ഒരു സംഭവ കഥ

 
 

(കഴിഞ്ഞ ദിവസം സ്റ്റാറ്റൻ ഐലൻഡിൽ നിര്യാതനായ തോമസ് വർഗീസ് 1990 കളിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനമാണിത് . അമേരിക്കയിൽ കുടിയേറുന്നതിനു മുൻപ് ഡൽഹിയിൽ പോലീസ് സബ് ഇൻസ്‌പെക്ടർ ആയിരുന്നു  അദ്ദേഹം. ഇന്ത്യൻ ജനതിപത്യത്തിന്റെ ശ്രീകോവിൽ എന്നറിയപ്പെടുന്ന ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിന്റെ സുരക്ഷാ വിഭാഗത്തിൽ 5 വർഷക്കാലം അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ഈ തലമുറയിൽ അദ്ദേഹത്തെ അറിയാത്തവർക്കായി ഈ ലേഖനം പുനർപ്രസിദ്ധീകരിക്കുന്നു.

ഏറെ ഹൃദയ സ്പർശിയായ ഈ ലേഖനം അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണെങ്കിലും നല്ല മനഃസാക്ഷിയുടെ ഉറവ ഈ എഴുത്തിൽ പ്രതിധ്വനിക്കുന്നു. ക്രിസ്തുവിനെ അറിയുന്ന ഒരു ഒരാൾക്ക് ഈ ലേഖനത്തിലെ നിരപരാധിയായ മൈക്കിളിനെ തിരിച്ചറിയാൻ കഴിയുമെന്ന് ലേഖനം വായിക്കുമ്പോൾ അറിയാം. ജീവിച്ചിരുന്നപ്പോൾ ഈ ലേഖകനെ പരിചയപ്പെടാൻ കഴിയാത്തതിലെ വ്യസനം രേഖപ്പെടുത്തുന്നതിനൊപ്പം ഇത് പുനർപ്രസിദ്ധീകരിക്കാൻ ആഗ്രഹിച്ച് ആവശ്യപ്പെട്ട കേരള കാത്തലിക്ക് അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് സ്‌ഥാപിക്കുന്നതിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച ഫൊക്കാന വൈസ് പ്രസിഡണ്ട് തോമസ് തോമസിനെ നന്ദിയോടെ സ്മരിക്കുന്നു. അകാലത്തിൽ പൊലിഞ്ഞ  തോമസ് വർഗീസിന് കേരള ടൈംസിന്റെ ആദരാജ്ഞലികൾ! –ചീഫ് എഡിറ്റർ)

 
 
 
 
1974 ഡിസംബര്‍ മാസം. ശീതകാലത്തെ മരംകോച്ചുന്ന തണുപ്പില്‍ ഡല്‍ഹി നഗരം ശാന്തമായുറങ്ങുന്നു. ന്യൂഡല്‍ഹിയിലെ തിലക്മാഗ് പോലീസ് സ്‌റ്റേഷനില്‍ പതിവു പോലെ എന്റെ നൈറ്റ് ഡ്യൂട്ടി. ഫാ. വടക്കന്‍ ഒരിക്കല്‍ പറയുകയുണ്ടായി, ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ പിതാവേ അങ്ങയുടെ രാജ്യം വരണമേയെന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ക്യൂബയിലെ കാസ്‌റോയും അമേരിക്കന്‍ സാമ്രാജ്യവാദികളും റഷ്യന്‍ നിരീശ്വരവാദികളുമെല്ലാം അതില്‍ ഉള്‍ക്കൊള്ളണമെന്ന്. ഏതാണ്ടിതു പോലെ, സ്‌റ്റേഷന്‍ ഏരിയയിലെ കള്ളനും കൊള്ളക്കാരനും മന്ത്രിക്കും അംബാസിഡറിനും എല്ലാം സുഖനിദ്ര നേര്‍ന്നുകൊണ്ട് ഞാനും കിടപ്പുമുറിയിലേക്ക് പോയി. വെളുപ്പിന് അഞ്ച് മണിയോടെ ഡല്‍ഹി പോലീസ് ഐജി പിആര്‍ രാജഗോപാലിന്റെ ഫോണ്‍, അദ്ദേഹത്തിന്റെ സുഹൃത്ത് പികെ ബാബുവിന്റെ കഴ്‌സണ്‍ റോഡിലുള്ള പന്ത്രണ്ടാം നമ്പര്‍ കോട്ടിയില്‍ മോഷണം നടന്നു. വേഗം സ്ഥലത്തെത്തുക.

