കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന സ്‌ഫോടനത്തിന് കാരണക്കാരായവരോട് ക്ഷമിക്കില്ലെന്ന് ജോ ബൈഡന്‍. അമേരിക്കയുടെ പതിമൂന്ന് സൈനികരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ‘ഇത് ഞങ്ങള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഇത് ഞങ്ങള്‍ ക്ഷമിക്കുകയുമില്ല. ഇത് ചെയ്തവരെ ഞങ്ങള്‍ വേട്ടയാടുക തന്നെ ചെയ്യും. പകരം ചോദിക്കുമെന്നും വൈറ്റ്ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ വികാരഭരിതനായും രോഷത്തോടെയും ബൈഡന്‍ പറഞ്ഞു.

സ്ഫോടനങ്ങള്‍ക്ക് കാരണക്കാരായ അക്രമികളെ തിരിച്ചടിക്കാനുള്ള പദ്ധതികള്‍ വികസിപ്പിക്കാന്‍ പെന്റഗണിനോട് ആവശ്യപ്പെട്ടതായും ബൈഡന്‍ പറഞ്ഞു. കാബൂളിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ ആദരിക്കുന്നതിനായി ഓഗസ്റ്റ് 30 വൈകിട്ട് വരെ അമേരിക്കന്‍ പതാക പകുതി താഴ്ത്തണമെന്നും ജോ ബൈഡന്‍ ഉത്തരവിട്ടു.

അഫ്ഗാനിസ്ഥാന്‍ ഭീകരസംഘടനയായ ഐഎസ്ഐഎസ്-കെ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതായി ബൈഡന്‍ ആവര്‍ത്തിച്ചു. ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തിരുന്നു.

ഇത് അമേരിക്കയാണെന്ന് ഓര്‍മ്മിപ്പിച്ച ബൈഡന്‍, സൈനികരുടെ ജീവനെടുത്ത സ്‌ഫോടനത്തിനുള്ള തിരിച്ചടി കനത്തതായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഒഴിപ്പിക്കല്‍ ദൗത്യം മുമ്പ് പ്രഖ്യാപിച്ചത് പോലെ ആഗസ്റ്റ് 31 ന് തന്നെ അവസാനിപ്പിക്കും. അവസാനത്തെ അമേരിക്കകാരനെയും അഫ്ഗാനില്‍ നിന്നും പുറത്തെത്തിക്കും. തങ്ങളുടെ ദൗത്യം തടയാമെന്ന് ആരും കരുതേണ്ടെന്നും ദൗത്യം പൂര്‍ത്തിയാക്കിയെ മടങ്ങൂ എന്നും ബൈഡന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here