യുഎസ് പാര്‍ലമെന്റിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ നീക്കം. അക്രമത്തിന്റെ ഉത്തരവാദിത്തം ട്രംപിനായതിനാല്‍ പുറത്താക്കണമെന്നും ഇംപീച്ച് ചെയ്യണമെന്നും ഭരണ രംഗത്തും സെനറ്റിലും ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഇതുസംബന്ധിച്ച പ്രമേയം ഡെമോക്രാറ്റിക് പാര്‍ട്ടി തിങ്കളാഴ്ച ജനപ്രതിനിധിസഭയില്‍ കൊണ്ടുവരും. സ്ഥാനമൊഴിയാന്‍ വെറും പത്തുദിവസം മാത്രം ശേഷിക്കെയാണ് ഇംപീച്ച്‌മെന്റ് നടപടി.

ഇംപീച്ച് ചെയ്യപ്പെടുകയാണെങ്കില്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് പുറത്തു പോകുന്ന ആദ്യ പ്രസിഡന്റാകും ട്രംപ്. ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് നിയുക്ത പ്രസിഡന്റ് ജോബൈഡനും രംഗത്തെത്തി. ട്രംപ് തല്‍സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും ഇംപീച്ച്‌മെന്റിനെ അനുകൂലിക്കുകയാണെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

എന്നാല്‍ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടി രാഷ്ട്രീയ പ്രേരിതവും രാജ്യത്തെ വിഭജിക്കാന്‍ ലക്ഷ്യമിട്ടുള്ളതുമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. നേരത്തേ 2019 ലും ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍മാര്‍ കൂടുതലുള്ള സെനറ്റില്‍ തീരുമാനം തള്ളിപ്പോവുകയായിരുന്നു.

അതേസമയം സമൂഹമാദ്ധ്യമമായ ട്വിറ്റര്‍ ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് എന്നേക്കുമായി മരവിപ്പിച്ചു. യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കയറി പ്രക്ഷോഭം നടത്താന്‍ അണികളെ പ്രേരിപ്പിച്ചതിന്റെ പേരിലാണ് ട്വിറ്ററിന്റെ നടപടി. ആദ്യം ഇരുപത്തിനാല് മണിക്കൂര്‍ ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍ ഭാവിയിലും ട്രംപ് പ്രകോപനമുണ്ടാക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കാണിച്ചാണ് സ്ഥിരമായി അക്കൗണ്ട് നീക്കിയത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here