ബംഗളൂരു: കർണാടകയിൽ രണ്ട് പേർക്ക് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചു. 66, 46 വയസുള്ള പുരുഷന്മാരിലാണ് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് വാർത്താകുറിപ്പിൽ ഇക്കാര്യം അറിയിച്ചത്. എല്ലാവരും എത്രയും പെട്ടെന്ന് വാക്സിനേഷൻ എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്ന ദക്ഷിണാഫ്രിക്കൻ സ്വദേശികളിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി സമ്പർക്കത്തിലായിരുന്ന 15ഓളം പെരെ സർക്കാർ സംവിധാനത്തിൽ നിരീക്ഷണത്തിലാക്കുകയും ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഈ മാസം 16ാം തീയതിയും 20ാം തീയതിയുമാണ് ദക്ഷിണാഫ്രിക്കൻ സ്വദേശികൾ ന്യൂഡൽഹി വഴി ബംഗളൂരുവിൽ എത്തിച്ചേർന്നത്.

ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയ 66കാരനിലാണ് ആദ്യമായി കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്. ഇയാളുമായി സമ്പർക്കത്തിലായിരുന്ന 46കാരനിൽ പിന്നീടാണ് രോഗലക്ഷണങ്ങൾ കണ്ടെത്തുന്നത്.

ഇതുവരെ ഇരുപത്തിമൂന്ന് രാജ്യങ്ങളിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. യു എ ഇയിലെ ഒരു സ്ത്രീയ്ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയിൽ നിന്നെത്തിയ സ്ത്രീയിൽ വൈറസ് കണ്ടെത്തിയതെന്ന് യു എ ഇ ആരോഗ്യ,​ രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

നേരത്തെ ദക്ഷിണാഫ്രിക്കയിൽ നിന്ന് യു എസിൽ തിരിച്ചെത്തിയ ആളിലും വൈറസ് ബാധ കണ്ടെത്തിയിരുന്നു. നവംബർ 22 നാണ് ഇയാൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് കാലിഫോർണിയയിൽ എത്തിയത്.

ഒരാഴ്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഈ വ്യക്തിയ്ക്ക് ചെറിയ രോഗലക്ഷണങ്ങളുണ്ടെന്നും, ക്വാറന്റീനിലാണെന്നും അധികൃതർ അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ യാത്രാ വിലക്ക് ഉൾപ്പടെയുള്ള കർശന നടപടികളിലേക്ക് ബൈഡൻ ഭരണകൂടം കടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here