
ന്യൂജേഴ്‌സിയില്‍ ഗവര്‍ണര്‍ ഫില്‍ മര്‍ഫിയെ വിജയിയായി പ്രഖ്യാപിച്ച് അസോസിയേറ്റഡ് പ്രസ് (എ.പി). വോട്ടുകള്‍ മുഴുവന്‍ എണ്ണിക്കഴിയുന്നതിനു മുന്‍പാണ് എ.പി ഫലപ്രഖ്യാപനം നടത്തിയിരിക്കുന്നത്. നിയമമനുസരിച്ച് ഈ മാസം ആറ് വരെ ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ കൂടി എണ്ണിക്കഴിഞ്ഞതിനു ശേഷമേ വിജയിയെ വ്യക്തമാകൂ. അസോസിയേറ്റഡ് പ്രസ് ആണ് അമേരിക്കയിലെ ഇലക്ഷന്‍ റിസല്‍ട്ട് പ്രഖ്യാപിക്കുന്നത്.
അതേസമയം മര്‍ഫിയെ വിജയിയായി പ്രഖ്യാപിച്ചതിനെ ചോദ്യം ചെയ്ത് സിറ്ററെല്ലി വിഭാഗം രംഗത്തെത്തി. ഇനിയും ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ എണ്ണാനുള്ളപ്പോള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് മര്‍ഫിയെവിജയിയായി പ്രഖ്യാപിച്ചതെന്ന് സിറ്ററെല്ലി വിഭാഗം ചോദിച്ചു. ഇനി എത്ര ബാലറ്റുകള്‍ എണ്ണാന്‍ ബാക്കിയുണ്ടെന്ന് ന്യൂജേഴ്‌സി സ്റ്റേറ്റ് സെക്രട്ടറിക്ക് പോലും അറിയാത്തപ്പോള്‍ വിജയം പ്രഖ്യാപിച്ച മാധ്യമ നിലപാട് നിരുത്തരവാദപരമാണെന്ന് സിറ്ററെല്ലി വക്താവ് സ്റ്റാമി വില്യംസ് പ്രസ്താവനയില്‍ പറഞ്ഞു.
നിലവില്‍ ജാക്ക് സിറ്ററെല്ലിയേക്കാള്‍ 19440 വോട്ടിനു മുന്നിലാണ് ഫില്‍ മര്‍ഫി. വിജയം ഉറപ്പാക്കുകയാണെങ്കില്‍ 44 വര്‍ഷത്തിനിടെ രണ്ടാമതും ജയിക്കുന്ന ആദ്യ ഡമോക്രാറ്റായിരിക്കും അദ്ദേഹം. 1977ല്‍ ബ്രണ്ടന്‍ ബൈറണാണ് ഇതിനു മുന്‍പ് രണ്ട് തവണ വിജയിച്ചത്. 64കാരനായ മര്‍ഫി മുന്‍ വാള്‍സ്ട്രീറ്റ് എക്‌സിക്യൂട്ടീവും അമേരിക്കന്‍ നയതന്ത്രജ്ഞനുമാണ്.