1435920254_a6
ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്‍ കീഴിലുള്ള ഹൂസ്റ്റന്‍ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ വിശുദ്ധ പത്രോസ് ശ്ലീഹായുടെ ഓര്‍മ്മ പെരുന്നാള്‍, ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെട്ടു.
ഹൂസ്റ്റനിലും, സമീപ പ്രദേശങ്ങളിലുമുള്ള യാക്കോബായ സുറിയാനി സഭാ വിശ്വാസികളുടെ ആഗ്രഹപ്രകാരം താല്‍ക്കാലിക ക്രമീകരണമെന്നോണം, സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് ഹാളില്‍ വെച്ച് നടത്തപ്പെട്ട പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്, അഭിവന്ദ്യ തിരുമേനിക്ക് പുറമേ റവ.ഫാ.പോള്‍ തോട്ടക്കാട്ട്(കൗണ്‍സില്‍ മെംബര്‍ റവ.ഫാ.ഷിനോജ് ജോസഫ്, റവ.ഫാ.മാര്‍ട്ടിന്‍ ബാബു എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. കൗണ്‍സില്‍ അംഗങ്ങളായ ശ്രീ.ജോര്‍ജ് പൈലി, അല്ക്‌സ് ജോര്‍ജ് എന്നിവരും സന്നിഹിതരായിരുന്നു.
ക്രൈസ്തവ സഭയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ അനേക പീഢനങ്ങളിലൂടേയും, പ്രതിസന്ധികളിലൂടെയും കടന്നുപോയിട്ടുള്ള സന്ദര്‍ഭങ്ങളിലെല്ലാം, സത്യവിശ്വാസ സംരക്ഷണത്തിനായി, നമ്മുടെ പിതാക്കന്മാര്‍ അനുഭവിച്ചിട്ടുള്ള കഷ്ടതകളും യാതനകളും ഒരിക്കലും വിസ്മരിക്കാവുന്നതല്ലെന്ന് അഭിവന്ദ്യ തിരുമേനി, തന്റെ പ്രസംഗത്തിലൂടെ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.
സമീപകാലത്ത് ഈ ദേവാലയത്തിലും ഉണ്ടായിട്ടുള്ള പ്രതിസന്ധികളില്‍ വിശ്വാസികള്‍, അടിപതറാതെ, പ്രലോഭനങ്ങള്‍ക്ക് വശംവദരാകാതെ സത്യവിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുവാന്‍, പ്രാര്‍ത്ഥനയോടും, ജാഗ്രതയോടും കൂടെ പ്രവര്‍ത്തിക്കുവാന്‍ ഇടവകാംഗങ്ങളെ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. വി.ആരാധനക്ക് മുടക്കം വരാതെ, തുടര്‍ന്നും, ആരാധന നടത്തുന്നതിനാവശ്യമായ, ക്രമീകരണങ്ങള്‍ക്കായി, ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും തിരുമേനി അറിയിച്ചു.
തുടര്‍ന്ന് സംസാരിച്ച റവ.ഫാ.പോള്‍ തോട്ടക്കാട്ട്, പ്രതിസന്ധികളില്‍ തളര്‍ന്നു പോകുന്നവനല്ല, യഥാര്‍ത്ഥ ക്രൈസ്തവനെന്നും, പ്രതിസന്ധികളെ അതിജീവിക്കുകയെന്നതാണ് നമ്മുടെ കര്‍ത്തവ്യമെന്നും ഇടവകാംഗങ്ങളെ ബോധവല്‍ക്കരിച്ചു.
ഹൂസ്റ്റന്‍, ഡാളസ് തുടങ്ങിയ മേഖലകളില്‍ നിന്നുമായി നൂറോളം വിശ്വാസികള്‍ വിശുദ്ധന്റെ പെരുന്നാളില്‍ സംബന്ധിച്ച് ധന്യരായി സ്‌നേഹവിരുന്നോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സമാപനമായി. അമരേിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ്ജ് അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here