getP45ghoto.php

ഡാലസ്: സനാതന ധര്‍മ്മത്തിന്റെ വിജയ ഭേരിയും പൈത്രുകത്തിന്റെ ശംഖ നാദവും മുഴക്കി ഇന്നു വൈകീട്ടു സമാരംഭിക്കുന്ന കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വന്‍ഷനു രജിസ്റ്റ്രെഷന്‍ ആരംഭിച്ചു. നേരത്തെ മണ്ണടി ഹരി, പാര്‍ഥസാരഥി പിള്ള തുടങ്ങിയവരുടെ നേത്രുത്വത്തില്‍ ഭജനയും പ്രാര്‍ഥനയും നടന്നു.
വിമാനത്തിലെത്തുന്നവര്‍ മിക്കവരും എത്തിക്കഴിഞ്ഞു. ടെക്‌സസിലും സപീപത്തു നിന്നും ഡ്രൈവെ ചെയ്ത് എത്തുന്നവര്‍ പ്രാരഭ സമ്മേളനത്തിനു മുന്‍പേ എത്തുമെന്നു സംഘാടകര്‍ കരുതുന്നു.
കണ്‍വന്‍ഷന്‍ വേദിയായ ഡാലസ് എയര്‍പോര്‍ട്ടിലുള്ള ഹയത്ത് റീജന്‍സി ഉത്സവ പ്രതീതിയിലാണു.
നാലു ദിവസം നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷനില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. നിരവധി കമ്മിറ്റികള്‍ രാവും പകലും കണ്‍വന്‍ഷന്റെ വിജയത്തിനു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നാനൂറോളം കുടുംബങ്ങള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നു. ഹിന്ദു മതത്തെപ്പറ്റിയുള്ള ഒരു അടിസ്ഥാനം കുട്ടികള്‍ക്ക് കൊടുക്കുന്നതിനൊപ്പം നമുക്ക് പൈതൃകമായി പകര്‍ന്നുകിട്ടിയ സനാതന ധര്‍മ്മം കുട്ടികള്‍ക്കു പകര്‍ന്നു കൊടുക്കുക എന്നതുകൂടിയാണ് ഈ കണ്‍വന്‍ഷനിലൂടെ കെ.എച്ച്.എന്‍.എ ഉദ്ദേശിക്കുന്നത്.
നാലു ദിവസം നീണ്ടുനില്‍ക്കുന്ന അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ മതാചാര്യന്മാര്‍, മതപണ്ഡിതന്മാര്‍, മത നേതാക്കള്‍, മന്ത്രിമാര്‍, സാമൂഹ്യസാംസ്‌കാരിക നേതാക്കള്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഇന്ത്യയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമായി ഈപങ്കെടുക്കുന്നതാണ്. സ്വാമിജിമാരുടെ പ്രഭാഷങ്ങള്‍, ഭജന, യോഗ, മെഡിറ്റേഷന്‍, ആദ്ധ്യാത്മിക സെമിനാറുകള്‍, ബിസിനസ് സെമിനാറുകള്‍, കുട്ടികള്‍ക്കുള്ള മത്സരങ്ങള്‍, വിവിധ സംസ്ഥാനങ്ങളിലെ സംഘടനകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. അവസാന ദിവസത്തെ കുടുംബ സംഗമത്തില്‍ ബാലഭാസ്‌കര്‍, ശങ്കരന്‍കുട്ടി മാരാര്‍, ബിന്ദു നാരായണ, മാളവിക എന്നിവര്‍ അവതരിപ്പിക്കുന്ന നാദബ്രഹ്മം’ എന്ന പരിപാടി കണ്‍വന്‍ഷന്റെ പ്രത്യേകതയാണ്.
ആര്‍ഷ ഭാരത്തിന്റെ സനാതന മൂല്യങ്ങള്‍ക്ക് ഇന്ന് ലോകത്ത് ഏറെ പ്രസക്തിയുള്ള സമയമാണ്. സനാതന ധര്‍മ്മം എന്നു പറയുന്നത് മൂല്യങ്ങളില്‍ അധിഷ്ഠിതമാണ്. പുതിയ തലമുറയെ സത്യത്തിലേക്കും, സാമൂഹിക സാംസ്‌കാരിക ഉന്നമനത്തിലേക്കും നയിക്കേണ്ട ഉത്തരവാദിത്വം ഇന്ന് കെ.എച്ച്.എന്‍.എയ്ക്കുണ്ട്. ആധുനിക തലമുറയ്ക്ക് ഭാരതീയ സംസ്‌കാരത്തെകുറിച്ചുള്ള അവബോധം സൃഷ്ടിക്കുക കൂടിയാണ് ഈ കണ്‍വന്‍ഷന്റെ മുഖ്യ ലക്ഷ്യം എന്ന് പ്രസിഡന്റ് ടി.എന്‍. നായര്‍ അഭിപ്രായപ്പെട്ടു.
മാറിവരുന്ന ജീവിത സാഹചര്യങ്ങളിലും ആധുനിക കാലഘട്ടത്തിലും സമൂഹത്തിന് ശരിയായ ഒരു ദിശാബോധം നല്‍കുവാന്‍ കെ.എച്ച്.എന്‍.എയ്ക്ക് കഴിയുന്നുണ്ടെന്ന് സെക്രട്ടറി ഗണേശ് നായര്‍ പറഞ്ഞു.
കുടുംബങ്ങളില്‍ പ്രതീക്ഷയും, സ്‌നേഹവും, സാഹോദര്യവും, പരസ്പര വിശ്വാസവും വളര്‍ത്തിയെടുക്കാന്‍ കെ.എച്ച്.എന്‍.എയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ട്രഷറര്‍ രാജു പിള്ള അഭിപ്രായപ്പെട്ടു.
സനാതനധര്‍മ്മം അമേരിക്കയിലുള്ള ഹിന്ദു കുടുംബങ്ങളിലെ യുവതലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ കെ.എച്ച്.എന്‍.എയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് നായര്‍, ജോയിന്റ് ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ പ്രസ്താവിച്ചു.
കണ്‍വന്‍ഷന്റെ വിജയത്തിനായി എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ടി.എന്‍. നായര്‍, സെക്രട്ടറി ഗണേശ് നായര്‍, ട്രഷറര്‍ രാജു പിള്ള, വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് നായര്‍, ജോയിന്റ് ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here