വയറ്റിപ്പിഴപ്പിന്റെ പ്രശ്‌നമല്ലേ, എത്താതിരിക്കാന്‍ പറ്റുമോ. ഗാഢനിദ്രയിലായിരുന്ന ഡ്രൈവര്‍ പ്രേംസിംഗിനെ വിളിച്ചുണര്‍ത്തി സ്ഥലത്തെത്തി. അതിനു മുന്‍പ് തന്നെ ഡിവൈഎസ്പി മുതല്‍ പോലീസ് നായ വരെ സ്ഥലത്തെത്തിയിരുന്നു. ബാബു ആകട്ടെ ഇന്ത്യന്‍ ധനകാര്യ വകുപ്പിന്റെ ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍. അദ്ദേഹത്തിന്റെ ഭാര്യ അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന മേത്തയുടെ മകള്‍. പോലീസിന് തലവേദന ഉളവാക്കുന്ന കേസാണ് എന്നെനിക്ക് തോന്നി. നാല്‍ക്കവലകളില്‍ നിന്ന് പ്രസംഗിക്കുന്ന ഉപദേശിയുടെ ആവേശത്തോടെ ദമ്പതിമാര്‍ സംഭവവിവരണം നടത്തി. മോഷണ വസ്തുവോ കേവലം ആയിരത്തൊന്നു രൂപയും രണ്ട് സ്വര്‍ണ്ണ മോതിരവും. ഞാന്‍ ബാബുവിന്റെ മൊഴിയെടുത്ത് എഫ്‌ഐആര്‍ തയ്യാറാക്കി. കേസ് രജിസ്റ്റര്‍ ചെയ്തു. ക്രൈം ടീം അവരുടെ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി എന്നെ ഏല്‍പ്പിച്ച് മടങ്ങി. ബാബുവിന് രണ്ട് വേലക്കാരാണ്. പതിനാറുകാരനായ അനിലും ഇരുപത്തഞ്ചുകാരനായ മൈക്കിളും.

വീടുമോഷണങ്ങളില്‍ സുപ്രധാന പങ്കുവഹിക്കുന്നത് വേലക്കാരായതിനാല്‍ ബാബുവിന്റെ നിര്‍ദ്ദേശം വേലക്കാരെ ചോദ്യം ചെയ്യാനായിരുന്നു. വേലക്കാരെ സ്‌റ്റേഷനിലേത്തിച്ചു. ഒരു ഡോസ് ദശമൂലാരിഷ്ടം നല്‍കിയപ്പോള്‍ അനില്‍ സത്യം പറഞ്ഞു. താനും മൈക്കിളും കൂടിയാണ് മോഷണം നടത്തിയതെന്നും മോഷണ വസ്തുക്കള്‍ കഴ്‌സണ്‍ റോഡിലുള്ള 11ാം നമ്പര്‍ കോട്ടിയിലെ അശോകിനെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും. എന്നാല്‍ മൈക്കിള്‍ താന്‍ നിരപരാധിയാണെന്ന് പറഞ്ഞു. ഞങ്ങള്‍ ഉടന്‍തന്നെ കഴ്‌സണ്‍റോഡിലുള്ള കോട്ടിയിലെത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഭൂപേഷ് ഗുപ്തയുടെട വീടായിരുന്നു അത്. വെളുപ്പിന് പുറത്ത് പോയ അശോക് മടങ്ങിയെത്താത്തതില്‍ സംശയം തോന്നിയ ഗുപ്ത പോലീസിനെ വിളിക്കാന്‍ തിടുക്കം കൂട്ടി.

അന്വേഷണത്തില്‍ അശോക് യുപിയിലെ അജംഗട്ട്കാരനാണെന്നറിഞ്ഞു. ഞങ്ങള്‍ ഡല്‍ഹി റെയില്‍വേസ്റ്റേഷനിലെത്തി. ട്രെയിന്‍ പോയതിനാല്‍ തിരിച്ച് സ്‌റ്റേഷനിലെത്തി എസ്‌ഐ ദീപ്ചന്ദിനോട് വിവരമെല്ലാം പറഞ്ഞു. മൈക്കിള്‍ കുറ്റം സമ്മതിക്കുന്നില്ലെന്നും അനില്‍ ഒരു പിന്‍ബലത്തിന് മൈക്കിളിനെക്കൂടെ കൂട്ടുന്നതാകാമെന്നുമുള്ള എന്റെ സംശയത്തെ എസ്‌ഐ നിരസിച്ചു. അവനെ റൂമിലേക്ക് കൊണ്ടുവരാന്‍ പറഞ്ഞു. കൊണ്ടുവന്നപ്പോള്‍ അങ്ങേര്‍ കണ്ണില്‍ക്കൂടെ പൊന്നീച്ച പറക്കുന്ന അടി കൊടുത്തു. മര്‍ദ്ദനം തുടരുമ്പോള്‍ മൈക്കിള്‍ ഒരേ വാചകം തന്നെ ആവര്‍ത്തിച്ചു. ഓ മേരി ജീസസ് ആപ്‌ സഛാ ഹെ(എന്റെ ക്രിസ്തു അങ്ങ സത്യസന്ധനാണ്). പിന്നീട് എസ്‌ഐ എന്നോട് അവനെ കൊണ്ടുപോയി ചതയ്ക്കാന്‍ പറഞ്ഞു.

