ഫിലാഡല്‍ഫിയ:  ഏപ്രില്‍ 9 ഞായറാഴ്ച ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ യേശു തന്‍റെ പരസ്യജീവിതത്തിനു വിരാമം കുറിച്ചുകൊണ്ട് നടത്തിയ ജറുസലേം രാജകീയപ്രവേശനത്തിന്‍റെ ഓര്‍മ്മപുതുക്കി ഓശാനത്തിരുനാള്‍ ആചരിച്ചു. കഴുതപ്പുറത്തേന്തി വിനയാന്വീതനായി വിജയശ്രീലാളിതനായ രാജാവിനെപ്പോലെ ജറുസലം പട്ടണത്തില്‍ അനുയായികളുടെ ഓശാനഗീതങ്ങളും, വരവേല്പ്പുകളും, ഒലിവു മരക്കൊമ്പുകള്‍ വീശിയുള്ള ജയ് വിളികളും ഏറ്റുവാങ്ങിയുള്ള പട്ടണ പ്രവേശനം യേശുവിന്‍റെ 33 വര്‍ഷത്തെ പരസ്യജീവിതത്തിനു അന്ത്യം കുറിക്കുകയും, വിശുദ്ധവാരത്തിലേക്കുള്ള കവാടം തുറക്കുകയും ചെയ്തു.

നിരവധി കര്‍ദ്ദിനാള്‍മാരുടെയും, ബിഷപ്പുമാരുടെയും സാന്നിധ്യത്തില്‍ റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സെ. പീറ്റേഴ്സ് ബസിലിക്കായുടെ ചത്വരത്തില്‍ നടന്ന ഓശാനത്തിരുനാള്‍ കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കി. ഫിലാഡല്‍ഫിയ ആര്‍ച്ചുബിഷപ് അഭിവന്ദ്യ ചാള്‍സ് ഷാപ്യൂ തിരുമേനി പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമത്തിലുള്ള കത്തീഡ്രല്‍ ബസിലിക്കയില്‍ കുരുത്തോലകള്‍ ആശീര്‍വദിച്ച് വിശ്വാസികള്‍ക്കു ദിവ്യബലിമധ്യേ നല്‍കി. തുടര്‍ന്നു നടന്ന കുരുത്തോലപ്രദക്ഷിണത്തില്‍ ആയിരക്കണക്കിനാളുകള്‍ പ്രാര്‍ത്ഥനാനിരതമായ അന്തരീക്ഷത്തില്‍ പങ്കെടുത്തു.
വിശാല ഫിലാഡല്‍ഫിയാ റീജിയണിലെ വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ ഓശാനത്തിരുനാള്‍ ഭക്തിപുരസരം ആചരിക്കപ്പെട്ടു. ഫിലാഡല്‍ഫിയ സീറോമലബാര്‍ ഫൊറോനാപള്ളിയിലും ആശീര്‍വദിച്ച കുരുത്തോലകള്‍ കൈകളിലേന്തി ഓശാനഗീതങ്ങള്‍ ഈണത്തില്‍പാടി ഇടവകജനങ്ങള്‍ ഭക്തിനിര്‍ഭരമായി ഓശാനത്തിരുനാള്‍ ആചരിച്ചു.
ഞായറാഴ്ച രാവിലെ പത്തുമണിക്കു വികാരിയായി പുതുതായി ചാര്‍ജെടുത്ത റവ. ഫാ. വിനോദ് മഠത്തിപറമ്പിലിന്‍റെ കാര്‍മ്മികത്വത്തില്‍ നടന്ന ഓശാന ശുശ്രൂഷയിലും, ദിവ്യബലിയിലും ഇടവകയിലെ 450 ല്‍ പരം കുടുംബങ്ങള്‍ പങ്കെടുത്തു. പ്രത്യേക പ്രാര്‍ത്ഥനാപൂര്‍വം ആശീര്‍വദിച്ചുനല്‍കിയ കുരുത്തോലകള്‍ വഹിച്ചുകൊണ്ട് പള്ളിക്കുവെളിയിലൂടെയുള്ള കുരുത്തോല പ്രദക്ഷിണവും, “വാതിലുകളെ തുറക്കുവിന്‍” എന്നുല്‍ഘോഷിച്ചു കൊണ്ടു പ്രധാനദേവാലയകവാടം മുട്ടിത്തുറന്നുള്ള ദേവാലയ പ്രവേശനത്തിനും ഫാ. വിനോദും, കൈക്കാരന്മാരായ മോഡി ജേക്കബ്, ജോസ് തോമസ്, ഷാജി മിറ്റത്താനി, റോഷിന്‍ പ്ലാമൂട്ടില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ക്രിസ്തുനാഥന്‍റെ പീഡാസഹനവും, കുരിശുമരണവും, മഹത്വപൂര്‍ണമായ ഉത്ഥാനവും അനുസ്മരിക്കുന്ന പീഡാനുഭവവാരതിരുക്കര്‍മ്മങ്ങള്‍ക്കു ഇതോടെ ലോകമെങ്ങും തുടക്കം കുറിച്ചു.                                

ഫോട്ടോ: ജോസ് തോമസ്

Fr. Vinod madathiparambil at Palm Sunday Service in Phila 3 Fr. Vinod madathiparambil at Palm Sunday Service in Phila 4 Fr. Vinod madathiparambil at Palm Sunday Service in Phila 5 Fr. Vinod madathiparambil at Palm Sunday Service in Phila 6 Fr. Vinod madathiparambil at Palm Sunday Service in Phila 7 Phila Archbishop Most Rev. Chaput blesses plams during Palm Sunday Mass Pope Francis Presides Palm Sunday Mass in Rome 2 Pope Francis Presides Palm Sunday Mass in Rome 3

LEAVE A REPLY

Please enter your comment!
Please enter your name here