ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനയായ പാസഡീന മലയാളി അസോസിയേഷന്റെ (പിഎംഎ) 31- മത് വാര്‍ഷികവും ഓണാഘോഷ പരിപാടികളും ‘ഓണനിലാവ്’ എന്ന പേരില്‍ ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ച് ച്ച ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ കലാ പരിപാടികളോടെ അരങ്ങേറി. ഒക്ടോബര് 7 നു ശനിയാഴ്ച വൈകുന്നേരം നാലിനു ആരംഭിച്ച സമ്മേളനത്തില്‍ റിച്ചാര്‍ഡ്‌സ് ജേക്കബ് സ്വാഗതം ആശംസിച്ചു.

തുടര്‍ന്ന് പ്രസിഡന്റും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ജോമോന്‍ ജേക്കബിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സംയുകതമായി തിരി തെളിച്ച് പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം നിര്‍വഹിച്ചു.സെക്രട്ടറി സലിം അറക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അകാലത്തില്‍ വിട്ടുപിരിഞ്ഞ അംഗവും സന്തത സഹചാരിയുമായിരുന്ന ആല്‍ബര്‍ട് തോമസിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.

ഹൂസ്റ്റണിലെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ സമാപനം കുറിച്ച ഓണാഘോഷമായിരുന്നു പിഎംഎ യുടേത്.ഹൂസ്റ്റണിലെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളില്‍ ഏറ്റവും വര്‍ണശബളമായ ഓണാഘാഷമാണെന്ന് സംഘാടകരും സംബന്ധിച്ചവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. മുന്നൂറിലേറെ പേര് പങ്കെടുത്ത പരിപാടിയില്‍ പുലി കളിയുടെയും നാസിക് ധോളിന്റെയും ചിയര്‍ ഗേള്‍സിന്റെയും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ വെഞ്ചാമരം വീശി മാവേലി മന്നന്റെ എഴുന്നള്ളത് എത്തിച്ചേര്‍ന്നത് ഏവരുടെയും കണ്ണിനും മനസ്സിനും കുളിര്‍മയേകി.

സിനിമാറ്റിക് ഡാന്‍സുകള്‍, പാട്ടുകള്‍, തിരുവാതിര , ഓണപ്പാട്ട്, വനിതാ ചെണ്ടമേളം, വയലിന്‍ ഫ്യൂഷന്‍, പുലികളി, നാസിക് ധോള്‍ എന്നിവക്ക് പുറമെ തോമസ് ഉമ്മന്റെ നേതൃത്വത്തില്‍ ജോമോനും സലീമും ബിജോയിയും റിച്ചാര്‍ഡ്‌സും ചേര്‍ന്ന് നിര്‍മിച്ച അതി മനോഹരമായ ചുണ്ടന്‍ വള്ളത്തിലുള്ള വള്ളം കളിയും സദസ്സിനു മറക്കുവാന്‍ പറ്റാത്ത അനുഭവമായി. സിനി ആര്ടിസ്‌റ് ലതീഷ് കൃഷ്ണന്റെ നേതൃത്വത്തില്‍ അരുണ്‍, റോബിന്‍, റിച്ചാര്‍ഡ്സ്, ജോമോന്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച കോമഡി സ്‌കിറ് മറ്റൊരു അനുഭവമായി. അസ്സോസിയേഷന്റെ യുവനിര അവതരിപ്പിച്ച ഗ്രാന്റ് ഫിനാലെ ഡാന്‍സ് സദസ്സിനെ കോരിത്തരിപ്പിച്ചു.

ആഘോഷ പരിപാടികള്‍ മനോഹരമാക്കി തീര്‍ത്തതിന് മുന്‍കൈയെടുത്ത പ്രസിഡന്റും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ജോമോന്‍ ജേക്കബ്, സെക്രട്ടറി സലിം അറക്കല്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ തോമസ് ഉമ്മന്‍, ഈശോ എബ്രഹാം, ജോഷി വര്‍ഗീസ്, ജോര്‍ജ് വര്‍ക്കി, ആന്റണി ജെയിംസ് , റിച്ചാര്‍ഡ്സ് ജേക്കബ് തുടങ്ങിയവര്‍ക്ക് ബാബു കൂടത്തിനാല്‍ പ്രത്യേക നന്ദി പറഞ്ഞു.

പരിപാടികളുടെ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയ ജിബിന്‍ കുര്യനും വീഡിയോ ചിത്രീകരിച്ച ബിജോയ് സ്‌കറിയക്കും ഓണ സദ്യ ഒരുക്കിയ ആന്റണി ജോസഫിനും സ്പൈസി കറീസിനും പ്രത്യേക നന്ദി അറിയിച്ചു. തികച്ചും സൗജന്യമായിരുന്ന ഓണാഘോഷത്തിന് ലക്കി കൂപ്പണ്‍ നറുക്കെടുപ്പില്‍ സമ്മാനാര്ഹരായവര്‍ക്കു അബാക്കസ് ട്രാവെല്‍സ് നല്‍കിയ സ്വര്‍ണ നാണയങ്ങളും സ്‌ട്രൈഡ് റിയല്‍റ്റര്‍ നല്‍കിയ ക്യാഷ് പ്രൈസുകളും സമ്മാനിച്ചു.

പ്രൊഫഷണല്‍ ഡക്‌ററ് ക്ലീനേഴ്സ്, സ്പൈസി കറീസ്, റിയല്‍റ്റര്‍ അലക്‌സ് പാപ്പച്ചന്‍, TWFG ചാണ്ടപിള്ള മാത്യൂസ് ഇന്‍ഷുറന്‍സ്, റിയല്‍റ്റര്‍ വിനോദ് ഈപ്പന്‍ എന്നിവര് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍മാരായിരുന്നു. അസ്സോസിയേഷന്റെ പരിപാടികള്‍ക്ക് ശേഷം വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here