പക്ഷേ ഞാനവനെ ആ രാത്രി സ്‌പെഷ്യല്‍ റൂമില്‍ അനിലിനൊപ്പം കീപ് ചെയ്തു. പിറ്റേ ദിവസം രാവിലെ പത്ത് മണിക്ക് ഞാന്‍ ഡിസ്ട്രിക്റ്റ്് ജഡ്ജ് എസ്‌കെ ശര്‍മ്മയുടെ കോടതിയില്‍ ഹാജരായി പ്രതി അശോകിനെതിരെ അറസ്റ്റ് വാറന്റെടുത്തു. ഹെഡ് കോണ്‍സ്റ്റബിള്‍ ഭരത്സിംഗിനെ അജംഗട്ടിലേക്കയച്ച് തിരിച്ച് സ്‌റ്റേഷനിലെത്തി അനിലിനേയും മൈക്കിളിനേയും കൂടുതല്‍ ചോദ്യം ചെയ്തു. രണ്ടുപേരുടേയും മൊഴികളില്‍ യാതൊരു മാറ്റവുമില്ല. പിന്നീട് സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന എഎന്‍ റായുടെ കാറിന് നേരെ ബോംബെറിഞ്ഞ കേസിന്റെ അന്വേഷണത്തിന് പോയിരുന്ന എസ്‌ഐ ദീപ്ചന്ദ് മടങ്ങിയെത്തി. എന്നോട് പ്രതി മൈക്കിള്‍ കുറ്റ സമ്മതം നടത്തിയോ എന്ന് ചോദിച്ചു. ഇല്ല എന്ന മറുപടി അങ്ങേരെ ദേഷ്യം പിടിപ്പിച്ചു.

‘ഇത് പോലീസ് സ്‌റ്റേഷനാണ് ഇവിടെ ആരും അതിഥികളല്ല, നീ ക്രിസ്ത്യാനിയായതുകൊണ്ട് അവനെ പ്രൊട്ടക്ട് ചെയ്യാന്‍ നോക്കുകയാണെന്നും എന്നോട് പറഞ്ഞു. അവനെ റൂമിലേക്ക് കൊണ്ടുവരാനും പറഞ്ഞു. ഞാനങ്ങനെ ചെയ്തു. മൈക്കിളലിന്റെ കൈകാലുകള്‍ വരിഞ്ഞുകെട്ടി മുട്ടുകള്‍ക്കിടയിലൂടെ നീളമുള്ള ലാത്തി കടത്തി ലാത്തിയുടെ രണ്ടറ്റവും രണ്ട് കസേരയുടെ പടികളില്‍ ഘടിപ്പിച്ച് ലാത്തിയില്‍ തൂങ്ങിക്കിടക്കുന്ന പ്രതിയുടെ പാദത്തില്‍ റബ്ബര്‍പട്ടകൊണ്ട് അടിച്ച് ചോദ്യം ചെയ്തു. അരമണിക്കൂറോളം ഇങ്ങനെ ചെയ്തു. ദീനരോദനത്തിനിടയിലും അവന്‍ പഴയ വാചകം  തന്നെ ആവര്‍ത്തിച്ചു.

ആ സമയം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വീടിനു നേരെ ജനസംഘ് പാര്‍ട്ടിയുടെ ജാഥ നീങ്ങുന്നതായി വയര്‍ലെന്‍സ് സന്ദേശം ലഭിച്ചപ്പോള്‍ ഇവന്റെ എല്ലൊടിക്കുക എന്നെന്നോട് പറഞ്ഞിട്ട് എസ്‌ഐ ദീപ്ചന്ദ് അവിടെ നിന്നും പോയി. ഈ അവസരം നോക്കി ഞാന്‍ മൈക്കിളിനെ കസേരയില്‍ നിന്നിറക്കി കെട്ടുകളഴിച്ച് മുറിയില്‍ കൊണ്ടുപോയി സത്യം പറയൂ അശോക് അനിലിന്റെ മൊഴി ശരിവെച്ചാല്‍ നീ കൂടുതല്‍ പീഡനം അനുഭവിക്കേണ്ടി വരും എന്നവനോട് പറഞ്ഞു. അവന്‍ അല്‍പനേരം പ്രാര്‍ത്ഥിച്ചിട്ട് സാഹിബ് എനിക്ക് 24 മണിക്കൂര്‍ സമയം തരൂ. അതിനുള്ളില്‍ പ്രതിയുമായി അവര്‍ മടങ്ങി വരും. എന്റെ ക്രിസ്തു എന്നെ രക്ഷിക്കും എന്നു പറഞ്ഞു. അപ്പോള്‍ സമയം 5 മണിയായിരുന്നു.

