ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ ആഗസ്റ്റ് സമ്മേളനം 13-ന് ശനിയാഴ്ച വൈകീട്ട് 4 മണിയ്ക്ക് സ്റ്റാഫറ്ഡിലെ ഏബ്രഹാം & കമ്പനി റിയല്‍ എസ്‌റ്റേറ്റ് ഹാളില്‍ സമ്മേളിച്ചു. ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനം അടുത്തുകൊണ്ടിരിക്കുന്നതിനാല്‍ ‘സ്വാതന്ത്ര്യം’ എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയും ജോസഫ് തച്ചാറയുടെ ‘സ്വര്‍ഗ്ഗീയ തീവ്രവാദം’ എന്ന ചെറുകഥയുമായിരുന്നു വിഷയങ്ങള്‍.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വര പ്രാര്‍ത്ഥനയോടും അടുത്ത സമയത്ത് നിര്യാതയായ നൈനാന്‍ മാത്തുള്ളയുടെ മാതാവിനെ അനുസ്മരിച്ചു കൊണ്ടും ആരംഭിച്ചു. സമ്മേളനത്തിന്റെ തുടക്കത്തില്‍ ഷിജു ജോര്‍ജ് തച്ചിനാലിന്റെ ‘ഓടിമറയുന്ന ഓര്‍മ്മകള്‍’ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു (വിശദമായി പ്രത്യേകം വാര്‍ത്തയില്‍).

തുടര്‍ന്ന് സ്വാതന്ത്ര്യത്തെക്കുറിച്ച് ചര്‍ച്ചയ്ക്കുള്ള സമയമായിരുന്നു. ടോം വിരിപ്പന്‍ ആയിരുന്നു മോഡറേറ്റര്‍. ചര്‍ച്ചയുടെ പ്രാരംഭമായി എ.സി. ജോര്‍ജ് പ്രസംഗിച്ചു. ഇന്ത്യയ്ക്ക് സ്വതാന്ത്ര്യം ലഭിച്ചെങ്കിലും സാധരണ ജനങ്ങ ള്‍ക്ക് ഇന്നും പാരതന്ത്ര്യമാണ് ഫലത്തില്‍. അവരുടെ സ്വാതന്ത്ര്യം, പ്രതികരിക്കാന്‍ പണമോ ശക്തിയോ ഇല്ലാത്തതു കൊണ്ട് അധികാരത്തിന്റെ ഉരുക്കു മുഷ്ടിയില്‍ അമരുകയാണ്. ലക്ഷക്കണക്കിന് ജനങ്ങള്‍ പട്ടിണിയിലും ദുരിതത്തിലും ജീവിക്കുന്നു. എ.സി. ജോര്‍ജ് അറിയിച്ചു. ഇതിനെതിരെ ജനങ്ങള്‍ പോരാടേണ്ടിയിരിക്കുന്നു; അദ്ദേഹം ആഹ്വാനം ചെയ്തു.

ചര്‍ച്ചയില്‍ സദസ്യരെല്ലാം സജീവമായി പങ്കെടുത്തു. സ്വാതന്ത്ര്യം എന്താണ്? എന്താണ് ഒരു പൗരന്റെ ചുമതല എന്നീ ചോദ്യങ്ങള്‍ സദസില്‍ ഉയരുകയും ഓരോരുത്തരം അവരവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യം ഓരോരുത്തരുടേയും അവകാശമാകുമ്പോള്‍ അത് അന്യരുടെ അവകാശത്തെ ഹനിക്കരുത്. സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം അന്യന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. അതുകൊണ്ട് ഒരു നല്ല പൗരന്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യംകൂടി പരിഗണിക്കേണ്ടതായിട്ടുണ്ട്. ഇന്ത്യയുടെ ജന്മാവകാശമായ സ്വതന്ത്ര്യത്തില്‍ ബ്രിട്ടീഷുകാര്‍ അധികാരം സ്ഥാപിച്ച് ജനങ്ങളുടെ സ്വാതന്ത്ര്യത്തെ അപഹരിച്ചെടുക്കുകയായിരുന്നു ചെയ്തത്. ഇപ്പോള്‍ അത് അധികാരികള്‍ ചെയ്യുന്നുവെന്ന ശക്തമായ അഭിപ്രായമുണ്ടായി. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും സദസ്യര്‍ പരാമര്‍ശിക്കുകയുണ്ടായി.

