ആഷാ മാത്യു

ഈ വര്‍ഷത്തെ ‘നാമം’ (North American Malayalee and Aossciated Members) എക്സലന്‍സ് അവാര്‍ഡ് നൈറ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നാമം എക്സലന്‍സ് അവാര്‍ഡ് ചെയര്‍മാനും സെക്രട്ടറി ജനറലുമായ മാധവന്‍ ബി നായര്‍അറിയിച്ചു. ഡിസംബര്‍ രണ്ട് ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ന്യൂയോര്‍ക്ക് ന്യൂ സിറ്റിയിലുള്ള ക്നാനായ കാത്തലിക് സെന്ററില്‍ വെച്ച് നാമം എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് നടത്തപ്പെടും. അതി വിപുലമായ രീതിയിലാണ് ഇത്തവണ അവാര്‍ഡ് ഫംഗ്ഷന്‍ സംഘടിപ്പിക്കുന്നത്. സിനിമാ നടി സോനാ നായര്‍, സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് സുനീഷ് വാരനാട് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

അവാര്‍ഡ് നൈറ്റിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി തികച്ചും പ്രൊഫഷണലായ, അത്യാകര്‍ഷകമായ കല സാംസ്‌കാരിക വിരുന്ന് തന്നെ ഒരുക്കിയിട്ടുണ്ട്. കോവിഡിനു ശേഷം ഇതാദ്യമായാണ് അവാര്‍ഡ് നൈറ്റ് സംഘടിപ്പിക്കുന്നത്. നാമത്തിന്റെ പത്താമത്തെ അവാര്‍ഡ് നൈറ്റ് കൂടിയാണിത്. നാമം എക്‌സലന്‍സ് അവാര്‍ഡ് നല്‍കുന്നതിനായി കല, സാഹിത്യം, സിനിമ, ശാസ്ത്രം, വൈദ്യശാസ്ത്രം, ആതുര സേവനം, ബിസിനസ്സ് എന്നിങ്ങനെ ഓരോ വിഭാഗത്തിലും പ്രവര്‍ത്തന മികവ് തെളിയിച്ചവരില്‍ നിന്ന് പുരസ്‌കാര ജേതാക്കളെ കണ്ടെത്തിക്കഴിഞ്ഞു.

ലക്ഷ്മി എം നായര്‍ക്കാണ് സാഹിത്യത്തിനുള്ള ‘നാമം’ എക്‌സലന്‍സ് പുരസ്‌കാരം. ആതുര സേവനത്തിനുള്ള പുരസ്‌കാരം ഡോ. ജേക്കബ് ഈപ്പനും ആര്‍ട് ആന്‍ഡ് കള്‍ച്ചര്‍ എക്‌സലന്‍സ് പുരസ്‌കാരം മിത്രാസ് ബ്രദേര്‍സിനുമാണ്. പൊളിറ്റിക്കല്‍ എക്സലന്‍സ് അവാര്‍ഡ് ഡോ. ആനി പോളിനാണ്. കമ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് എകെ വിജയകൃഷ്ണന്‍, കമ്യൂണിറ്റി ഔട്ട്സ്റ്റാന്റിംഗ് സര്‍വ്വീസ് എക്‌സലന്‍സ് അവാര്‍ഡ് അനില്‍ കുമാര്‍ പിള്ള, യംഗ് എന്റര്‍പ്രണര്‍ എക്‌സലന്‍സ് അവാര്‍ഡ് അഖില്‍ സുരേഷ് നായര്‍, ബിസിനസ് എക്സലന്‍സ് അവാര്‍ഡ് ഡോ. മുകുന്ദ് തക്കാര്‍, നാമം യുവദീപ്തി എക്സലന്‍സ് അവാര്‍ഡ് സില്‍ജി എബ്രഹാം, വിഷ്വല്‍ ആന്‍ഡ് സോഷ്യല്‍മീഡിയ എക്സലന്‍സ് പുരസ്‌കാരം ഷിജോ പൗലോസ് എന്നിങ്ങനെയാണ് മറ്റ് പുരസ്‌കാരങ്ങള്‍.

അമേരിക്കയിലെ ഇന്ത്യന്‍ വംശജരില്‍ നിന്നാണ് പുരസ്‌കാര ജേതാക്കളെ കണ്ടെത്തിയിട്ടുള്ളത്. തങ്ങളുടെ സേവന മേഖലയില്‍ വ്യത്യസ്ഥമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ മികവു തെളിയിച്ചവരെയാണ് ഓരോ വിഭാഗത്തിലും പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പുതു തലമുറയെ സേവന മേഖലകളില്‍ അഗ്രഗണ്യരാക്കുക എന്ന നാമത്തിന്റെ ദീര്‍ഘ വീക്ഷണമാണ് ഓരോ പുരസ്‌കാര രാവിലൂടെയും സാക്ഷാത്കരിക്കുന്നതെന്ന് നാമം ഫൗണ്ടിംഗ് മെമ്പറും എംബിഎന്‍ ഫൗണ്ടേഷന്‍ സാരഥിയും കൂടിയായ മാധവന്‍ ബി നായര്‍ പറഞ്ഞു.

എംബിഎന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് അവാര്‍ഡ് നൈറ്റ് സംഘടിപ്പിക്കുന്നത്. ഡോ. ആശ മേനോന്‍ ആണ് സംഘടനയുടെ പ്രസിഡന്റ്. ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പിള്ളില്‍ പ്രോഗ്രാം കോഡിനേറ്ററും ശബരീനാഥ് നായര്‍ പ്രോഗ്രാം ഡയറക്ടറുമാണ്. സുജാ ശിരോദ്കര്‍, പ്രദീപ് മേനോന്‍, സിറിയക് അബ്രഹാം, ഡോ. ഗീതേഷ് തമ്പി, ശ്രീകല നായര്‍, രേഖാ നായര്‍, വിദ്യാ സുധി, നമിത് മണാട്ട് തുടങ്ങിയവര്‍ നാമത്തിന്റെ മറ്റ് ടീം അംഗങ്ങള്‍. അതുല്യമായ ദൃശ്യ-ശ്രവ്യ മിഴിവോടെ അവതരിപ്പിക്കപ്പെടുന്ന നാമം എക്‌സലന്‍സ് അവാര്‍ഡ് നൈറ്റിന് തിരി തെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here