ദക്ഷിണ കലിഫോർണിയയിൽ അതിശക്തമായ ശീത കൊടുംകാറ്റും മഴയും മഞ്ഞുവീഴ്ചയും തുടരുന്ന പല കൗണ്ടികളിലും ഗവർണർ ഗവിൻ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

മണ്ണിടിച്ചിലും വെള്ളപ്പൊക്കവും തിങ്കളാഴ്ചയും യുഎസിന്റെ ജനനിബിഡമായ പല മേഖലകളിലും തുടരുമ്പോൾ ഗതാഗത തടസം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കലിഫോർണിയയിലെ 40 മില്യൺ ജനങ്ങൾക്കു നാഷനൽ വെതർ സർവീസ് മിന്നൽ പ്രളയം ഉണ്ടാവാമെന്ന താക്കീതു നൽകി. സാന്ത മോണിക്ക മൗണ്ടൻസ് മുതൽ ഹോളിവുഡ് ഹിൽസ് വരെയും ഗ്രിഫിത് പാർക്കിലും ഈ താക്കീത് പ്രസക്തമാണ്. ഹോളിവുഡ്, മാലിബു, ബെവർലി ഹിൽസ്, ബർബാങ്ക്, എൻസിനോ, ബ്രെന്റ്‌വുഡ് മേഖലകളിൽ മിന്നൽ പ്രളയം പ്രതീക്ഷിക്കാം.

ഈ മേഖലകളിൽ 5 മുതൽ 8 ഇഞ്ച് വരെ മഴ പെയ്തു കഴിഞ്ഞു. മഴ ഇനിയും തുടരും.

വൈദ്യുതി ബന്ധം 845,000 ഉപയോക്താക്കൾക്കു നഷ്ടമായെന്നു പവർഔട്ടജ്.യുഎസ് പറഞ്ഞു.
വടക്കൻ കലിഫോർണിയയിലെ യുബ സിറ്റിയിൽ മരം വീണു അടിയിൽ പെട്ട ഒരാൾ കൊല്ലപ്പെട്ടു: 82 വയസുള്ള ഡേവിഡ് ഗോമസ്. കെട്ടിടത്തിനു മുകളിൽ വീണ മരം നീക്കാൻ ഗോമസ് ശ്രമിക്കുമ്പോഴാണ് മരം അദ്ദേഹത്തിനു മേൽ വീണതെന്നു പോലീസ് പറഞ്ഞു.

ഫ്ലൈറ്റുകൾ റദ്ദാക്കി

സാന്ത ബാര്ബറ വിമാന താവളത്തിൽ നിന്നുള്ള ഫ്ലൈറ്റുകൾ ഞായറാഴ്ച റദ്ദാക്കി. കൗണ്ടിയിൽ സ്കൂളുകൾ അടച്ചു.

ലോസ് ആഞ്ചലസ്‌ കൗണ്ടിയിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ ടോപങ്കാ, സോളിഡാഡ് ഭാഗങ്ങളിൽ ഉള്ളവർ ഒഴിഞ്ഞു പോകണമെന്നു നിർദേശമുണ്ട്.

അടിയന്തരാവസ്ഥ പ്രഖ്യാപനം ഈ കൗണ്ടികൾക്കാണ്: ലോസ് ആഞ്ചലസ്‌, ഓറഞ്ച്, റിവർസൈഡ്, സാൻ ബെർണാഡിനോ, സാൻ ഡിയാഗോ, സാന്ത ബാർബറ, വെഞ്ചുറ, സാൻ ലൂയി ഒബിസ്‌പോ.

പ്രഖ്യാപനം അനുസരിച്ചു കലിഫോർണിയ നാഷനൽ ഗാർഡിനു രക്ഷാ പ്രവർത്തനത്തിന് ഇറങ്ങാം. ദുരിത ബാധിതർക്ക് തൊഴിലില്ലായ്മ വേതനം ലഭിക്കും. സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവർക്കും റിപ്പയർ ജോലികൾ ചെയ്യാം.

സമീപ കാലത്തേ ഏറ്റവും നാടകീയമായ കാലാവസ്ഥാ ദുരിതമാണ് കാണുന്നതെന്നു വിദഗ്‌ധർ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here