എ.എസ് ശ്രീകുമാര്‍

ഷിക്കാഗോ: ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സില്‍ മായാത്ത ദൃശ്യവിസ്മയമൊരുക്കുകയും അമേരിക്കന്‍ മലയാളികളുടെ നിറഞ്ഞ കരഘോഷങ്ങള്‍ അനുനിമിഷം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഫ്ളവേഴ്സ് ടി.വി യു.എസ്.എ ആറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കമ്മൂണിറ്റി ഹീറോ ആയി ആദരിക്കപ്പെട്ട അലക്സ് ജോണ്‍സണ്‍ വേഗതയും വൈദഗ്ധ്യവും കൃത്യതയും മുഖമുദ്രയാക്കിയ സംരംഭകനാണ്.

അലക്സ് ജോണ്‍സണ് ‘ഓന്‍ട്രപ്രൂണേറിയല്‍ ട്രെയ്ല്‍ബ്ലെയ്സര്‍ അവാര്‍ഡ്’ സമ്മാനിക്കപ്പെട്ടപ്പോള്‍ അത് അദ്ദേഹത്തിന്റെ പ്രൊഫഷണലിസത്തിനുള്ള ബഹുമതിയായി. നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ നിത്യജീവിതവും കലാപ്രാവീണ്യവും ജനപ്രിയമായ റിയാലിറ്റി ഷോകളിലൂടെ ലോകമെങ്ങുമുള്ള പ്രേക്ഷകരുടെ വിരല്‍ത്തുമ്പിലെത്തിക്കുന്ന ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ആറാം വാര്‍ഷികാഘോഷ വേദിയില്‍ വച്ചായിരുന്നു അലക്സ് ജോണ്‍സണെ മുക്തകണ്ഠമായി ആദരിച്ചത്.

അമേരിക്കന്‍ മലയാളികള്‍ക്ക് വേറിട്ട പ്രോഗ്രാമുകള്‍ ഉചിതമായ സമയത്ത് കാണുവാനുള്ള പ്രത്യേക പ്ലേ ഔട്ടുമായി അമേരിക്കയിലെത്തി മലയാളികളുടെ മനം കവര്‍ന്ന ഫ്ളവേഴ്സ് ടി.വി യു.എസ്.എയുടെ സി.ഇ.ഒ ബിജു സഖറിയയുടെ നേതൃത്വത്തില്‍ നൂറോളം അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ആയിരത്തോളം പേര്‍ വാര്‍ഷികാഘോഷത്തിന് സാക്ഷ്യം വഹിച്ചു. ഉല്‍സവ പ്രതീതി ഉണര്‍ത്തിയ ചടങ്ങില്‍ പ്രമുഖ നര്‍ത്തകിയും നടിയുമായ ആശാ ശരത്താണ് ഷിക്കാഗോയില്‍ നിന്നുള്ള അലക്സ് ജോണ്‍സണ് പുരസ്‌കാരം സമ്മാനിച്ചത്.

ഷിക്കാഗോയിലെയും ഹൂസ്റ്റണിലെയും ഫോര്‍ച്യൂണ്‍ ഫൈവ് ഹണ്ട്രഡ് കമ്പനികളുടെ വാണിജ്യ നിര്‍മാണ പദ്ധതികളില്‍ വൈദഗ്ധ്യം നേടിയ ലെവല്‍ കണ്‍സ്ട്രക്ഷന്‍സിന്റെ സ്ഥാപകനാണ് ഒട്ടേറെ പ്രൊഫഷണല്‍ അവാര്‍ഡുകളും നേട്ടങ്ങളും സ്വന്തമാക്കിയ അലക്സ് ജോണ്‍സണ്‍. ഉന്നത നിലവാരവും കഠിനാധ്വാനവും പ്രതിബദ്ധതയുമാണ് അലക്സ് ജോണ്‍സന്റെ കര്‍മപഥങ്ങള്‍ സുഗമമാക്കുന്നത്.

ഓട്ടോമോട്ടീവ് ടെക് സ്റ്റാര്‍ട്ടപ്പായ സ്വാപ്പ് മോട്ടോഴ്സിന്റെയും അമേരിക്കയിലെ മുന്‍നിര ടെലികോം കമ്പനികള്‍ക്ക് എന്‍ഡ്-ടു-എന്‍ഡ് ഹാര്‍ഡ് വെയറും നെറ്റ് വര്‍ക്കിങ് സൊല്യൂഷനുകളും പ്രദാനം ചെയ്യുന്ന ഇ-നെറ്റ് വര്‍ക്ക് സപ്ലൈയുടെയും സഹ സ്ഥാപകനും സി.ഇ.യുമായ അലക്സ് ജോണ്‍സണ്‍ ഡിസ്റ്റിംഗ്വിഷ്ഡ് യങ് പ്രസിഡന്റ്സ് ഓര്‍ഗനൈസേഷന്റെ ചുറുചുറുക്കുള്ള അംഗമാണ്. ബെനഡിക്റ്റീന്‍ യൂണിവേഴ്സിറ്റി പൂര്‍വ വിദ്യാര്‍ത്ഥിയും ഷിക്കാഗോ ക്ലബ്സിന്റെയും ബിയേഴ്സിന്റെയും കടുത്ത ആരാധകനുമായ അലക്സ് ജോണ്‍സണ് സ്പോര്‍ട്സ് എന്നും ഹരമാണ്.

ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ വാര്‍ഷിക പരിപാടികളുടെ ഹൈലൈറ്റുകളിലൊന്നായിരുന്നു അലക്സ് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള കമ്മ്യൂണിറ്റി ഹീറോസിനെ ആദരിച്ച ചടങ്ങ്. ഷിക്കാഗോയുടെ സബേര്‍ബ് ആയ നേപ്പര്‍ വില്‍ യെല്ലോ ബോക്‌സ് തീയേറ്ററിലായിരുന്നു, വിവിധ പരിപാടികളോടെയുള്ളവര്‍ണാഭമായ ആഘോഷം.

ബോളിവുഡിലെ ജനപ്രിയ താരങ്ങളും നര്‍ത്തകരും ഗായകരും, അമേരിക്കന്‍ മലയാളികളായ കലാ-സാംസ്‌കാരിക പ്രതിഭകള്‍ക്കൊപ്പം അണിനിരന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമൂഹിക-സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ക്കൊപ്പം  ഫ്ളവേഴ്സ് ടി.വി യു.എസ്.എയുടെ അവതാരകരും അണിയറ പ്രവര്‍ത്തകരും ഷിക്കാഗോയിലെത്തി അണിയിച്ചൊരുക്കിയ ആറാം വാര്‍ഷിക ആഘോഷം നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് പുതുമയേറെയുള്ളതായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here