പ്രസിഡന്റ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് വിചാരണ അദ്ദേഹം സ്ഥാനമൊഴിഞ്ഞതിനു ശേഷം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അര്‍ക്കന്‍സാസ് സെനറ്റര്‍ ടോം കോട്ടണ്‍. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പദവിയേല്‍ക്കുന്നതിന് മുന്‍പ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് വിചാരണ നടത്താന്‍ സാധ്യതയില്ലെന്ന് സെനറ്റ് മെജോറി ലീഡര്‍ മിച്ച് മകോണല്‍ പറഞ്ഞിരുന്നു. ഹൗസ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പാസാക്കിയിട്ടുണ്ടെങ്കിലും സെനറ്റിന്റെ നിയമങ്ങളനുസരിച്ചുള്ള കൃത്യമായ വിചാരണ ട്രംപ് പദവിയൊഴിയുന്നതിന് മുന്‍പ് നടത്താന്‍ സാധ്യതയില്ല.

ഇത്തരമൊരു സാഹചര്യത്തില്‍ ഒരു മുന്‍കാല പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള സെനറ്റിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് സെനറ്റര്‍ ടോം കോട്ടണ്‍ പറഞ്ഞു. നിയമനിര്‍മ്മാതാക്കള്‍ ഇംപീച്ച്‌മെന്റ് നടപടി വിശദീകരിച്ചിരിക്കുന്നത് നിലവില്‍ പ്രസിഡന്റ് പദവിയിലുള്ള ഒരു വ്യക്തിയെ ഒഴിവാക്കുന്നതിന് വേണ്ടിയാണെന്നാണ്. അതല്ലാതെ അതൊരിക്കലും ഒരു സ്വകാര്യ വ്യക്തിക്കെതിരെയുള്ള കുറ്റ വിചാരണയല്ലെന്നും ടോം കോട്ടണ്‍ പറഞ്ഞു.

ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടെടുപ്പിലാണ് ട്രംപിനെ ഇംപീച്ച് ചെയ്യാനുളള തീരുമാനമായത്. 197 നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും. സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ട്രംപിനെതിരെ കുറ്റം ചുമത്താം. 100 അംഗ സെനറ്റില്‍ 50 ഡെമൊക്രാറ്റ് അംഗങ്ങള്‍ക്ക് പുറമെ 17 റിപ്പബ്ലിക് പാര്‍ട്ടി അംഗങ്ങള്‍ കൂടി പിന്തുണച്ചാലെ ഇത് സാദ്ധ്യമാകൂ.

 

 

LEAVE A REPLY

Please enter your comment!
Please enter your name here