സുഷ്മനാ നാഡിക്ക് ബാധിച്ച രോഗാവസ്ഥയുമായി പൊരുതുന്ന ഇരുപതുകാരി എവി ടൂംബ്‌സ് തന്റെ വൈകല്യത്തിന് കാരണം അമ്മയുടെ ഡോക്ടറാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ കോടതി ഇടപെടല്‍. എവി ട്ൂംബ്‌സിന് അവള്‍ ആവശ്യപ്പെട്ട തുക നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി വിധിച്ചു. അമ്മയുടെ ഗര്‍ഭകാലത്തെ ഡോക്ടര്‍ ഫിലിപ്പ് മിച്ചലിനെതിരെയാണ് ഇരുപതുകാരിയായ എവി കേസ് കൊടുത്തത്.

ഡോക്ടര്‍ കുട്ടിക്ക് ഉണ്ടാകാനിടയുള്ള വൈകല്യത്തെക്കുറിച്ച് മുന്‍കൂട്ടി അറിയിച്ചില്ലെന്നും അറിയിച്ചിരുന്നുവെങ്കില്‍ അമ്മ ഗര്‍ഭധാരണം ഒഴിവാക്കുമായിരുന്നുവെന്നും എവി പരാതിയില്‍ ആരോപിച്ചു. ജനനം മുതല്‍ രോഗാവസ്ഥയിലായിരിക്കുന്ന തന്റെ ചികിത്സാച്ചിലവുകള്‍ക്കായി വന്‍ തുകയാണ് ചെലവഴിക്കുന്നതെന്നും ഡോക്ടര്‍ അമ്മയോട് ഫോളിക് സപ്ലിമെന്റുകള്‍ കഴിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കില്‍ തനിക്ക് സ്‌പൈനല്‍ കോഡിന് തകരാര്‍ ഉണ്ടാകുമായിരുന്നില്ലെന്നും എവി ആരോപിച്ചു.

ബുധനാഴ്ച ലണ്ടന്‍ ഹൈക്കോടതിയുടെ സുപ്രധാന വിധിയില്‍ ജഡ്ജി റോസലിന്‍ഡ് കോ ക്യുസി എവിയുടെ കേസിനെ പിന്തുണച്ചതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എവിയുടെ അമ്മയ്ക്ക് ‘ശരിയായ ശുപാര്‍ശിത ഉപദേശം നല്‍കിയിരുന്നെങ്കില്‍, അവള്‍ ഗര്‍ഭധാരണത്തിനുള്ള ശ്രമങ്ങള്‍ വൈകിപ്പിക്കുമായിരുന്നു’ എന്ന് ജഡ്ജി വിധിച്ചു.

എവി ടൂംബ്‌സിന് ഒരു വലിയ തുക നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള അവകാശമുണ്ടെന്ന് കോടതി വിധിച്ചു. കൃത്യമായ തുക കണക്കാക്കിയിട്ടില്ലെന്നും എന്നാല്‍ അവളുടെ ആജീവനാന്ത പരിചരണ ആവശ്യങ്ങള്‍ക്കുള്ള ചെലവ് വഹിക്കേണ്ടിവരുമെന്നതിനാല്‍ ഇത് ഒരു വലിയ സംഖ്യയായിരിക്കുമെന്നും എവിയുടെ അഭിഭാഷകര്‍ പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here