ഫീനിക്‌സ്: പൗരോഹിത്യത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന ഫാ. മാത്യു മുഞ്ഞനാട്ടിനു ഫീനിക്‌സ് ഹോളി ഫാമിലി ഇടവക ആവേശോജ്വലമായ സ്വീകരണം നല്‍കുന്നു. ഫീനിക്‌സില്‍ സീറോ മലബാര്‍ സമൂഹത്തിന്റെ രൂപീകരണത്തിനും, ഇടവക ദേവാലയത്തിന്റെ നിര്‍മ്മാണത്തിനും മുഖ്യ നേതൃത്വം നല്‍കിയത് ഫാ. മാത്യു മുഞ്ഞനാട്ട് ആണ്.

വൈദീകപട്ടം സ്വീകരിച്ചിട്ട് ഇരുപത്തഞ്ച് വര്‍ഷം പിന്നിടുന്ന ഫാ. മാത്യു തന്റെ പൗരോഹിത്യ ശുശ്രൂഷയുടെ ഏഴു വര്‍ഷക്കാലവും സമര്‍പ്പിച്ചത് അരിസോണ ഫീനിക്‌സിലെ മലയാളി കത്തോലിക്കര്‍ക്ക് വേണ്ടിയാണ്. പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ഒരുമിപ്പിച്ച് ദൈവോന്മുഖമായി സ്വന്തം പൗരോഹിത്യത്തെ ഉത്തരവാദിത്വബോധത്തോടെ തനിക്കായി മാറ്റിവെയ്ക്കപ്പെട്ട ദൈവജനത്തിന്റെ ആത്മീയോന്നതിയ്ക്കായി സമര്‍പ്പിച്ചുവെന്നതാണ് ഫാ. മാത്യുവിന്റെ ജീവിതത്തെ ധന്യമാക്കുന്നത്. മുഖംമൂടികളുടെ ഭാരം താങ്ങനാവാതെ അവശനായിതീര്‍ന്ന മനുഷ്യനല്ല ഫാ. മാത്യു മുഞ്ഞനാട്ട്. ജാടകളേതുമില്ലാതെ സ്വന്ത്രമായി സമൂഹത്തോട് ഇടപെടാന്‍ കഴിയുന്നത് ദൈവം തെരഞ്ഞെടുത്ത് മാറ്റനിര്‍ത്തിയ മാത്യു അച്ചനിലെ വൈദീകവ്യക്തിത്വത്തെ തനിമയാര്‍ന്നതാക്കുന്നു.

ദൃഢനിശ്ചയവും സമൂഹനന്മയ്ക്കായി ഏറ്റെടുക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ സവിശേഷ ശൈലിയും ദൈവദാനമായി കരുതുന്നു അച്ചന്‍. കഠിനാധ്വാനം വഴി ശൂന്യതയില്‍ നിന്നും ഒരു ആത്മീയ സമൂഹനിര്‍മ്മിതിയ്ക്ക് നെടുനായകത്വം വഹിച്ചപ്പോഴും ഞാനെന്ന ഭാവത്തിന്റെ നിഴല്‍പോലും ഫീനിക്‌സുകാരുടെ പ്രിയപ്പെട്ട മുഞ്ഞനാട്ടച്ചന്റെ അരികിലേക്ക് എത്തിയില്ല. ആര്‍ഭാടവും സമൃദ്ധിയും ലക്ഷ്യംവെയ്ക്കുന്ന ഒരു സമൂഹത്തിന് നടുവില്‍ ജീവിക്കുമ്പോഴും ലളിത ജീവിതം മുഖമുദ്രയാക്കിയ ഫാ. മാത്യുവിനെ ജാതിമത ഭാഷാഭേദമെന്യേ ഫീനിക്‌സ് നിവാസികള്‍ക്ക് ഏറെ പ്രിയങ്കരനാക്കി.

ഏപ്രില്‍ 29-നു വൈകുന്നേരം ദേവാലയാങ്കണത്തില്‍ എത്തിച്ചേര്‍ന്ന അച്ചനെ വികാരി ഫാ. ജോര്‍ജ് എട്ടുപറയിലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. 30-നു ഞായറാഴ്ച ഇടവകാംഗങ്ങള്‍ക്കൊപ്പം അര്‍പ്പിക്കുന്ന കൃതജ്ഞതാബലിയില്‍ മുഖ്യകാര്‍മികനാകും. തുടര്‍ന്നു ചേരുന്ന സമ്മേളനത്തില്‍ സ്വീകരണ കമ്മിറ്റി ചെയര്‍മാനും ഇടവക വികാരിയുമായ ഫാ. ജോര്‍ജ് എട്ടുപറയില്‍ അധ്യക്ഷത വഹിക്കും.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സാജന്‍ മാത്യു, വിന്‍സി ടോമി, ജോണ്‍സീന പൗളിനോസ് എന്നിവര്‍ ആശംസകള്‍ നേരും. സമ്മേളനത്തെ തുടര്‍ന്നു ഫാ. മാത്യുവിന്റെ ബഹുമാനാര്‍ത്ഥം ഒരുക്കുന്ന സ്‌നേഹവിരുന്നിലും നിരവധി പേര്‍ പങ്കെടുക്കും. സ്വീകരണ പരിപാടികള്‍ വന്‍ വിജയമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പാരീഷ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here