വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഹിലരി ക്ളിന്റന്റെ പ്രചരണത്തിനായി ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾ അജ്ഞാതർ ഹാക്ക് ചെയ്തു. റഷ്യയിലെ ഇന്റലിജൻസ് സർവീസുകളാണ് ഇതിന് പിന്നിലെന്ന് കരുതുന്നു. പ്രചരണത്തിനായി ഹിലരി ഉപയോഗിച്ചിരുന്ന അനാലിറ്റിക്കൽ പ്രോഗ്രാമുകളിലാണ് ഹാക്കർമാർ കടന്നു കയറിയത്. എന്നാൽ, ഹിലരിയുടെ ആഭ്യന്തര കംപ്യൂട്ടർ സംവിധാനത്തിൽ കയറിപ്പറ്റാൻ ഹാക്കർമാർക്ക് കഴിഞ്ഞിട്ടില്ലെന്ന് പ്രചരണ ചുമതലയുള്ള ദേശീയ കമ്മിറ്റി വൃത്തങ്ങൾ അറിയിച്ചു.

റഷ്യൻ സൈന്യത്തിന്റെ ഇന്റലിജൻസ് സർവീസായ ജി.ആർ.യുവുമായി ബന്ധപ്പെടുത്തിയിട്ടുള്ള ‘ഫാൻസി ബെയർ’ എന്ന കംപ്യൂട്ടറിൽ നിന്നാണ് ഹാക്കിംഗ് ശ്രമം നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹിലരിയുടെ എതിരാളിയും റിപ്പബ്ളിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രന്പിന്റെ വിവരങ്ങളിലും സമാനമായ ഹാക്കിംഗ് ശ്രമം നടന്നിരുന്നു.

കംപ്യൂട്ടറുകളിൽ ഹാക്കിംഗ് നടന്നതായി ഡെമോക്രാറ്റിക് കോൺഗ്രഷണൽ ക്യാന്പെയ്ൻ കമ്മിറ്റിയാണ് സ്ഥിരീകരിച്ചത്. ഹിലരിയുടെ പ്രചരണത്തിന് വേണ്ടി പണം സ്വരൂപിക്കുന്നതും ഈ കമ്മിറ്റിയാണ്. വോട്ടർമാരുമായുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ ബന്ധം സംബന്ധിച്ചും സാന്പത്തിക വിവരങ്ങളും ഈ കംപ്യൂട്ടറിന്റെ ഡേറ്റാബേസിലാണ് സൂക്ഷിക്കുന്നത്. ഹാക്കിംഗ് നടന്നതായി അറി‌ഞ്ഞയുടൻ വിവരങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി കമ്മിറ്റി വക്താവ് പറഞ്ഞു. ഫോറൻസിക് അന്വേഷണ സംഘത്തിന്റെ സഹായവും തേടി. സൈബർ നുഴഞ്ഞു കയറ്റങ്ങളെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും എന്നാൽ ആക്രമണത്തിന്റെ ലക്ഷ്യം എന്താണെന്ന് കണ്ടെത്താനായിട്ടില്ലെന്നും എഫ്.ബി.ഐ പറഞ്ഞു.

വോട്ടമാരെ കുറിച്ചുള്ള വിവരങ്ങൾ ഡേറ്റാബേസിൽ ഉണ്ടായിരുന്നെങ്കിലും അവരുടെ സാമൂഹ്യ സുരക്ഷാ നന്പറുകളോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ ഇതിൽ സൂക്ഷിക്കുന്നില്ല. ക്യാന്പെയ്ൻ സംബന്ധിച്ച ഇ-മെയിൽ വിവരങ്ങളോ, ശബ്ദ സന്ദേശങ്ങളോ തുടങ്ങിയവയും ചോർന്നിട്ടില്ല. ഹാക്കിംഗിന്റെ പശ്ചാത്തലത്തിൽ വിവരങ്ങൾ കൂടുതൽ സുരക്ഷിതമാക്കിയിട്ടുണ്ട്.

ജൂൺ മദ്ധ്യത്തോടെയാണ് ഡെമോക്രാറ്റിക് സംഘടവകൾക്ക് നേരെ ഹാക്കർമാരുടെ ആക്രമണം തുടങ്ങിയത്. കഴിഞ്ഞയാഴ്‌ച, പാർട്ടിയുടെ ഇരുപതിനായിരത്തോളം ഇ-മെയിൽ സന്ദേശങ്ങൾ വിക്കിലീക്‌സ് പുറത്ത് വിട്ടത് ഡെമോക്രാറ്റിക് പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയിരുന്നു. തുടർന്ന് ഗ്രൂപ്പിന്റെ നേതാവ് ഫ്ളോറിഡയിൽ നിന്നുള്ള കോൺഗ്രസ് അംഗം വാസെർമാൻ സ്‌കൾട്സിന് രാജിയും വയ്ക്കേണ്ടി വന്നു. ഹിലരി പ്രസിഡന്റാവുന്നത് തടയാൻ ശ്രമിക്കുമെന്ന് വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജ് നേരത്തെ പറഞ്ഞിരുന്നു. ഹിലരിയുടെ സ്ഥാനാർത്ഥിത്വത്തേയും അസാഞ്ജ് എതിർത്തിട്ടുള്ളതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here