സ്വാതന്ത്ര്യത്തിന് ഭൗതീകവും ആദ്ധ്യാത്മികവുമായ രണ്ട് തലങ്ങളുണ്ടെന്നും അതുകൂടി നാം പരിഗണിക്കേ ണ്ടതാണെന്നും ഉള്ള അഭിപ്രായത്തോടെ മോഡറേറ്റര്‍ ടോം വിരിപ്പന്‍ ചര്‍ച്ച അവസാനിപ്പിച്ചു.

തുടര്‍ന്ന് ജോസഫ് തച്ചാറ ‘സ്വര്‍ഗ്ഗീയ തീവ്രവാദം’ എന്ന ചെറുകഥ അവതരിപ്പിച്ചു. ഒരു തീവ്രവാദിയുടെ അന്ത്യവിധി എങ്ങനെ ആകാമെന്ന് വളരെ സരസമായി ഈ കഥയില്‍ ചിത്രീകരിച്ചിരിക്കുകയാണ്. നൂറോ അതിലധികമോ മനുഷ്യരെ കൊന്ന മുറാദാണ് ഇവിടെ വിധിക്കപ്പെടുന്നത്. ഇത്രയേറെ കൊലപാതകങ്ങള്‍ ചെയ്തിട്ടും വിധികര്‍ത്താവ് അവന് മാപ്പുകൊടുത്ത് അശ്ലേഷിക്കുകയാണ് ചെയ്യുന്നത്. ഇവിടെ വിധിക്കപ്പെടുന്നവന്‍ മറ്റുള്ളവരുടെ ആജ്ഞയ്ക്ക് വഴങ്ങിയാണ് ക്രൂരകൃത്യങ്ങള്‍ ചെയ്തതെന്ന് വിധികര്‍ത്താക്കള്‍ മനസ്സിലാക്കുന്നു. മാത്രമല്ല, അവന്റെ മാതാവും സഹോദരനും അവനുവേണ്ടി പ്രാര്‍ത്ഥിയ്ക്കുകയും ചെയ്തു. അതൂകൊണ്ടൊക്കെ അവന് മാപ്പു ലഭിക്കുകയാണ്. ചുരുക്കത്തില്‍ സാഹ്യചര്യങ്ങളുടെ സമ്മര്‍ദ്ദംകൊണ്ട് തെറ്റുചെയ്യുന്നവനോട് ക്ഷമിക്കുമെന്നും മറ്റുള്ളവരുടെ പ്രാര്‍ത്ഥനയ്ക്കും ഫലമുണ്ടെന്നും കഥയില്‍ ധ്വനിപ്പിക്കുകയാണ് കഥാകൃത്ത്.

തുടര്‍ന്നുള്ള പൊതു ചര്‍ച്ച തികച്ചും സജീവമായിരുന്നു. എ.സി. ജോര്‍ജ്, കുര്യന്‍ പന്നപ്പാറ, മാത്യു പന്നപ്പാറ, ബേബിക്കുട്ടി പുല്ലാട്, സജി പുല്ലാട്, ഷിജു ജോര്‍ജ്, തോമസ് തയ്യില്‍, ടി.എന്‍. സാമുവല്‍, ജോസഫ് തച്ചാറ, ടോം വിരിപ്പന്‍, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട്, സുരേഷ് ചീയേടത്ത്. തോമസ് വര്‍ഗ്ഗീസ്, ജോസഫ് പൊന്നോലി, ജോര്‍ജ് ഏബ്രഹാം, ജേക്കബ് ഫിലിപ്പ് എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

ടി.എന്‍. സാമുവലിന്റെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സെമിനാര്‍ പര്യവസാനിച്ചു. മലയാളം സൊസൈറ്റിയുടെ അടുത്ത സമ്മേളനം സെപ്തംബര്‍ 10-നു നടക്കുന്നതാണ്.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217 

image1  image2image3

LEAVE A REPLY

Please enter your comment!
Please enter your name here