ഫിലിപ്പ് മാരേട്ട്

ന്യൂ ജേഴ്‌സി: സമകാലീക ചിന്തകൾക്ക്  പ്രചോദനം  നൽകുന്ന അന്തർദേശീയ വനിതാ ദിനം എല്ലാ വർഷവും  മാർച്ച്  എട്ടിന്  ആണല്ലോ  ആഘോഷിക്കുന്നത്‌.  ഈ അന്തർദേശീയ വനിതാ ദിനം എങ്ങനെ ഉണ്ടായി, എന്തിനുവേണ്ടി നിലകൊള്ളുന്നു എന്നുകൂടി നാം  മനസ്സിലാക്കണം.  ഈ  ലോകത്തിലെ  സ്ത്രീകൾക്ക്  ഓരോരുത്തർക്കും അവരവരുടെ രാജ്യങ്ങളിൽ തന്നെ ഭയമില്ലാതെ  ജീവിക്കുവാൻ സാധിക്കണം.  എന്നാൽ ഇന്നും സ്ത്രീകൾ ഭയത്തോടു കൂടിയാണ് ജീവിക്കുന്നത്. കാരണം, സ്ത്രീ-അവൾ ശബ്ദമുയർത്തി സംസാരിക്കാൻ പാടില്ല.  അടക്കത്തോട് ഒതുക്കത്തോടെ കൂടി ജീവിക്കണം.  വീട്ടുജോലികൾ ഒക്കെ കൃത്യമായി ചെയ്തു തീർക്കണം.  എല്ലാത്തിനുമുപരി പുരുഷന്റെ സംരക്ഷണയിൽ അവൾ ജീവിക്കണം. ഇത്തരം ചിന്തകൾ അടിച്ചേൽപ്പിക്കുകയാണ് നമ്മളിൽ പലരും.  എന്നിട്ട് സംഭവിക്കുന്നതോ ഇത്തരം മൂല്യങ്ങളുടെ തടവുകാരിയായി മാറുകയാണ് സ്ത്രീകൾ. ഉച്ചത്തിൽ ഒന്ന് സംസാരിച്ചാൽ അവൾ അഹങ്കാരി ആകുന്നു, തന്നിഷ്ടകാരിയാകുന്നു. എന്നാൽ പിന്നീട് നാം അങ്ങോട്ട് കണ്ടത് സ്ത്രീകളുടെ  മുന്നേറ്റത്തിൻറെ  കാലമായിരുന്നു.  സ്ത്രീകൾ നീതിക്കായി, അവകാശത്തിനായി, സ്വാതന്ത്ര്യത്തിനായി, സമത്വത്തിനായി, സ്ത്രീസുരക്ഷയ്ക്കായി ഒന്നിച്ചു കൂടുവാൻ തുടങ്ങി.


വനിതകൾ  അവരുടെ ജോലി സ്ഥലങ്ങളിൽ നിന്നും,  മറ്റു സാമൂഹിക  സാംസ്കാരിക  മേഘലകളിൽ നിന്നും നേടിയെടുക്കുന്ന അവകാശങ്ങൾ ആഘോഷിക്കുകയും അതുപോലെ  സ്ത്രീകളുടെ  ഉന്നമനത്തിനു വേണ്ടി   ലിംഗസമത്വം അഥവാ ജെൻഡർ ഇക്വാലിറ്റിയെ പറ്റി ഉള്ള  ബോധവൽക്കരണങ്ങൾ നടത്തുകയും  ചെയ്യുന്നു.  എന്നാൽ പുരുഷനൊപ്പം ചെയ്യുന്ന ജോലികൾക്ക് തുല്യ വേതനം എന്ന  അടിസ്ഥാനപരമായ നീതി പോലും സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്നു. സേവന-വേതന വ്യവസ്ഥകളിൽ മാത്രമല്ല  എല്ലാരംഗത്തും സ്ത്രീകൾക്ക്  പുരുഷനോടൊപ്പം തുല്യനീതി ലഭ്യമാക്കിയാൽ മാത്രമേ ലിംഗസമത്വം അതിന്റെ ശരിയായ അർത്ഥത്തിൽ യാഥാർത്ഥ്യമാകുക  ഉള്ളൂ. ലോകത്ത് ഒരിടത്തും സ്ത്രീ സമത്വം  സ്വാഭാവികമായി ഉണ്ടായിട്ടില്ല. ധീരവും സുദീർഘവുമായ പോരാട്ടങ്ങളിലൂടെയാണ് സ്ത്രീകൾ തുല്യതയിലേക്ക് ഓരോ പടവും ചവിട്ടിക്കയറിയത്. തെരുവിലിറങ്ങിയ പ്രക്ഷോഭങ്ങൾ മുതൽ നിയമയുദ്ധങ്ങൾ വരെ ഇതിന് ആയുധം ആക്കേണ്ടി വന്നിട്ടുണ്ട്.

