കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. മോന്‍സന്‍ മാവുങ്കലിന്റെ ഡ്രൈവര്‍ അജി പൊലീസ് പീഡനത്തിനെതിരെ നല്‍കിയ കേസ് തീര്‍പ്പാക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ ഹൈക്കോടതി രൂക്ഷ വിമര്‍ശനത്തോടെ തളളി. സര്‍ക്കാരിന്റെ ഉപഹര്‍ജി നിയമപരമല്ലെന്നും നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍, സര്‍ക്കാരിനും പൊലീസിനും എതിരെ കടുത്ത ഭാഷയിലാണ് വിമര്‍ശനമുന്നയിച്ചത്.

ഇത്തരമൊരു ആവശ്യവുമായി വന്നതിന് എഡിജിപി ശ്രീജിത്തിന് പിഴയോടെ ഹര്‍ജി തളളുകയാണ് വേണ്ടതെന്നും എന്നാല്‍ അതിന്റെ പ്രത്യാാതം ഓര്‍ത്ത് തുനിയുന്നില്ലെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കണ്ണില്‍ കണ്ടതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഈ കേസില്‍ ഉണ്ടോയെന്ന് സംശയിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോന്‍സന്റെ ഡ്രൈവര്‍ അജി, പൊലീസ് പീഡനത്തിനെതിരെ നല്‍കിയ കേസ് തീര്‍പ്പാക്കണമെന്ന് കോടതിയോട് ആജ്ഞാപിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു കേസ് തീര്‍പ്പാക്കണമെന്ന് ആജ്ഞാപിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവാദമില്ല. അതിന് ഉദ്യോഗസ്ഥനെ അനുവദിച്ചാല്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടിലാകുമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

പൊലീസ് പീഡനത്തിനെതിരെ നല്‍കിയ കേസ് തീര്‍പ്പാക്കണമെന്ന സര്‍ക്കാര്‍ അപേക്ഷ പരിഗണിക്കവേ നാടകീയ രംഗങ്ങളാണ് കോടതിയിലുണ്ടായത്. പൊലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന കേസ് തീര്‍പ്പാക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. എന്നാല്‍ ഹര്‍ജി തീര്‍പ്പാക്കാന്‍ ആവശ്യപ്പെടുന്നതിന് നിയമപരമായി തടസമില്ലെന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിലപാട്. തുടര്‍ന്ന് അജിയുടെ ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിക്കണം എന്ന ആവശ്യവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു.

എന്നാല്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കോടതി സമ്മതിക്കുന്നില്ലെന്നായിരുന്നു സര്‍ക്കാരിന് വേണ്ടി ഡിജിപിയുടെ മറുപടി. ഒരു കാര്യം അവതരിപ്പിക്കുമ്പോള്‍ കോടതി മറ്റൊരു ചോദ്യം ചോദിക്കുകയാണെന്നും ഇത് ബുദ്ധിമുട്ടിക്കുന്നുവെന്നും സര്‍ക്കാര്‍ ഒരു കാര്യം പറയുമ്പോള്‍ അത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.

ഇതോടെ കേസ് പരിഗണിച്ച ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചു. ആരോപണം ഉന്നയിക്കുന്നത് കോടതിക്ക് എതിരെ ആണെന്ന് ഓര്‍ക്കണമെന്നും കണ്ണ് കെട്ടി വായ് മൂടി ഇരിക്കാനാണോ ആവശ്യപ്പെടുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. മോന്‍സനെ രക്ഷിക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി ആരാഞ്ഞു. ”ഒരു ഹര്‍ജി തീര്‍പ്പാക്കണമെന്ന് കോടതിയോട് ആജ്ഞാപിക്കാന്‍ ആര്‍ക്കും അധികാരമില്ല. കോടതിയോട് ആജ്ഞാപിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥനെ അനുവദിച്ചാല്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടിലാകുമെന്നും ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here