വന്തമാക്കാന്‍ ഡെമോക്രാറ്റിക് ക്യാമ്പിന്റെ തന്ത്രപരമായ നീക്കം. യുഎസ് സമ്പദ് വ്യവസ്ഥയിലും തൊഴില്‍മേഖലയിലും നിര്‍ണായക സ്വാധീനം ചെലത്തുന്ന ഇന്ത്യക്കാരെ വിമര്‍ശിക്കുന്ന ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ഹിലാരിയും സഹപ്രവര്‍ത്തകരും. ട്രംപിന്റെ പ്രസ്താവന ഇന്ത്യക്കാരോടുള്ള അവഹേളനമാണെന്ന് ഇവര്‍ വാദിക്കുന്നു. കോള്‍സെന്ററില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരനെ പരാമര്‍ശിച്ചാണ് ട്രംപ് ഇന്ത്യന്‍ ഉച്ചാരണത്തെ പരിഹസിച്ചത്. എന്നാല്‍ ഒരു പ്രത്യേക സംഭവത്തെ ചൂണ്ടിക്കാട്ടി ഈ സംവിധാനത്തെ മൊത്തം താറടിക്കുകയായിരുന്നവെന്ന് ഹിലാരി ക്ലിന്റന്റെ തിരഞ്ഞെടുപ്പ് ക്യാമ്പയിന് നേതൃത്വം നല്‍കുന്ന ജോണ്‍ പോഡെസ്റ്റ പറഞ്ഞു. മതസ്്പര്‍ധയുണ്ടാക്കിയും ആളുകളില്‍ ഭിന്നിപ്പുണ്ടാക്കിയുമാണ് ട്രംപ് തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ നടത്തുന്നത്. ഇത് രാജ്യത്തിന് ഭീഷണിയാണ്.

ഇത്തരം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വഴി രാജ്യത്തിന് സൗഹൃദരാജ്യങ്ങളെയും സഖ്യവും രൂപപ്പെടുത്തിയെടുക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ലോകത്ത് വിഭാഗീയത ഉണ്ടാക്കാനേ ഉപകരിക്കൂ. രാജ്യത്തിന് ഇത് ഭീഷണിയാണെന്നും ജെര്‍മന്‍ടൗണില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ച സംശയം തീര്‍ക്കാന്‍ കോള്‍ സെന്ററിലേക്ക് വിളിച്ചപ്പോള്‍ ഒരു ഇന്ത്യക്കാരനാണ് ഫോണില്‍ കിട്ടിയതെന്നും അദ്ദേഹത്തിന്റെ ഉച്ചാരണം ശരിയല്ലെന്നും ട്രംപ് പരിഹസിച്ചിരുന്നു. കോള്‍ സെന്ററില്‍ ഒരു ഇന്ത്യക്കാരാണെങ്കില്‍ എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുകയെന്ന് അദ്ദേഹം അനുയായികളോട് ചോദിച്ചിരുന്നു. നേരത്തെയും ഇന്ത്യക്കാര്‍ക്കെതിരേ ട്രംപ് വിവാദപരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here