യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡയില്‍ പ്ലാന്റ് പത്തോളജി വകുപ്പ് മേധാവിയായ ഡോ.മാത്യൂസ് പാറേട്ടിന്റെ പേരില്‍ സര്‍വകലാശാലയില്‍ പിക്കിള്‍ബോള്‍ കോര്‍ട്ട് ഒരുക്കി വിദ്യാര്‍ഥികള്‍. കഴിഞ്ഞ സെപ്റ്റംബറില്‍ ആണ് മാത്യൂസ് വകുപ്പ് മേധാവി (ചെയര്‍) സ്ഥാനം ഏറ്റത്.അതിനു മുമ്പ് 13 വര്‍ഷം  അധ്യാപകനും ഗൈഡുമൊക്കെയായിരുന്ന സര്‍വകലാശാലാ റിസര്‍ച്ച് സെന്ററിലെ വിദ്യാര്‍ഥികളുടെ ‘വെല്‍നെസും’ (അമേരിക്കന്‍ അക്കാദമിക് ശൈലിയില്‍ സ്റ്റുഡന്റ് വെല്‍നെസ്) സ്‌പോര്‍ട്‌സ് താല്പര്യവും പ്രോത്സാഹിപ്പിക്കാന്‍ ഡോ. മാത്യൂസ് ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. അതിനൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിനും ശ്രമങ്ങള്‍ നടത്തി. പുതിയ തസ്തികയിലേക്ക്  അദ്ദേഹം മാറിയ ശേഷമാണ് കോര്‍ട്ട്  നിര്‍മിച്ചതെങ്കിലും  അതിനു പ്രോത്സാഹനവുമായി നിന്ന പ്രഫസറുടെ പേരിടാന്‍ വിദ്യാര്‍ഥികള്‍ സര്‍വകലാശാലയുടെ അനുമതി തേടുകയായിരുന്നു. ഒരു പിക്കിള്‍ബോള്‍ കോര്‍ട്ട് ഒരുങ്ങിക്കഴിഞ്ഞു.രണ്ടാമതൊന്നിനു കൂടി സൗകര്യമുണ്ട്.

കോട്ടയം കുഴിമറ്റം കൊച്ചുപാറേട്ട് ലാല്‍ എം. പാറേട്ടിന്റെയും സൂസന്‍ വി. മര്‍ക്കോസിന്റെയും പുത്രനാണ് ഡോ.മാത്യൂസ് പാറേട്ട്. അലഹബാദ്  അഗ്രികള്‍ച്ചര്‍ ഇന്‍സ്റ്റിട്യൂട്ടില്‍ (ഇപ്പോള്‍ സര്‍വകലാശാല) വിദ്യാര്‍ഥിയായിരിക്കെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു മാത്യൂസ്. യൂണിവേഴ്‌സിറ്റി ഓഫ് ഹവായ് യില്‍ ഉപരിപഠനം നടത്തുമ്പോള്‍ ബാഡ്മിന്റന്‍ കളിക്കാരനായിരുന്നു. ഇപ്പോഴും ഇടവേളകളില്‍ ബാഡ്മിന്റന്‍ കളി തുരുന്നു. ഭാര്യ ഡോ. പുഷ്പ ആന്‍ കുര്യന്‍ മയാമിയില്‍ അധ്യാപികയാണ്. മക്കള്‍: ജോര്‍ജ്, ജേക്കബ്.

ടെന്നിസിനോടും ടേബിള്‍ ടെന്നിസിനോടും സാമ്യമുള്ള പിക്കിള്‍ബോള്‍ അമേരിക്കയില്‍ ഏറ്റവും വേഗത്തില്‍ പ്രചരിക്കുന്ന വിനോദമാണ്. 1965 ല്‍ വാഷിംഗ്ടണിലെ  ബെയ്ന്‍ ബ്രിജ് ദ്വീപില്‍, കുട്ടികള്‍ക്ക് വീടുകളുടെ പിന്നാമ്പുറങ്ങളില്‍ കളിക്കാന്‍ പാകത്തില്‍ തുടക്കമിട്ട പിക്കിള്‍ബോള്‍ 2022 ല്‍ വാഷിംഗ്ടണിലെ ഔദ്യോഗിക വിനോദമായി. 48 ലക്ഷം പേര്‍ യു.എസില്‍ ഈ കളിയില്‍ ആകൃഷ്ടരായിക്കഴിഞ്ഞു. ഏതു പ്രായക്കാര്‍ക്കും കളിക്കാം. 34 ഇഞ്ചാണ് നെറ്റിന്റെ ഉയരം. തടി നിര്‍മിത റാക്കറ്റും (പാഡില്‍) അകം പൊള്ളയായ പ്ലാസ്റ്റിക് പന്തുമാണ് ഉപായാഗിക്കുന്നത്. യു.എസില്‍ പിക്കിള്‍ബോള്‍ ദേശീയ ചാംപ്യന്‍ഷിപ്പിനും ഓപ്പണിനും പുറമെ രണ്ട് പ്രഫഷണല്‍ ടൂര്‍ണമെന്റും ഒരു ലീഗും നടക്കുന്നു. സിംഗിള്‍സും  ഡബിള്‍സും മത്സരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here