 മനുഷ്യ ജീവിതത്തിന്റെ പല സമഗ്ര മേഖലകളിലും സ്ത്രീ പുരുഷന്മാർക്ക് ഇടയിലുള്ള അനാരോഗ്യകരമായ അസമത്വമാണ്  ലിംഗഅസമത്വം അഥവാ ജെൻഡർ    
ഇൻഇക്വാലിറ്റി.  ആഗോള സമൂഹം അടിസ്ഥാന സൗകര്യങ്ങളിലും  വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക രംഗങ്ങളിലും ഏറെ വളർച്ച നേടിയെങ്കിലും മിക്ക രാജ്യങ്ങളിലും സ്ത്രീകൾക്ക്  ഇന്നും  ആരോഗ്യം,  വിദ്യാഭ്യാസം,  സാമ്പത്തികം,  രാഷ്ട്രീയം,  തൊഴിൽ,  കുടുംബം,  തുടങ്ങി ജീവിതത്തിലെ സമഗ്ര മേഖലകളിലൊന്നും  പുരുഷനൊപ്പമുള്ള പൂർണമായ ഒരു മുന്നേറ്റം സാധ്യമായിട്ടില്ല. അന്താരാഷ്ട്ര വനിതാദിനത്തിൽ  വനിതകളുടെ അവകാശങ്ങൾ,  തുല്യ പങ്കാളിത്തം  എന്നിവയെക്കുറിച്ച്  ഓർക്കാനും  സ്വന്തം കർമ്മ മേഖലകളിൽ സ്ത്രീകൾ നടത്തുന്ന മുന്നേറ്റങ്ങളെ അടയാളപ്പെടുത്താനും കൂടിയാണ്  ഓരോ വർഷവും  വനിതാ ദിനം ആചരിക്കുന്നത്.      

 അന്തർദേശീയ വനിതാ ദിനമായി  മാർച്ച് എട്ട് തിരഞ്ഞെടുക്കപ്പെടാൻ സവിശേഷമായ ഒരു കാരണമുണ്ട്. ആയിരത്തി എണ്ണൂറ്റി  അമ്പത്തിയേഴ്  മാർച്ച് എട്ടിന് ന്യൂയോർക്കിലെ തുണി മില്ലുകളിൽ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സേവനത്തിന് ആനുപാതികമല്ലാത്ത കുറഞ്ഞ വേതനത്തിന് എതിരെയും   വോട്ടവകാശത്തിനു വേണ്ടിയും  നടത്തിയ സമരവും പ്രഷോഭവുമാണ് വനിതാ ദിനം എന്ന ആശയത്തിലേക്ക് നയിച്ചത്.  അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആഹ്വാനപ്രകാരം അമേരിക്കയിൽ ആയിരത്തി തൊള്ളായിരത്തി ഒൻപതു ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് ആദ്യ വനിതാ ദിനാചരണം നടന്നത്. അപ്രകാരം അമേരിക്കയിൽ ഇതിനെ  ആദ്യ വനിതാ ദിനാചരണം ആക്കി മാറ്റുക എന്ന ആശയം മുന്നോട്ട് വെച്ചു എങ്കിലും ഈ ദിവസത്തെ ഒരു അന്തർദേശീയ ദിനം ആക്കി മാറ്റുക എന്ന ആശയം മുന്നോട്ട് വെച്ചത്  ജർമൻ മാർക്സിസ്റ്റ് തത്ത്വചിന്തകയും  സാമൂഹിക പ്രവർത്തകയും കൂടിയായ  ക്ലാര സെറ്റ്കിൻ  ആണ്.  ആയിരത്തി തൊള്ളായിരത്തി  പത്തിൽ  ഡെന്മാർക്കിലെ കോപ്പൻഹേഗനിൽ വച്ച് നടന്ന അന്താരാഷ്ട്ര സ്ത്രീ തൊഴിലാളി കോൺഗ്രസിൽ അവർ ഇങ്ങനെ ഒരു കാര്യം നിർദേശിക്കുകയുണ്ടായി. ഈ  തീരുമാനത്തെ 17 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ  ഐകകണ്ഠ്യേന   അംഗീകരിച്ചു.  അങ്ങനെ  ആയിരത്തി തൊള്ളായിരത്തി പതിനൊന്നിൽ ആസ്ത്രേലിയ, ഡെൻമാർക്ക്,  ജർമനി, സ്വിറ്റ്സർലണ്ട്  എന്നീ  രാജ്യങ്ങളിൽ  ആദ്യമായി ലോകവനിതാദിനം ആഘോഷിക്കപ്പെട്ടു. ആയിരത്തി തൊള്ളായിരത്തി പതിനേഴ്   മാർച്ച് എട്ടിന് റഷ്യയിൽ നടത്തിയ വനിതാ ദിന പ്രകടനം റഷ്യൻ വിപ്ലവത്തിന്റെ ഒന്നാംഘട്ടമായി കണക്കാക്കപ്പെടുന്നു.  ആയിരത്തി തൊള്ളായിരത്തി  എഴുപത്തിയഞ്ചിൽ ഐക്യരാഷ്ട്രസഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായിട്ട്  ഔദ്യോഗികമായി പ്രഖ്യാപിച്ചു.  
 
ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം  ആയിരത്തി തൊള്ളായിരത്തി  തൊണ്ണൂറ്റിയാറ്  മുതൽ എല്ലാ വർഷവും മാർച്ച് എട്ടിന്   വ്യത്യസ്തമായ പ്രമേയങ്ങളിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കപ്പെടുന്നു. 2021ലെ ഈ പാൻഡെമിക്ക്  കാലയളവിൽ  വുമൺ ഇൻ ലീഡർഷിപ്പ്  “ആക്ടീവ് ആൻഡ് ഈക്വൽ ഫ്യൂച്ചർ”  ഇൻ  കോവിഡ് 19 എന്നതാണ് വനിതാദിനത്തിൻറെ  പ്രമേയം.  നൂറ്റാണ്ടുകളായുള്ള സമരങ്ങളിലൂടെയും,  പോരാട്ടങ്ങളിലൂടെയും വനിതകൾ നടത്തിയ മുന്നേറ്റങ്ങളുടെ ഓർമ്മപ്പെടുത്തൽ മാത്രമല്ല  സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നിലനിൽക്കുന്ന അടിച്ചമർത്തലുകൾക്കും, അവകാശ ലംഘനങ്ങൾക്കുമെതിരെ  തുടരേണ്ട പോരാട്ടങ്ങൾക്ക് ഊർജ്ജം നൽകുക കൂടിയാണ് ഈ  അന്തർദേശീയ വനിതാ ദിനം ലക്ഷ്യമാക്കുന്നത്.  സ്ത്രീയെ അപമാനിക്കുന്നിടത്തും   സ്ത്രീയെ അവഹേളിക്കുന്നിടത്തും  ഒരു പുരോഗതിയും ഇല്ല എന്ന് കൂടി നാം മനസ്സിലാക്കണം  അതേസമയം തന്നെ  ഓരോ സ്ത്രീയ്ക്കും  സുരക്ഷിതമായി ജീവിക്കാൻ സൗകര്യങ്ങൾ ഒരുക്കേണ്ട  ഉത്തരവാദിത്വം  നമ്മൾക്ക്   കൂടിയാണ്..

വേൾഡ് എക്‌ണോമിക്‌ ഫോറം നൂറ്റി അൻപത്തിമൂന്ന്  രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച  രണ്ടായിരത്തി ഇരുപതിലെ    ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ട് പ്രകാരം ലിംഗസമത്വം യാഥാർഥ്യമാകാൻ ഇനിയും അരനൂറ്റാണ്ടിലധികം കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചിപ്പിക്കുന്നത്. ഐസ് ലാൻഡ്, നോർവേ ഫിൻലൻഡ്, സ്വീഡൻ  എന്നിവർ യഥാക്രമം ഒന്നുമുതൽ നാലുവരെ സ്ഥാനങ്ങളിൽ  ഈ പട്ടികയിൽ നിൽക്കുമ്പോൾ  ഇന്ത്യയുടെ സ്ഥാനം  നൂറ്റി  പന്ത്രണ്ടാമത് ആണ്. !! എല്ലാവനിതകൾക്കും   വനിതാ ദിനത്തിന്റെ  എല്ലാവിധ  ആശംസകളും  നേരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here