വാഷിങ്‌ടൺ: ഇറാനിൽനിന്ന്‌ പെട്രോളിയം ഇറക്കുമതിയുടെ കാര്യത്തിൽ ഉപരോധത്തിൽ ഇളവ്‌ വേണമെന്ന ഇന്ത്യയുടെ നിലപാടിനെ അമേരിക്കൻ വിദേശവകുപ്പ്‌ ന്യായീകരിച്ചപ്പോൾ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ എതിർത്തെന്ന്‌ വെളിപ്പെടുത്തൽ. അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജോൺ ബോൾട്ടൺ എഴുതിയ വൈറ്റ്‌ഹൗസ്‌ ഓർമക്കുറിപ്പുകളിലാണ്‌ ട്രംപിന്റെ ചതി വെളിപ്പെടുത്തുന്നത്‌.

ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി 2019 നവംബർ നാലിനകം പൂർണമായും അവസാനിപ്പിക്കണമെന്ന്‌ കഴിഞ്ഞവർഷം അമേരിക്ക ആവശ്യപ്പെട്ടിരുന്നു. അനുസരിച്ചില്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഉപരോധത്താൽ വലഞ്ഞ ഇറാൻ അന്താരാഷ്ട്ര വിലയിലും താഴ്‌ത്തിയാണ്‌ എണ്ണ വിറ്റിരുന്നത്‌. 2017–-18 സാമ്പത്തികവർഷത്തിലെ ആദ്യ 10 മാസത്തിനിടെ ഇന്ത്യ ഇറാനിൽനിന്ന്‌ 1.84 കോടി ടൺ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്‌തിരുന്നു. പുതിയ ദാതാക്കളെ കണ്ടെത്തേണ്ടിവരും എന്നതും അവർ നിലവിലെ അന്താരാഷ്ട്ര വില ഈടാക്കും എന്നതുമായിരുന്നു ഇന്ത്യയുടെ പരാതി.

ഉപരോധത്തിൽ തങ്ങൾക്ക്‌ ഇളവ്‌ വേണമെന്ന ഇന്ത്യയുടെ ആവശ്യം മനസ്സിലാക്കാം. എന്നാൽ, യുഎസ്‌ സ്‌റ്റേറ്റ്‌ ഡിപ്പാർട്‌മെന്റ്‌ ഇന്ത്യയുടെ നിലപാട്‌ ഏറ്റുപാടിയത്‌ മനസ്സിലാകുന്നില്ലെന്ന്‌ ബോൾട്ടൺ എഴുതുന്നു. ഇത്‌ സംബന്ധിച്ച്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്‌ പോംപിയോയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ട്രംപ്‌ പ്രധാനമന്ത്രി മോഡിയോട്‌ ഒട്ടും അനുഭാവം കാണിച്ചില്ല. ‘അദ്ദേഹം ഇവിടെ എത്തുന്നതിനുമുമ്പ്‌ ഇളവ്‌ നീക്കുക. അതിനെക്കുറിച്ച്‌ എനിക്ക്‌ ഒന്നും അറിയില്ലായിരുന്നെന്ന്‌ ഞാൻ പറയും. അത്‌ ഈ ആഴ്‌ചതന്നെ ചെയ്യണം’ എന്ന്‌ ട്രംപ്‌ പറഞ്ഞതായാണ്‌ വെളിപ്പെടുത്തൽ.

പുൽവാമ ആക്രമണത്തെതുടർന്നുണ്ടായ സംഘർഷത്തിൽ അയവ്‌ വന്നത്‌ മണിക്കൂറുകൾ നീണ്ട ഫോൺ സംഭാഷണത്തെതുടർന്നാണെന്നും ബോൾട്ടൺ ഓർക്കുന്നു. അഫ്‌ഗാനിസ്ഥാൻ സംബന്ധിച്ച ഒരധ്യായത്തിലും പെട്ടെന്ന്‌ മോഡി പരാമർശിക്കപ്പെടുന്നു. താലിബാനെക്കുറിച്ച്‌ സംസാരിക്കുന്നതിനിടെ പെട്ടെന്ന്‌ കശ്‌മീരിലേക്ക്‌ തിരിഞ്ഞ ട്രംപ്‌ തനിക്ക്‌ വരുന്ന തിങ്കളാഴ്‌ച മോഡിയുമായി സംസാരിക്കണം എന്ന്‌ ആവശ്യപ്പെട്ടു. വ്യാപാരംമൂലം അമേരിക്കയ്‌ക്ക്‌ വലിയ അധികാരമുണ്ട്‌ എന്നും ട്രംപ്‌ പറഞ്ഞു. ‘ദി റൂം വേർ ഇറ്റ്‌ ഹാപ്പൻഡ്‌: എ വൈറ്റ്‌ഹൗസ്‌ മെമയർ’ ചൊവ്വാഴ്‌ച പുറത്തിറങ്ങി. ഇത്‌ തടയാൻ അമേരിക്കൻ നീതിന്യായവകുപ്പ്‌ കോടതിയെ സമീപിച്ചെങ്കിലും ഫലിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here