അടുത്ത ദിവസം രാവിലെ പ്രതികളെ അറസ്റ്റ് ചെയ്ത് സെല്‍ട്രല്‍ ജയിലിലേക്ക് അയക്കാന്‍ എസ്‌ഐ നിര്‍ദ്ദേശം നല്‍കി. സാധാരണ ക്രൈം റിവ്യൂ മീറ്റിംഗ് അറ്റന്‍ഡ് ചെയ്യാന്‍ പോകുന്ന എസ്‌ഐ വൈകുന്നേരം 5 മണിക്കേ മടങ്ങിയെത്താറുള്ളൂ. അതിനാല്‍ ഞാന്‍ മൈക്കിളിനോട് നിനക്ക് നാലേമുക്കാല്‍ വരെ സമയം തരാം. അതിനുളളില്‍ നിരപരാധിത്വം തെളിയിച്ചാല്‍ നിന്റെ ഭാഗ്യമെന്ന് പറഞ്ഞു.

പിന്നെ നടന്നത് സിനിമാരംഗം പോലെയായിരുന്നു. എസ്‌ഐയുടെ ജീപ്പ് ദൂരെനിന്ന് വരുന്നത് കണ്ടു. എതിര്‍വശത്ത് നിന്ന് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ബസ് വരുന്നു. ഞാന്‍ ഉടന്‍ തന്നെ മൈക്കിളിന്റെ കയ്യില്‍ വിലങ്ങ് വെക്കുന്നു. ബസില്‍ നിന്നും പ്രതി അശോകുമായി ഹെഡ് കോണ്‍സ്റ്റബിള്‍ പുറത്തിറങ്ങുമ്പോള്‍ വിളിച്ചു പറയുന്നു. അവനെ അറസ്റ്റ് ചെയ്യേണ്ട അവന്‍ നിരപരാധിയാണ്. മൈക്കിള്‍ വികാരഭരിതനായി പഴയ വാചകം വീണ്ടുമാവര്‍ത്തിച്ചു. എന്റെ ക്രിസ്തു സത്യസന്ധനാണ്. എസ്‌ഐ ആകട്ടെ തെറ്റു പറ്റി എന്ന പറഞ്ഞ് തല കുനിച്ച ശേഷം അകത്തേക്ക് പോയി.

ഞാന്‍ ഉടന്‍ തന്നെ ബാബുവിനെ വിളിച്ച് വിവരം പറഞ്ഞു. ഉടന്‍ തന്നെ സ്റ്റേഷനിലെത്തിയ ക്ലാസ് വണ്‍ ഗസറ്റഡ് ഓഫീസറായ ബാബു വേലക്കാരനായ മൈക്കിളിനെ കെട്ടിപ്പിടിച്ച് മാപ്പു ചോദിച്ച രംഗം തികച്ചും അവിശ്വസനീയമായി തോന്നി. കോടതിയും പോലീസുമെല്ലാം പാവപ്പെട്ടവനെതിരെയുള്ള മര്‍ദ്ദനോപാധിയാണ് എന്നായിരുന്നു മൈക്കിളപ്പോള്‍ പറഞ്ഞത്. ജോലിയില്‍ തുടരാന്‍ ബാബു പലതവണ അഭ്യര്‍ത്ഥിച്ചിട്ടും മൈക്കിള്‍ അത് നിരസിച്ച് ജോലി ഉപേക്ഷിച്ച് പോയി.

രത്‌നച്ചുരുക്കം:

ജീവിതത്തില്‍ കൈപ്പു നിറഞ്ഞ അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍, സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളെ നേരിടുമ്പോള്‍ മൈക്കിളിനെപ്പോലെ ദൃഢനിശ്ചയത്തോടെ ധാര്‍മ്മിക മൂല്യങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച് അങ്ങ് ഗലീലിയാക്കടലിന്റെ തീരത്ത് സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും സുവിശേഷം പ്രസംഗിച്ച ക്രിസ്തുവിനെ മനസ്സില്‍ കണ്ട് അവയെ തരണം ചെയ്യുക.

സ്‌നേഹപൂര്‍വ്വം തോമസ് വര്‍ഗ്ഗീസ്

LEAVE A REPLY

Please enter your comment!
Please enter your name here