ടിക്ടോക് നിരോധിക്കാനുള്ള ബിൽ യുഎസ് ഹൗസ് പാസാക്കി. സെനറ്റും കടന്നു തന്റെ മേശപ്പുറത്തു എത്തുമ്പോൾ ബില്ലിൽ ഒപ്പുവയ്ക്കുമെന്നു പ്രസിഡന്റ് ബൈഡൻ ഉറപ്പു പറഞ്ഞിട്ടുണ്ട്.

ഹൗസിൽ ബില്ലിനെ അനുകൂലിച്ചു 352 വോട്ടും എതിർത്ത് 65 വോട്ടും വീണു. ഏഴു റിപ്പബ്ലിക്കന്മാരും ഏഴു ഡെമോക്രാറ്റുകളും വോട്ട് ചെയ്തില്ല. റിപ്പബ്ലിക്കൻ മൈക്ക് ഗാലഹാർ, ഡെമോക്രാറ്റ് രാജാ കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ബിൽ കൊണ്ടുവന്നത്. ശത്രു രാജ്യങ്ങളുടെ ആപ്പുകൾ നിരോധിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്: ചൈന, ഇറാൻ, നോർത്ത് കൊറിയ, റഷ്യ.

മാസം തോറും 170 മില്യൺ അമേരിക്കക്കാർ ഉപയോഗിക്കുന്ന ആപ്പ് ദേശരക്ഷയ്ക്കു ഭീഷണിയാണെന്ന നിഗമനത്തിലാണ് നിരോധിക്കാൻ തീരുമാനിച്ചത്. “നമ്മുടെ സ്വാതന്ത്ര്യം നമുക്കെതിരെ തന്നെ ആയുധമാക്കുന്നതു നമ്മൾ അനുവദിക്കില്ല,” ഹൗസ് കോമേഴ്‌സ് കമ്മിറ്റിയുടെ റിപ്പബ്ലിക്കൻ അധ്യക്ഷ കാത്തി മക്മോറിസ് റോഡ്‌ജേഴ്‌സ് പറഞ്ഞു. ചൈനീസ് ഗവൺമെന്റുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബൈറ്റ്ഡാൻസ് കമ്പനി ടിക്ടോക് നടത്തുന്ന കമ്പനിയിലെ നിക്ഷേപം പിൻവലിക്കണം എന്നു നിയമം അനുശാസിക്കുന്നു. അതിനു 180 ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്. അങ്ങിനെ ചെയ്യാത്ത പക്ഷം ആപ്പിൾ-ഗൂഗിൾ സ്റ്റോറുകളിൽ നിന്നു ടിക്ടോക് പിൻവലിക്കും.

സെനറ്റിൽ ബിൽ എപ്പോൾ ഏറ്റെടുക്കുമെന്നു ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമർ വ്യക്തമാക്കിയിട്ടില്ല. “ബിൽ എത്തുമ്പോൾ ഞങ്ങൾ അത് വിലയിരുത്തും,” അദ്ദേഹം പറഞ്ഞു.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി പറഞ്ഞു: “സെനറ്റ് വേഗത്തിൽ നടപടി എടുക്കുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു.”

സെനറ്റിൽ രണ്ടു ഭാഗത്തു നിന്നും ബില്ലിനെ സ്വാഗതം ചെയ്തു. മാർക്ക് വാർണർ (ഡെമോക്രാറ്റ്-വിർജീനിയ), മാർക്കോ റുബിയോ (റിപ്പബ്ലിക്കൻ-ഫ്ലോറിഡ) എന്നിവർ പറഞ്ഞു: “ദേശരക്ഷയ്ക്കു നേരെ ഉയരുന്ന ഭീഷണിയെ ഞങ്ങൾ ഒറ്റക്കെട്ടായി നേരിടും.”

ബൈഡൻ ഭരണകൂടം 170 മില്യൺ അമേരിക്കക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കാനാണ് ശ്രമിക്കുന്നതെന്നു ടിക്ടോക് പ്രസ്താവനയിൽ പറഞ്ഞു.

ചൈനയും യുഎസ് നീക്കത്തെ അപലപിച്ചു.

ടിക്ടോക് ആപ് നിരോധിക്കാനല്ല ശ്രമമെന്നു കൃഷ്ണമൂർത്തി പറഞ്ഞു. എന്നാൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അതിനെ നിയന്ത്രിക്കുന്നതിനോടാണ് എതിർപ്.

എക്സ് ഉടമ എലൺ മസ്‌ക് നിരോധനത്തെ എതിർത്തു. “ഇതു സെൻസർഷിപ് ആണ്, സർക്കാർ നിയന്ത്രണമാണ്.”

LEAVE A REPLY

Please enter your comment!
Please enter your name here