പെന്‍ അമേരിക്കയുടെ വോയ്‌സ് ഓഫ് ഇന്‍ഫ്‌ളുവന്‍സ് അവാര്‍ഡ് ബറാക് ഒബാമയ്ക്ക്. ഒബാമയുടെ എ പ്രോമിസ്ഡ് ലാന്‍ഡ് എന്ന ഏറ്റവും കൂടുതല്‍ വിറ്റുപോയ ഓര്‍മ്മക്കുറിപ്പിനാണ് അവാര്‍ഡ്. ഒബാമയുടെ എഴുത്തുകള്‍ രാഷ്ട്രീയ, സാമൂഹിക, പ്രത്യയശാസ്ത്രപരമായ അതിര്‍ വരമ്പുകളിലൂടെ സഞ്ചരിക്കുകയും അപ്രകാരം ആത്മബോധമുള്ള മാനവികതയ്ക്ക് രൂപം നല്‍കുകയും അത് അദ്ദേഹത്തിന്റെ പൊതു ജീവിതത്തെ സ്വാധീനിക്കുകയും ചെയ്തുവെന്ന് ഫ്രീ സ്പീച്ച് ആക്ടിവിസ്റ്റ് ഗ്രൂപ്പ് പറയുന്നു.

ഡിസംബര്‍ എട്ടിന് അവാര്‍ഡ് അവതരണം നടക്കുക. തുടര്‍ന്ന് എഴുത്തുകാരനും ചരിത്രകാരനും പുലിസ്റ്റര്‍ അവാര്‍ഡ് ജേതാവുമായ റോണ്‍ ചെര്‍നോവുമൊത്ത് എഴുതാനുള്ള സ്വാതന്ത്രം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. കഴിഞ്ഞയാഴ്ചയാണ് ഒബാമയുടെ എ പ്രോമിസ്ഡ് ലാന്‍ഡ് പുറത്തിറങ്ങിയത്. ആദ്യ ആഴ്ചയില്‍ത്തന്നെ പുസ്തകത്തിന്റെ 1.7 ദശലക്ഷത്തിലധികം പകര്‍പ്പുകളാണ് വിറ്റഴിഞ്ഞത്. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം പുസ്തകങ്ങള്‍ ആദ്യ ആഴ്ചയില്‍ത്തന്നെ വിറ്റഴിയുന്നത്.

‘എഴുത്തുകാരുടെ ഒരു സംഘടനയെന്ന നിലയില്‍, മുന്‍ പ്രസിഡന്റ് ഒബാമയെ ഒരു നേതാവായിട്ടല്ല, ഞങ്ങളില്‍ ഒരാളായിട്ടാണ് ഞങ്ങള്‍ കണ്ടിട്ടുള്ളതെന്ന് പെന്‍ അമേരിക്ക സിഇഒ സുസെയ്ന്‍ നോസെല്‍ പറഞ്ഞു. പെന്‍ അമേരിക്കയുടെ രണ്ടാമത്തെ വോയ്‌സ് ഓഫ് ഇന്‍ഫ്‌ളുവന്‍സ് അവാര്‍ഡാണ് ഇത്തവണ ഒബാമയ്ക്ക് ലഭിക്കുന്നത്. ആദ്യത്തെ അവാര്‍ഡിന് ചലച്ചിത്ര നിര്‍മ്മാതാവ് അവ ഡുവെര്‍ണെയാണ് അര്‍ഹനായത്.

LEAVE A REPLY

Please enter your comment!
Please enter your name here