മെത്രാൻ കായൽ എന്ന സെമിനാരി കായൽ:   ഫാ.ജോൺസൺ പുഞ്ചക്കോണം

Metran Kayalപുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ മെത്രപോലീത്തയുടെ കാലത്ത് ശ്രീ മൂലം തിരുന്നാൾ രാജാവ് മലങ്കര ഓർത്തഡോക്സ് സഭക്ക് നല്കിയ വയൽ പ്രദേശമാണ് ഇന്ന് വിവാദ ത്തിലായിരിക്കുന്ന മെത്രാൻ കായൽ എന്നറിയപ്പെടുന്ന സെമിനാരി കായൽ. വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ കാലത്ത് ഈ വയൽ പ്രദേശം കൃഷി ചെയ്യുവാനായി സമീപത്ത് താമസിച്ചിരുന്ന ചില ഓർത്തഡോക്സ് സഭാ വിശ്വാസികൾക്കും, ഒരു ഹിന്ദു കുടുംബത്തിനും പാട്ടത്തിനു നല്കിയിരുന്നു. ഏകദേശം 10500-ളം കിന്റൽ അരി ഓരോ വർഷവും ഈ വയലിൽ നിന്ന് കൃഷി ചെയ്തിരുന്നു. പാട്ട വ്യവസ്ഥപ്രകാരം ഓരോ വർഷവും കൃഷിയിൽ നിന്ന് ലഭിക്കുന്ന അരി കോട്ടയം വൈദീക സെമിനാരിക്ക് നൽകണം.

പിൽക്കാലത്ത് ഈ നിലം തിരിച്ചു നൽകണം എന്ന് മലങ്കര ഓർത്തഡോക്സ് സഭ പാട്ടക്കാരോട് ആവശ്യപ്പെട്ടപ്പോൾ കൈവശം വച്ച് കൃഷി ചെയ്തിരുന്ന സഭാ വിശ്വാസികൾ അതിന് തയ്യാറായില്ല എന്നതാണ് ചരിത്രം. എന്നാൽ ഹിന്ദു കുടുംബം തിരിച്ചു നല്കാൻ തയ്യാറായി മുന്നോട്ടു വന്നിരുന്നു എന്നതും ചരിത്രം. പിൽക്കാലത്ത് ഈ 417 ഏക്കർ സ്വകാര്യ വ്യക്തികൾ കൈവശം വച്ചനുഭവിച്ചുകൊണ്ട് 2016 വരെയും കൃഷി ചെയ്തിരുന്നു. കാലം മാറി, അധികാരികൾ മാറി. ഇതിനെ കുറിച്ച് വ്യക്തമായി അറിയാവുന്നവർ മൗനം നടിച്ചു. മലങ്കര ഓർത്തഡോക്സ് സഭയെ സംബന്ധിചിടത്തോളം ആരും ചോദിക്കാനില്ല എന്ന അവസ്ഥ സംജാതമായി. കൃഷിയിൽ നിന്ന് ലഭിക്കുന്ന ആദായം കോട്ടയം വൈദീക സെമിനാരിക്ക് നൽകണം എന്ന വ്യവസ്ഥ അധികാരികൾ കണ്ടില്ലെന്ന് നടിച്ചു. ആർക്കൊക്കെയാണ് പാട്ടത്തിന് നല്കിയത് എന്നതും എന്നുവരെ കൃഷിയിൽ നിന്നുള്ള ആദായം കോട്ടയം വൈദീക സെമിനാരിക്ക് നൽകിയിരുന്നു എന്നതിനും വ്യക്തമായ രേഖകൾ ദേവലോകം അരമന ലൈബ്രറി ആർകിവെയസിലും, പഴയ സെമിനാരിയിലും ഉണ്ട്. ആർക്ക് ചേതം..!!!

ഇന്ന് മെത്രാൻ കായലിൽ നിലം നികത്തി സ്വകാര്യ ടൂറിസം പദ്ധതി നടപ്പാക്കുന്നകതിനാണ് നീക്കം. 2007ന് മുമ്പ് ഇവിടെ കൃഷിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിലം നികത്തിന് കേരള സർക്കാർ അനുമതി നൽകിയത്. തണ്ണീർത്തട സംരക്ഷണ നിയമം കാറ്റിൽ പറത്തിക്കൊണ്ടാണ് റവന്യൂ വകുപ്പ് നിലം നികത്തലിന് അംഗീകാരം നൽകിയത് എന്നാണ് കേൾക്കുന്നത്. നെൽവയൽ തണ്ണീർത്തട നിയമമനുസരിച്ച് പൊതു ആവശ്യങ്ങൾക്കായി മാത്രമാണ് വയലുകളോ നീർത്തടങ്ങളോ നികത്താൻ സർക്കാരിന് ഉത്തരവിടാൻ സാധിക്കുകയുള്ളൂ. ഇത് മറികടന്നാണ് ഇന്ന് കൈവശം വച്ചിരിക്കുന്നു എന്നവകാശപ്പെടുന്ന ചിലരുടെ സ്വകാര്യ ആവശ്യങ്ങൾക്കായി നിലം നികത്തുന്നതിന് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇതിന്റെ യഥാർത്ഥ അവകാശി മലങ്കര ഓർത്തഡോക്സ് സഭയാണ് എന്നത് അധികാരികളും, രാഷ്ട്രീയക്കാരും സൗകര്യ പൂർവ്വം മറക്കുന്നു

തരിശു രഹിത കുട്ടനാട്’ എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ട് മെത്രാൻ കായലിൽ കൃഷി ചെയ്യുന്നതിനുള്ള അവകാശം അതിന്റെ യാഥാർഥ ഉടമയായ മലങ്കര ഓർത്തഡോക്സ് സഭക്ക് തിരിച്ച് നല്കുവാൻ കേരള സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here